- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിൽ കുതിച്ചിട്ടും ബൈജൂസ് ആപ്പിന് നഷ്ടങ്ങളുടെ കണക്കുകൾ മാത്രം; എഡ്യുടെക് ഭീമന്മാരുടെ തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടുന്നു; 170 ജീവനക്കാരെ പെരുവഴിയിലാക്കി തീരുമാനം; അനുകൂല്യവും ശമ്പളവും വാങ്ങിനൽകണമെന്ന് തൊഴിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി ടെക്കികൾ
തിരുവനന്തപുരം: എഡ്യുടെക് ആപ്പുകളിൽ മുൻനിരയിലുള്ള ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ഓഫീസ് അടച്ചുപൂട്ടുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ കാർണിവൽ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് അടച്ചുപൂട്ടുന്നത്. ടെക്‌നോപാർക്ക് ടു ഡേ എന്ന് ഫേസ് ബുക്ക് പേജിൽ ടെക്കികളുടെ സാംസ്‌കാരിക സംഘടന പ്രതിധ്വനി പങ്കുവച്ച കുറിപ്പിലൂടെയാണ് ബൈജൂസിന്റെ ഓഫീസ് പൂട്ടലിനെക്കുറിച്ച് പുറം ലോകം അറിഞ്ഞത്.
170 ടെക്കികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാരോട് രാജിവയ്ക്കാനും കമ്പനി ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെയുള്ള ബൈജൂസിന്റെ നടപടിയിൽ ആകെ തകർന്ന് പോയെന്ന് ജീവനക്കാർ പറഞ്ഞു.
ഇതിന് മുമ്പും ബൈജൂസിലെ തൊഴിലാളി പീഡനങ്ങളുടെ കഥ പുറത്ത് വന്നിട്ടുണ്ട്. 13 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യിക്കുക, അവധി നൽകാതിരിക്കുക തുടങ്ങി ക്രൂരമായ തൊഴിൽ സാഹചര്യമാണ് ബൈജൂസിൽ നിലനിൽക്കുന്നതെന്ന് അവിടെ നിന്ന് പുറത്തിറങ്ങിയ ജീവനക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി രക്ഷിതാക്കളും ബൈജൂസിന്റെ തട്ടിപ്പിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ നാളിതുവരെ ബൈജൂസിനെതിരെ ശക്തമായ നിയമ നടപടി എടുക്കാൻ അധികാരികൾ തയ്യാറയിട്ടില്ല.
തിരുവനന്തപുരത്ത് പുറത്താക്കപ്പെടുന്ന ടെക്കികൾക്ക് അർഹമായ അനുകൂല്യവും ശമ്പളവും വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട പ്രതിധ്വനി മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രധാനമായും നാല് ആവശ്യങ്ങളാണ് ടെക്കികൾ ഉന്നയിക്കുന്നത്, ഒക്ടോബർ മാസത്തെ ശമ്പളം നവംബറിൽ നൽകണം. നവംബർ മുതൽ 2023 ജനുവരി വരെയുള്ള മൂന്ന് മാസത്തെ ശമ്പളവും ഈ നവംബറിൽ നൽകണം, ശമ്പളത്തോടെയുള്ള അവധിക്കുള്ള പ്രതിഫലം നൽകണം. നൽകാനുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം നൽകണം. ഈ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ഇക്കാര്യത്തിൽ ഇടപെടാമെന്ന് ടെക്കികൾക്ക് ഉറപ്പ് നൽകിയെന്നും പ്രതിധ്വനിയുടെ ഫേസ് ബുക്ക് പോസ്റ്റിലുണ്ട്.
കോവിഡ് കാലത്ത് കുട്ടികളിലും വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആപ്പാണ് ബൈജൂസ് ആപ്പ്. മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് ആപ്പ് കുറഞ്ഞ കാലയളവിൽ 60 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി വമ്പൻ കുതിച്ചു ചാട്ടമാണ് സ്വദേശത്തും വിദേശത്തുമായി നടത്തിയത്
എന്നാൽ ആപ്പിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാതെ കബളിപ്പിക്കുക, പണം റീഫണ്ട് ചെയ്യാതിരിക്കുക തുടങ്ങിയ പരാതികളാണ് രക്ഷിതാക്കളും മുൻ ജീവനക്കാരും പ്രധാനമായും ഉന്നയിക്കുന്നത് .ബിസിനസ് പരമായ തട്ടിപ്പാണ് ബൈജൂസ് നടത്തുന്നതെന്നും പരാതിയുണ്ട്.ബിബിസി ആണ് ആദ്യമായി ബൈജൂസിന്റെ തട്ടിപ്പ് പുറത്തുവിട്ടത്. ഇന്ത്യയിലെ ജനപ്രിയ മാധ്യമങ്ങളോ പ്രചുര പ്രചാരമുള്ള മാധ്യമങ്ങളോ ബൈജൂസിനെതിര ഒരു വാർത്തയും നൽകിയിരുന്നില്ല. കോടികളുടെ പരസ്യമാണ് പല സ്ഥാപനങ്ങൾക്കും ബൈജൂസ് നൽകിയിരുന്നത് .
