ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പുകൾ അവഗണിച്ചും പൗരത്വ നിയമ ഭേദഗതി വഴി വീണ്ടും പൗരത്വം നൽകി കേന്ദ്ര സർക്കാർ. അവസാന ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കൂടുതൽ പേർക്ക് പൗരത്വം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അപേക്ഷകർക്ക് അതത് സംസ്ഥാനങ്ങളിലെ എംപവേഡ് കമ്മിറ്റികൾ വഴിയാണ് ബുധനാഴ്ച പൗരത്വ സർട്ടിഫിക്കറ്റുകൾ നൽകിയത്.

മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പശ്ചിമ ബംഗാളിൽ കേന്ദ്ര സർക്കാറിന്റെ നീക്കം. സി.എ.എ നടപ്പാക്കില്ലെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. നിയമം നിലവിൽവന്നശേഷം മെയ്‌ 15ന് 14 പേർക്ക് ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയം പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയിരുന്നു.

സി.എ.എ. ചോദ്യംചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹർജികളിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമ ഭേദഗതിയാണ് പാർലമെന്റ് പാസാക്കിയിരുന്നത്. 2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നാണ് നിയമത്തിൽ വ്യവസ്ഥചെയ്തിരിക്കുന്നത്. മുസ്‌ലിംകളെ ഒഴിവാക്കിയുള്ള വിവേചനപരമായ നിയമഭേദഗതി പാർലമെന്റ് പാസാക്കിയതിനു പിന്നാലെ രാജ്യവ്യാപക പ്രക്ഷോഭം നടന്നിരുന്നു.

മാർച്ച് 11-ന് ആണ് സി.എ.എ. നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇതിന് പിന്നാലെ ചിലർക്ക് പൗരത്വം നൽകുകയും ചെയ്തു. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴി ആക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക പോർട്ടൽ സജ്ജമാക്കിയിരുന്നു. ഇതുവഴിയാണ് ഇപ്പോൾ ബംഗാളിന്റെ അടക്കം എതിർപ്പ് കേന്ദ്രസർക്കാർ മറികടന്നിരിക്കുന്നത്.