തിരുവനന്തപുരം: ബലാത്സംഗമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയിൽ നിന്നും പിരിച്ചുവിടുന്നത്. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്‌പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാൽസംഗം ഉൾപ്പെടെ ക്രിമിനൽ കേസിൽ പ്രതിയ വ്യക്തിക്ക് പൊലീസിൽ തുടരാൻ യോഗ്യതയില്ലെന്ന് നടപടിയെടുത്ത ഡിജിപി ഉത്തരവിൽ വ്യക്തമാക്കി.

തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായതോടെ ബേപ്പൂർ കോസ്റ്റൽ സിഐ ആയിരുന്ന പിആർ സുനു സസ്‌പെൻഷനിലായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു സസ്‌പെൻഷൻ നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആർ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് ഇയാളെ പ്രതിചേർത്തത്.

നേരത്തെ പൊലീസ് സർവീസിൽ നിന്നും തന്നെ പിരിച്ചു വിടാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന പിആർ സുനുവിന്റെ അപേക്ഷ സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തള്ളിയിരുന്നു. നടപടി സ്വീകരിക്കാൻ ഡിജിപിക്ക് അധികാരമുണ്ടെന്ന് ട്രിബ്യൂണൽ വ്യക്തമാക്കുകുയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചു വിടൽ നടപടികൾ ഉണ്ടായതും.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദ്ദേശം നൽകിയത് ഇതിനെ തുടർന്നാണ്. സുനു ബലാൽസംഗ കേസിൽ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങൾ ഉയർന്നത്. ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവർ മുതൽ വകുപ്പ് തല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവർ വരെ സംസ്ഥാന പൊലീസ് സേനയിലുണ്ട്.

ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകൾക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന പൊലീസുകാരെ സർവ്വീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്തിണ്ടത്.

ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദ്ദേശം നൽകുകയും ചെയ്തു. 59 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടാനാണ് തീരുാനം. ജീവപര്യന്തമോ 10 വർഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിലുള്ളത്. 7 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പൊലീസുകാരെ തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാന പൊലീസിൽ ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യമാണ്. പിണറായി സർക്കാർ അധികാരമേറ്റ 2016 മുതൽ ഇതുവരെ 12 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു കൈമാറിയ ഈ റിപ്പോർട്ട് നിയമസെക്രട്ടറി ഹരി നായർ വ്യവസ്ഥകളോടെ അംഗീകരിച്ചു. സുനുവിന് പിന്നാലെ കൂടുതൽ പേരെ വൈകാതെ പിരിച്ചുവിട്ടേക്കും.