- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈജൂസ് ആപ്പ് തരാനുള്ളത് 13 കോടി; ബൈജു രവീന്ദ്രൻ 'ഒളിവിൽ
ബെംഗളൂരു: കടക്കെണിയിൽ നിന്നും രക്ഷതേടാൻ ശ്രമിക്കുന്ന ബൈജൂസിന് കൂടുതൽ കുരുക്കുകൾ. ബൈജൂസിനെതിരെ ബെംഗളുരുവിലെ ദേശീയ കമ്പനി കാര്യ ട്രിബ്യൂണലിനെ സമീപിച്ച് മൊബൈൽ കമ്പനി ഒപ്പോ. ഫോൺ വാങ്ങുമ്പോൾ തന്നെ ബൈജൂസ് ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്ത കരാറിൽ 13 കോടി രൂപ തരാൻ ഉണ്ടെന്ന് ഒപ്പോ വ്യക്തമാക്കി. ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ 'ഒളിവിൽ' ആണെന്നും ബന്ധപ്പെടാൻ ആകുന്നില്ലെന്നും ഒപ്പോയുടെ ഹർജിയിൽ പറയുന്നു.
കേസ് എൻസിഎൽടി ജൂലൈ 3-ലേക്ക് മാറ്റി. ജൂലൈ 3 'ബൈജൂസ് ഡേ' ആയിരിക്കുമെന്ന് എൻസിഎൽടി പറഞ്ഞു. ഈ ദിവസം എൻസിഎൽടിക്ക് മുന്നിൽ മാത്രം 10 ഹർജികൾ ആണ് പരിഗണനയ്ക്ക് വരുന്നത്. ജൂൺ 2-ന് ബൈജൂസിന്റെ കേസിൽ വിധി പറയാൻ കർണാടക ഹൈക്കോടതി അറിയിച്ചു. ബൈജൂസ് ആപ്പിന്റെ ഉള്ളടക്കം കൂടുതൽ കമ്പനികൾ വഴി വിതരണം ചെയ്യുന്നത് തടഞ്ഞ് എൻസിഎൽടി ഉത്തരവ് ഇട്ടിരുന്നു. ഇതിനെ എതിർത്ത് ബൈജു രവീന്ദ്രൻ നൽകിയ ഹർജിയിൽ ആണ് വിധി പറയുക. നിക്ഷേപിച്ചതിന്റെ എട്ട് ശതമാനം വരെ തിരിച്ച് കിട്ടിയ കമ്പനികൾ ഹർജി നൽകിയവരിൽ ഉണ്ടെന്നും സ്റ്റേ നിലനിൽക്കില്ലെന്നും ആണ് ബൈജൂസിന്റെ വാദം.
അതേസമയം. ബൈജൂസിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷണം തുടരുകയാണെന്നും കമ്പനികാര്യ വകുപ്പ് അറിയിച്ചു. തകർച്ചയിലായ എജ്യു-ടെക് സ്ഥാപനമായ ബൈജൂസ് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രതിസന്ധിക്ക് കാരണം മാനേജ്മെന്റിന്റെ പിടിപ്പ് കേടെന്നും കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന തരത്തിൽ വാർത്ത വന്നിരുന്നു. സാമ്പത്തിക വാർത്താ ഏജൻസിയായ ബ്ലൂംബർഗാണ് അന്വേഷണ റിപ്പോർട്ടെന്ന തരത്തിൽ വാർത്ത നൽകിയത്. ഇതാണ് കേന്ദ്ര കമ്പനികാര്യ വകുപ്പ് നിഷേധിക്കുന്നത്.
ബൈജൂസിൽ അന്വേഷണം തുടരുകയാണെന്ന് കമ്പനി കാര്യവകുപ്പ് അറിയിച്ചു. "കുറ്റ വിമുക്തമാക്കിയെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കിയാണ് കമ്പനികാര്യ വകുപ്പിന്റെ പ്രസ്താവന. 2013ലെ കമ്പനീസ് ആക്ട് പ്രകാരം എംസിഎ ആരംഭിച്ച നടപടികൾ ഇപ്പോഴും തുടരുകയാണ്, ഈ ഘട്ടത്തിൽ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്തേണ്ടതില്ലെന്നാണ് വിശദീകരണം. ഇതോടെ ബൈജൂസിന് ഇനിയും അന്വേഷണത്തെ നേരിടേണ്ടി വരും.
നിക്ഷേപകരുടെ പിന്മാറ്റം, പല കോടതികളിലെ കേസുകൾ, വരുമാനം ഏതാണ്ട് നിലച്ച അവസ്ഥ എന്നിങ്ങനെ ആകെ തകർച്ചയിലായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന് നേരിയ ആശ്വാസമായിരുന്നു ബ്ലൂംബർഗ് റിപ്പോർട്ട്. കമ്പനിയുടെ അക്കൗണ്ടുകളും പർച്ചേസുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രസംഘം പരിശോധിച്ചുവെന്നും ഫണ്ട് കടത്തലോ പണം പെരുപ്പിച്ച് കാട്ടലോ ബൈജൂസ് നടത്തിയിട്ടില്ലെന്നും വഴി വിട്ടതോ നിയമവിരുദ്ധമോ ആയ സാമ്പത്തിക ഇടപാടുകളുമില്ലെന്നുമായിരുന്നു വാർത്ത.
കോർപ്പറേറ്റ് മാനേജ്മെന്റ്, കമ്പനിയുടെ ഫണ്ട് കൃത്യമായി കൈകാര്യം ചെയ്യാതിരുന്നതാണ് തകർച്ചയ്ക്ക് കാരണമായതെന്നുമായിരുന്നു വാർത്ത. കൃത്യമായ ഓഡിറ്റിനും ഫണ്ട് കൈകാര്യം ചെയ്യാനും ബൈജൂസ് പ്രൊഫഷണലായ ആളുകളെ നിയമിച്ചില്ല. പല കമ്പനികൾ വാങ്ങിയതും സ്വത്തുക്കൾ സ്വന്തമാക്കിയതും കൃത്യമായി ഡയറക്ടർ ബോർഡിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ടെന്നും റിപ്പോർട്ട് പുറത്തു വന്നു. ഇതെല്ലാം കമ്പനികാര്യ വകുപ്പ് അതിവേഗം തള്ളുകയാണ്.