കോഴിക്കോട്: കോഴിക്കോടിനെ ഞെട്ടിച്ച് ബസ് തട്ടിയെടുക്കൽ. കാരണം അറിയാതെ പരക്കം പാഞ്ഞ പൊലീസ് വണ്ടി തടഞ്ഞപ്പോൾ അറിഞ്ഞത് പ്രതീക്ഷിക്കാത്ത മറ്റൊരു കഥയും. സിനിമയെ വെല്ലും ബസ് ചെയ്‌സിംഗാണ് കോഴിക്കോട് ഇന്നലെ രാത്രിയിൽ സംഭവിച്ചത്.

ബസ് തട്ടിക്കൊണ്ടു പോയി എന്ന സന്ദശം പൊലീസ് വയർലെസ് സെറ്റുകളിൽലൂടെ കൈമാറി. നഗരത്തിൽ പൊലീസ് ജാഗ്രതയിലായി. യാത്രക്കാരില്ലാത്ത, നഗരത്തിലൂടെ ചീറിപ്പായുന്ന സ്വകാര്യ ബസാണ് ഭീതിയുണ്ടാക്കി. പൊലീസും പിന്നാലെ കൂടി. കാൽനട യാത്രക്കാരും വാഹനങ്ങളും തിങ്ങി നിറഞ്ഞിട്ടും പൊലീസ് അതിസാഹസികമായി ബസിനു പിറകേ പാഞ്ഞു. ബസ് സ്റ്റാൻഡിൽ നിന്നു യാത്ര പുറപ്പെടാൻ നിർത്തിയ സ്വകാര്യ ബസ് കടത്തിക്കൊണ്ടു പോയതാണ് ആശങ്കയായത്. പിന്നീട് പൊലീസ് ബസ് തടഞ്ഞു.

ജംക്ഷനുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ കൈ കാണിച്ചിട്ടും ബസ് നിർത്തുന്നില്ല. അപകടം തിരിച്ചറിഞ്ഞ വാഹനങ്ങളും കാൽനട യാത്രക്കാരും റോഡിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറി. 22 മിനിറ്റിനകം ബസ് അഞ്ചര കിലോമീറ്റർ പിന്നിട്ടു. വണ്ടിപ്പേട്ടയിൽ നിന്നു അതിസാഹസികമായാണ് പൊലീസ് ബസ് പിടികൂടിയത്.

പിടിയിലായ ബസ് ഡ്രൈവർ മനോദൗർബല്യമുള്ള ആളെന്ന് തിരിച്ചറിഞ്ഞപ്പോൾ പൊലീസും ഞെട്ടി. തിരക്കുള്ള നഗരത്തിലൂടെ വൻ അപകട സാധ്യത ഉണ്ടായിട്ടും ബസ് അപകടമൊന്നും ഉണ്ടാക്കിയില്ല. ഒരാൾക്കും ഒരു പോറലും ഏൽക്കാതെ, മറ്റു വാഹനങ്ങൾക്ക് അപകടം വരുത്താതെയാണ് ഡ്രൈവർ കുതിച്ചു പാഞ്ഞത്. അത്രയും നിയന്ത്രണം ബസിൽ അയാൾക്കുണ്ടായിരുന്നു.

വൈകിട്ട് 6 ന് മൊഫ്യൂസിൽ സ്റ്റാൻഡിൽ കണ്ണൂരിലേക്ക് പോകുന്നതിന് ട്രാക്കിൽ നിർത്തിയ 'ചക്രവർത്തി' ബസ് ജീവനക്കാർ ചായ കുടിക്കാൻ പോയ നേരം ഡ്രൈവർ ബസ് ഓടിച്ചു പോകുകയായിരുന്നു. പിടിയിലായ മാഹി സ്വദേശി പ്രവീണിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബസ് ജീവനക്കാർ എത്തി പരാതി ഇല്ലെന്ന് അറിയിച്ചതിൽ ബസ് പൊലീസ് വിട്ടുകൊടുത്തു.