- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജിവെക്കാൻ നിർബന്ധിച്ചു, ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണി മുഴക്കി; ഇതിനൊരു പരിഹാരമായില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും; വേറൊരു വഴിയും മുന്നിലില്ല: പൊട്ടിക്കരഞ്ഞു കൊണ്ട് ദുരിത ജീവിതം പറഞ്ഞ് ബൈജൂസ് ആപ്പ് ജീവനക്കാരി; സൈബറിടത്തിലെ വീഡിയോ വിരൽചൂണ്ടുന്നത് ബൈജൂസ് പ്രതിസന്ധിയുടെ ആഴം
ബംഗളുരു: മലയാളിയായ ബൈജു രവീന്ദ്രൻ തുടങ്ങിയ ബൈജൂസ് ആപ്പ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്ഥാപനം വ്യാപകമായി ജീവനക്കാരെ പിരിച്ചു വിടുന്ന നടപടികളിലേക്കും കടന്നിട്ടുണ്ട്. ബംഗളുരുവിലെ ഓഫീസുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇതിനിടെയാണ് ബൈജൂസിലെ പ്രതിസന്ധി വ്യക്തമാക്കുന്ന ഒരു വീഡിയോ കൂടി പുറത്തുവന്നു.
ദുരിത ജീവിതം വിവരിക്കുന്ന ബൈജൂസ് ആപ്പ് ജീവനക്കാരിയുടെ വീഡിയോയാണ് സൈബറിടങ്ങളിൽ പ്രചരിക്കുന്നത്. ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച വീഡിയോയിലാണ് അകാൻഷ ഖേംക എന്ന യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ പ്രയാസങ്ങൾ വിവരിച്ചത്. തന്നെ രാജിവെക്കാൻ നിർബന്ധിച്ചുവെന്നാണ് യുവതി പറയുന്നത്. അല്ലാത്ത പക്ഷം ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ വീഡിയോയിൽ ആരോപിക്കുന്നു.
തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അക്കാദമിക് സ്പെഷ്യലിസ്റ്റായ അകാൻഷ പറഞ്ഞു. കുടുംബത്തിൽ വരുമാനമുള്ള ഏക വ്യക്തി താനാണെന്നും തനിക്ക് നൽകാനുള്ള ശമ്പളക്കുടിശ്ശിക തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അവർ പറഞ്ഞു. സർക്കാരിൽ നിന്ന് തനിക്ക് പിന്തുണ വേണമെന്നും ആകാൻഷ വിഡിയോയിൽ ആവശ്യപ്പെട്ടു. ഈ നിർണായക സമയത്ത് തനിക്ക് സഹായം ആവശ്യമുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ''ഇതിനൊരു പരിഹാരമായില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. വേറൊരു വഴിയും മുന്നിലില്ല. ഞാൻ രാജിവെച്ച് പോയില്ലെങ്കിൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള എന്റെ ശമ്പളം പിടിച്ചുവയ്ക്കും''-അവർ പറഞ്ഞു.
വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അകാൻഷക്ക് പിന്തുണ അറിയിച്ച് നിരവധി പേർ മുന്നോട്ടു വന്നിട്ടുണ്ട്. പുതിയ ജോലി കണ്ടെത്തുന്നതിനും മറ്റേതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടെങ്കിലും അറിയിക്കാൻ ഒരാൾ വിഡിയോയുടെ താഴെ കമന്റ് ചെയ്തു. പ്രശ്നങ്ങളെല്ലാം വേഗത്തിൽ പരിഹരിക്കാൻ കഴിയട്ടെ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
ജോലിയിലെ മോശം പ്രകടനവും മോശം പെരുമാറ്റവും കാരണം തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണെന്ന് തന്റെ മാനേജർ പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് നൽകിയ യോഗത്തിൽ തന്നോട് പറഞ്ഞതായി അവർ അവകാശപ്പെട്ടു. എന്നാൽ, എച്ച്ആറിനെ സമീപിച്ചപ്പോൾ ഇത് കാരണമല്ല തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതെന്ന് പറഞ്ഞു.
ജൂലൈ 28-ന് മുമ്പായി ജോലിയിൽ നിന്ന് രാജിവെക്കണമെന്നാണ് അവർ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ ഓഗസ്റ്റ് ഒന്നിന് സാലറി ലഭിക്കില്ലെന്നും പറഞ്ഞു. എനിക്ക് 30 മുതൽ 35 ദിവസം വരെ സമയമാണ് വേണ്ടത്. കുടുംബത്തിൽ വരുമാനമുള്ള ഏക വ്യക്തി ഞാനാണ്. എന്റെ ഭർത്താവിന് സുഖമില്ലാത്തയാളാണ്. വായ്പയെടുത്തത് തിരിച്ചടയ്ക്കാനുണ്ട്. അവർ ശമ്പളം തന്നില്ലെങ്കിൽ ഞാൻ എങ്ങനെയാണ് ജീവിക്കുക-വീഡിയോയിൽ അകാൻഷ ചോദിച്ചു.
ബൈജൂസ് ഓഫീസിൽ നിന്നുള്ള മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബൈജൂസിലെ രണ്ട് ജീവനക്കാർ തമ്മിൽ തർക്കിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. തനിക്ക് നൽകാനുള്ള ഇൻസെറ്റീവ്സ് ചോദിച്ച് ഒരു ജീവനക്കാരി മുതിർന്ന ഉദ്യോഗസ്ഥനോട് തർക്കിക്കുന്നതാണ് വിഡിയോയിലുള്ളത്. ബൈജൂസിലെ ടോക്‌സിക് തൊഴിൽ സംസ്‌കാരത്തെക്കുറിച്ച് കഴിഞ്ഞ വർഷം മുതൽ വാർത്തകൾ പുറത്തുവന്നിരുന്നു. കമ്പനിക്കുള്ളിൽ വളരെ മോശമായ തൊഴിൽ സംസ്‌കാരമാണ് നിലനിൽക്കുന്നതെന്ന് ഇവിടത്തെ ജീവനക്കാർ പറയുന്നു.




