- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവ്വീസ് പ്രതിസന്ധിയിൽ
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത സ്വകാര്യ ബസുകൾ യാത്രക്കാരുമായി തമിഴ്‌നാട്ടിലൂടെ ഓടുന്നതിനെതിരേ തമിഴ്‌നാട് മോട്ടോർവാഹന വകുപ്പ് പരിശോധന കർശനമാക്കുമ്പോൾ വലയുന്നത് മലയാളികൾ. കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിൽ തമിഴ്‌നാട് പരിശോധന നടത്തുകയാണ്. ഇതോടെ കേരളത്തിൽ നിന്നുള്ള ബസുകൾക്ക് ബംഗ്ലൂരുവിലേക്ക് തമിഴ്‌നാട് ഒഴിവാക്കി യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകായണ്. തമിഴ്‌നാട് രജിസ്‌ട്രേഷൻ ഇല്ലാത്ത വാഹനങ്ങൾ പൊതുഗതാഗതത്തിനു സമാനമായി ഒരിടത്തുനിന്ന് ആളെ കയറ്റി മറ്റൊരിടത്ത് ഇറക്കുന്നതിനെയാണ് തമിഴ്‌നാട് ചോദ്യം ചെയ്യുന്നത്.
ബുധനാഴ്ച രാത്രി ബെംഗളൂരുവിലേക്കു പോയ തമിഴ്‌നാട് ബസുകൾ നാഗർകോവിൽ വടശ്ശേരി ബസ്സ്റ്റാൻഡിൽ തമിഴ്‌നാട് മോട്ടോർവാഹന വകുപ്പ് അധികൃതർ തടഞ്ഞിരുന്നു. യാത്രക്കാർ ഇതോടെ പെരുവഴിയിലായി. കൂടുതൽ സംഘത്തെ വ്യാഴാഴ്ച പരിശോധനയ്ക്കു നിയോഗിച്ചു. തമിഴ്‌നാട് രജിസ്‌ട്രേഷനില്ലാത്ത ബസുകൾ യാത്രക്കാരെ കയറ്റി തമിഴ്‌നാട്ടിലൂടെ ഓടുന്നത് അനുവദിക്കില്ലെന്നതാണ് അവരുടെ നിലപാട്. കേരളത്തിൽനിന്ന് സ്വകാര്യ ബസുകളിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് തമിഴ്‌നാടിന്റെ നടപടി തിരിച്ചടിയായി.
കഴിഞ്ഞ 13-നാണ് മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ബസുകൾ സംസ്ഥാനത്ത് ഓടുന്നതിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്. വിനോദസഞ്ചാരം, വിവാഹം, കുടുംബയാത്ര എന്നിവയ്ക്ക് യാത്രക്കാരുടെ വിവരം സൂക്ഷിച്ച് സർവീസ് നടത്താം. പൊതുഗതാഗതത്തിനു സമാനമായി ഒരിടത്തുനിന്ന് ആളെ കയറ്റി മറ്റൊരിടത്ത് ഇറക്കുന്നതിനെതിരെ ഉത്തരവും ഇറക്കി. നിരവധി ബസുകളുള്ള തമിഴ്‌നാട് എക്സ്‌പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ കൂടുതൽ ലാഭത്തിലാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. സംസ്ഥാനത്തിനു ലഭിക്കേണ്ട വാഹനനികുതി മറ്റു സംസ്ഥാനങ്ങൾക്കു പോകുന്നതും തീരുമാനത്തിനു കാരണമാണ്.
ബസ് ഓപ്പറേറ്റർമാരുടെ ആവശ്യപ്രകാരം 18 വരെ നിയമം നടപ്പാക്കാൻ സമയപരിധി നൽകിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ട്രാൻസ്പോർട്ട് വകുപ്പ് ബസ് ഉടമകളെ ആവർത്തിച്ച് അറിയിച്ചിരുന്നു. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ദീർഘദൂര സർവീസുകളെ ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ യാത്രകൾക്ക് കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും ചെയ്യില്ലെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിലപാട്.
സ്വകാര്യ ബസുകളിൽ ഭൂരിഭാഗത്തിനും ഇപ്പോൾ നാഗാലാണ്ട് രജിസ്ട്രേഷനാണ്. അവിടെ നികുതി കുറവായതു കൊണ്ടാണ് ആ വിലാസത്തിൽ ബസുകൾ രജിസ്റ്റർ ചെയ്യുന്നത്. നഗാലാണ്ട് രജിസ്ട്രേഷൻ വാഹനങ്ങൾ ഓടുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും കർണ്ണാകടയിലും. ഇതു മൂലം തമിഴ്‌നാടിന് വൻ നികുതി നഷ്ടം ഉണ്ടാകുന്നുവെന്നാണ് അവരുടെ വിലയിരുത്തൽ. മുമ്പ് പോണ്ടിച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾക്കെതിരെ കേരളം നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് സമാനമായി നാഗാലാണ്ട് വാഹനങ്ങൾക്കെതിരേയും പരിശോധനയും നടപടിയും കർക്കശമാക്കുകയാണ് തമിഴ്‌നാട്.
നാഗാലാണ്ടിൽ രജിസ്റ്റർ ചെയ്ത ബസുകൾ കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് തമിഴ്‌നാട് വഴി പോകേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. നാഗർകോവിൽ വടശ്ശേരി ബസ് സ്റ്റാൻഡിൽ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പോയ നാല് ബസുകൾ പിടിച്ചിട്ടതു കാരണം യാത്രക്കാർ പെരുവഴിയിലായി. ബെംഗളൂരുവിലേക്കു പോയ വിദ്യാർത്ഥികളാണ് യാത്രക്കാരിൽ അധികവും. കെ.എസ്.ആർ.ടി.സി.യിൽനിന്നു വ്യത്യസ്തമായി തമിഴ്‌നാട് കോർപ്പറേഷനു ദീർഘദൂര ബസുകൾ കൂടുതലുണ്ട്. ഇതു കൊണ്ടാണ് തമിഴ്‌നാട് പരിശോധന കടുപ്പിക്കുന്നത്.
കേരളവും നടപടികളിലേക്ക് കടന്നാൽ ബംഗ്ലൂരുവിലേക്കുള്ള സ്വകാര്യ ബസ് യാത്രകളെല്ലാം പ്രതിസന്ധിയിലാകും. തമിഴ്‌നാട് പരിശോധന കർശനമാക്കിയപ്പോൾ ബംഗ്ലൂരുവിൽ നിന്നും മൈസൂരു വഴി വയനാട് വഴി കോഴിക്കോട് എത്തുകയാണ് നാഗാലാൻഡ് ബസുകൾ. കോഴിക്കോട് വഴി കേരളത്തിലെ മറ്റിടങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. ഇതുകാരണം തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രാ സമയം ഇരട്ടിയിൽ അധികം കൂടും. വാഹനങ്ങൾ കൂടുന്നത് കാരണം വയനാട് ചുരത്തിൽ അടക്കം ഗതാഗത കുരുക്കും രൂക്ഷമാകാൻ സാധ്യതയുണ്ട്.