2011 ലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ തുടക്കം. ഫേസ്‌ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയത്. അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
നാൾക്കുനാൾ വളർച്ച രേഖപ്പെടുത്തിയ കമ്പനി. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം മുതൽ കടുത്ത സാമ്പത്തിക നഷ്ടം നേരിടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021ൽ ബൈജൂസിന് 4588 കോടിയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷം നഷ്ടം 262 കോടിയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം ബൈജൂസിന്റെ വരുമാനം 2280 കോടിയായി പുനഃക്രമീകരിച്ചു. നേരത്തെ 4400 കോടിയായിരുന്നു വരുമാനം പ്രതീക്ഷിച്ചിരുന്നത്. വരുമാനത്തിൽ 48 ശതമാനത്തിന്റെ ഇടിവാണ് കാണിക്കുന്നത്. പ്രതിദിനം 12.5 കോടിയാണ് കമ്പനിയുടെ നഷ്ടം.
കോവിഡ് മൂലം ബിസിനസ് മോഡലിൽ വന്ന മാറ്റങ്ങളാണ് ഇപ്പോൾ പ്രതിഫലിക്കുന്നതെന്നാണ് സ്ഥാപകനും, സിഇഒയുമായ ബൈജു രവീന്ദ്രൻ ഓഹരി ഉടമകളെ കഴിഞ്ഞ ഒരാഴ്ചയായി ധരിപ്പിച്ചുവരുന്നത്. 2020 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ബൈജൂസ് മെച്ചപ്പെട്ട വരുമാന വളർച്ച രേഖപ്പെടുത്തിയെന്ന് ബൈജു രവീന്ദ്രൻ എക്കണോമിക് ടൈംസിനോട് വ്യക്തമാക്കിയിരുന്നു.
ഓഡിറ്ററായ ഡിലോയിറ്റുമായുള്ള തർക്കത്തെ തുടർന്ന് വൈകിയാണ് ബൈജൂസിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത് വന്നത്. ബൈജൂസ് ലാഭം കണക്കാക്കുന്നതിൽ ചില പ്രശ്നങ്ങൾ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചുവെന്നാണ് റിപ്പോർട്ട്. ഇതാണ് കോർപ്പറേറ്റ് മന്ത്രാലയത്തിൽ സാമ്പത്തിക റിപ്പോർട്ടിന്റെ സമർപ്പണം വൈകുന്നതിലേക്ക് നയിച്ചത്. എന്നാൽ, 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടിയായെന്ന് ബൈജൂസ് പറയുന്നുണ്ട്. ആ വർഷത്തിലെ ലാഭമോ നഷ്ടമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
4588 കോടിയുടെ നഷ്ടം ബൈജൂസും വൈറ്റ്ഹാറ്റ് ജൂനിയറും തമ്മിൽ തുല്യമായി പങ്കിടുകയാണെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു. 2020 ൽ ബൈജൂസ് ഏറ്റെടുത്ത കമ്പനിയാണ് വൈറ്റ്ഹാറ്റ് ജൂനിയർ.
വളരെ കുറച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ മാത്രമേ ഇത്തരമൊരു സാമ്പത്തിക നഷ്ടം അഭിമുഖീകരിച്ചിട്ടുള്ളൂവെന്ന് ടെക്‌നോളജി, ബിസിനസ് അനാലിസിസ് വെബ്‌സൈറ്റായ ദ മോണിങ് കോൺടക്സ്റ്റ് പറയുന്നു. സമാനമായ നഷ്ടം റിപ്പോർട്ടു ചെയ്തത് മൾട്ടി നാഷണൽ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോക്കാണ്. 2020-21 സാമ്പത്തിക വർഷത്തിൽ 3943 കോടി രൂപയുടെ നഷ്ടമാണ് ഓയോക്ക് ഉണ്ടായത്.
ബൈജൂസ് ആപ്പിന്റെ സെയിൽസ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ഫോൺവിളികൾ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥക്ക് കാരണമാകുന്നുവെന്നും ഇതവരെ കടബാധിതരാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ദ്ധർ പറയുന്നു.എന്നാൽ ഇത്തരം ആരോപണങ്ങൾ ബൈജൂസ് നിഷേധിച്ചിരുന്നു.
ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ പല ഉപഭോക്തൃ കോടതികളിലും കേസുകൾ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങൾ നൽകാത്തതും സംബന്ധിച്ച പരാതികളിൽ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികൾ ഉത്തരവിട്ടിരുന്നു. കൂടാതെ ബൈജൂസ് വലിയ സാമ്പിത്തക തകർച്ചയിലാണെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു, ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടൽ ശ്രദ്ധേയമാകുന്നത്
മറുനാടന് മലയാളി ബ്യൂറോ