തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. 60 വയസുള്ള സ്ത്രീയാണ് മരിച്ചത്. വിനോദയാത്രാ സംഘത്തെയും കൊണ്ട് പോയ ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലിലേക്ക് മാറ്റുകയാണ്. ബസില്‍ അമ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.




നിയന്ത്രണംവിട്ടാണ് ബസ് മറിഞ്ഞത്. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം. ഇരിഞ്ചയത്തിന് സമീപം ആണ് സംഭവം നടന്നത്.


കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് ടൂര്‍ പോയവരാണ് അപകടത്തില്‍പെട്ടത്. 49 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ബസ് ഉയര്‍ത്താനുള്ള ശ്രമം നടക്കുകയാണെന്നും ബസിനടിയില്‍ ആരെങ്കിലുമുണ്ടോയെന്ന് സംശയമുണ്ടെന്നും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്.


മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.