തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സി- ഡിറ്റില്‍ നടക്കുന്നത് തൊഴിലാളി വിരുദ്ധ നടപടികള്‍. കഴിഞ്ഞ മേയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ട 228 കരാര്‍ തൊഴിലാളികളെ തിരിച്ചെടുക്കുന്ന വിഷയം പുന:പരിശോധിക്കാതെ സര്‍ക്കാര്‍. ഇരുപത് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നതിനിടെ പിരിച്ചുവിട്ടതില്‍ മനംനൊന്ത് ഒരാള്‍ ജീവനൊടുക്കിയെന്ന സഹപ്രവര്‍ത്തകരുടെ വിലാപത്തിനു മുന്നിലും മുഖം തിരിച്ച് പിണറായി വിജയന്‍. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗത്തിന്‍െ്റ ഭര്‍ത്താവായ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കുന്നത് നിയമ വിരുദ്ധമായെന്നും ആരോപണം.

2025 മേയ് ഒന്നിന് തൊഴിലാളി ദിനത്തിലാണ് സി-ഡിറ്റിന്‍െ്റ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി ചെയ്തിരുന്ന 228 പേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചു വിട്ടത്. 2010 മുതല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ഹൗസ് കീപ്പിങ് മുതല്‍ ഐ.ടി സംവിധാനം ഉള്‍പ്പെടെയുള്ളവ ഒരുക്കുന്നത് ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസ് (എഫ്.എം.എസ്) പദ്ധതി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ മൂന്നുവര്‍ഷവും കരാര്‍ നീട്ടിയാണ് മൂന്നോട്ടു പോയിരുന്നത്. 2021 ല്‍ കാലാവധി പൂര്‍ത്തിയായ കരാര്‍ പിന്നീട് പുതുക്കിയില്ല. സര്‍ക്കാര്‍ ഉത്തരവില്‍ താല്‍ക്കാലികമായി മുന്നോട്ടു പോകുകയായിരുന്നു. ഇതാണ് ഒറ്റയടിക്ക് നിര്‍ത്തലാക്കിയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്.

സി- ഡിറ്റും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള 2012 ലെ നിരക്കുകള്‍ പ്രകാരമാണ് സി- ഡിറ്റിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിവരുന്നതെന്നും ഇത് വര്‍ധിപ്പിച്ച് കരാര്‍ പുതുക്കണമെന്നും സി- ഡിറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് മോട്ടോര്‍ വാഹന വകുപ്പ് കാലതാമസം വരുത്തി. ഈ കാരണം ചൂണ്ടിക്കാട്ടി സി- ഡിറ്റ് രജിസ്ട്രാര്‍ കരാര്‍ റദ്ദാക്കി. ഇതാണ് കൂട്ടപ്പിരിച്ചു വിടലിന് കാരണമായത്. എസ്.എസ്.എല്‍.സി മുതല്‍ എം.ടെക്ക് വരെ വിദ്യാഭ്യാസമുള്ള ജീവനക്കാരാണ് ജോലി ഇല്ലാത്തതിനാല്‍ പെരുവഴിയിലായത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റന്‍്റ് അഡ്മിന്സ്ട്രേറ്റര്‍, സോണല്‍ മാനേജര്‍, നെറ്റ്വര്‍ക്ക് അഡ്മിന്‍, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികയിലുള്ളവരെയാണ് പിരിച്ചു വിട്ടത്. ഹൗസ് കീപ്പിങ് തസ്തികയില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് കുടുതലും ജോലി നഷ്ടമായത്. ഏഴായിരം രൂപ മാസ ശമ്പളത്തിനാണ് ഹൗസ് കീപ്പിങ് ജീവനക്കാര്‍ സേവനം അനുഷ്ഠിച്ചിരുന്നത്.

കൂട്ടപ്പിരിച്ചു വിടലില്‍ ജോലി നഷ്ടപ്പെട്ടയാളാണ് ജിസണ്‍. പാല എസ്.ആര്‍.ടി.ഒയില്‍ അസിസ്റ്റന്‍്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (എ.എസ്.എ) ആയി കഴിഞ്ഞ ഇരുപതു വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു ജിസണ്‍. ഇതിനിടയിലാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.

മാസങ്ങളായി തുടരുന്ന സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ ജോലി തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. എന്നാല്‍ സമരങ്ങളെല്ലാം പരാജയപ്പെടുകയും മറ്റു വഴികള്‍ കണ്ടെത്താനാകാതെയും വന്നതോടെയാണ് ജിസണ്‍ ആത്മഹത്യക്ക് മുതിര്‍ന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇക്കാര്യം സൂചിപ്പിച്ച് സഹപ്രവര്‍ത്തകര്‍ക്ക് ജിസണ്‍ മെസേജ് അയച്ചിരുന്നതായും അവര്‍ വ്യക്തമാക്കുന്നു.

സി- ഡിറ്റില്‍ ജീവനക്കാരെ പിരിച്ചു വിടുകയാണെങ്കിലും ഡയറക്ടറുടെ കസേരക്ക് യാതൊരു ഇളക്കവും സംഭവിക്കുന്നില്ല. മൂന്നുവര്‍ഷ കാലാവധി കഴിഞ്ഞിട്ടും ഡയറക്ടര്‍ ജി. ജയരാജിന് കാലാവധി നീട്ടി നല്‍കി. പ്രവര്‍ത്തന മികവ് പരിശോധിച്ച് കാലാവധി നീട്ടി നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. പക്ഷേ, ഈ മികവ് പരിശോധിച്ചത് ആരാണെന്നോ, ആര് വിലയിരുത്തല്‍ നടത്തിയെന്നോ വ്യക്തമാക്കാതെ കാലാവധി രണ്ടാം തവണയും നീട്ടിനല്‍കുകയായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ ടി.എന്‍ സീമയുടെ ഭര്‍ത്താവായ ജയരാജിന് മുന്‍പ് കാലാവധി നീട്ടിനല്‍കിയത് വിവാദമായിരുന്നു. ഇടത് സംഘടനകള്‍ വരെ എതിര്‍ത്തിട്ടും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു.

ഐ.എ.എസുകാര്‍ മാത്രം വഹിച്ചിരുന്ന സി- ഡിറ്റ് ഡയറക്ടറുടെ തസ്തികയുടെ യോഗ്യത തിരുത്തിയാണ് ജയരാജിന് നിയമനം നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോഴും പത്തു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികളെ ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നു. സ്ഥിരം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനായ ഗവേണിങ് ബോഡിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ജീവനക്കാരെ പലതട്ടിലാക്കി അവഗണിച്ചത്.