ന്യൂഡൽഹി: ടെക് കമ്പനികളെ പിടികൂടിയ മാന്ദ്യത്തിന്റെ ഫലമായി കൂട്ടപ്പിരിച്ചുവിടൽ തുടരുകയാണ്. ഗൂഗിളിന് പിന്നാലെ നൂറുകണക്കിന് ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടു 2022 ഒക്ടോബറിൽ എഡ് ടെക് കമ്പനി കുറെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പുതിയ റൗണ്ടിൽ, ജീവനക്കാരുടെ സംഖ്യ 15 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ വകുപ്പുകളിലായി 1000 ജീവനക്കാരെയാണ് പറഞ്ഞയ്ക്കുന്നത്. നേരത്തെ, 2500 ജീവനക്കാർക്കാണ് ജോലിയില്ലാതായത്.

എഞ്ചിനീയറിങ് ടീമിലെ 300 പേരെയാണ് ഏറ്റവും ഒടുവിൽ പിരിച്ചുവിട്ടത്. ലോജിസ്റ്റിക്‌സ് ടീമിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറഞ്ഞു. ഒക്ടോബറിലെ കൂട്ടപ്പിരിച്ചുവിടൽ കൂടി ചേർത്താണ് ലോജിസ്റ്റിക്‌സ് ടീമിന്റെ കണക്ക്. തഴക്കം ചെന്നവരെ മാത്രമല്ല. ഫ്രഷേഴ്‌സിനെയും, ബൈജു പറഞ്ഞുവിട്ടു. പിരിഞ്ഞുപോകേണ്ടി വന്ന ജീവനക്കാർക്ക് കമ്പനി ഔദ്യോഗിക ഇ-മെയിൽ അയ്ക്കാൻ കമ്പനി തയ്യാറായില്ല. കാരണം ഇ-മെയിൽ അയച്ചാൽ, അത് ഓൺലൈനിലൂടെ ചോരും. അതുകൊണ്ടുതന്നെ ഫോൺ കോളോ, വാട്‌സാപ്പ് കോളോ വഴിയാണ് പലരെയും ജോലി പോകുന്ന വിവരം അറിയിച്ചത്.

തന്റെ മേധാവിയുടെ കോൾ കിട്ടാതിരുന്ന ഒരു ജീവനക്കാരന് പിന്നീട് മനസ്സിലായി തന്റെ സഹപ്രവർത്തകരെ എല്ലാം വാട്‌സാപ് കോൾ വഴി പിരിച്ചുവിട്ടെന്ന്. ജീവനക്കാരെ പിരിച്ചുവിടുന്നത് അവർ വഹിക്കുന്ന ചുമതലയെയോ, പ്രകടനത്തെയോ ആശ്രയിച്ചല്ല, മറിച്ച് അടിസ്ഥാനമില്ലാത്ത ചില കാരണങ്ങളുടെ പേരിലാണെന്നും ആക്ഷേപമുണ്ട്.

ടീം മതിയായ വരുമാനം ഉണ്ടാക്കാത്തതിനാൽ, നിങ്ങൾ കമ്പനി വിടണമെന്നാണ് പലരോടും ബൈജു അടക്കം മേധാവികൾ പറഞ്ഞത്. വരുമാന വർദ്ധന മുഖ്യലക്ഷ്യമല്ലാത്ത ടീമിലെ അംഗങ്ങളോടാണ് ഇത് പറഞ്ഞതെന്നാണ് രസകരം. കമ്പനി സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടുകയാണെന്നും, ഭാവിയിലെ പ്രവർത്തനങ്ങളുടെ കരുതലിനായി ആളെ കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ആണ് ബൈജു ഒരു കോളിൽ വിശദീകരിച്ചത്.

പല ടെക് കമ്പനികളും, സാമ്പത്തിക പ്രയാസങ്ങൾ കാരണം കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇന്റലിനെ പോലെ ചില കമ്പനികൾ കൂട്ട പിരിച്ചുവിടൽ ഒഴിവാക്കി, ജീവനക്കാരുടെ ശമ്പളം കുറയ്ക്കുകയാണ് ചെയതത്. എല്ലാ തലത്തിലുമുള്ള ജീവനക്കാരുടെ 25 ശതമാനത്തോളം തുക ശമ്പളത്തിൽ നിന്ന് കുറച്ചു.

' ഞങ്ങളുടെ ടീം ലീഡർ ആദ്യം ഞങ്ങളുടെ കഴിഞ്ഞ കുറെ മാസത്തെ സംഭാവനകളെ അഭിനന്ദിച്ച് സംസാരിച്ചു. പിന്നീട് കുറെ കാട് കയറി എന്തൊക്കെയോ പറഞ്ഞ ശേഷം അവർ കമ്പനി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും,് ചില കാര്യങ്ങൾ പുനരാലോചിക്കുകയാണെന്നും പറഞ്ഞു. അതുകൊണ്ട് കുറച്ചുജീവനക്കാർ പുറത്ത് പോകേണ്ടി വരുമെന്നാണ് തീരുമാനം. പിന്നീട് എച്ആർ കാര്യത്തിലേക്ക് കടന്നു', മറ്റൊരു മുൻ ബൈജു ജീവനക്കാരൻ പറഞ്ഞു.

പിരിച്ചുവിട്ട പല ജീവനക്കാരെയും, രാജി കത്ത് ഇ മെയിലായി അയയ്ക്കാൻ കമ്പനി നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്. പിരിച്ചുവിട്ടുവെന്നതിനേക്കാൾ, നേരിട്ട് രാജി വച്ചു എന്നുപോർട്ട്‌ഫോളിയോയിൽ കാണിക്കുന്നതാവും ഭാവിക്ക് നല്ലതെന്നാണ് ബൈജു ജീവനക്കാരെ ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ പിരിച്ചുവിട്ട ജീവനക്കാർക്ക് സാധാരണ കിട്ടുന്ന ആനുകൂല്യങ്ങൾ രാജി വയ്ക്കുന്നവർക്ക് കിട്ടില്ല താനും. ഇതും കമ്പനിയുടെ തന്ത്രമായി കരുതേണ്ടി വരും.