കണ്ണൂർ:കേരള ചരിത്രത്തിൽ ആദ്യമായി സംസ്ഥാന മന്ത്രിസഭാ യോഗം സ്വകാര്യ ഹോട്ടലിൽ നടത്തിയത് വിവാദമാകുന്നു. തലശ്ശേരിയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലിലാണ് നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആദ്യ മന്ത്രിസഭ യോഗം ചേർന്നത്. തലശ്ശേരിയിലും, കണ്ണൂരിലും സർക്കാർ റസ്റ്റ് ഹൗസും ആധുനിക ഓഫിസ് കെട്ടിടങ്ങളും ഉള്ളപ്പോഴാണ് സ്വകാര്യ ഹോട്ടലിൽ മന്ത്രി സഭാ യോഗം ചേർന്നത്.

നവകേരള സദസിനോട് അനുബന്ധിച്ചാണ് മന്ത്രിസഭായോഗം ചേർന്നത്. തലശ്ശേരി കൊടുവള്ളിയിൽ ദേശിയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോട്ടലിലാണ് ബുധനാഴ്‌ച്ച രാവിലെ മന്ത്രിസഭ യോഗം ചേർന്നത്.സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മന്ത്രിസഭ യോഗം തലശ്ശേരിയിൽ ചേരുന്നുവെന്ന് കൊട്ടിഘോഷിച്ച് കൊണ്ടാണ് മന്ത്രിസഭ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വകാര്യ ഹോട്ടലിൽ ചേർന്നത്. കൊടുവള്ളി പേൾവ്യൂ റെസിഡൻസിയിലായിരുന്നു യോഗം.

രാവിലെ ഒൻപതു മണിയോട് കൂടി മന്ത്രി സഭ യോഗം ആരംഭിച്ചു.തലശ്ശേരിയിൽ സർക്കാർ റസ്റ്റ്ഹൗസും, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സർക്കാർ ഓഫിസ് സമുച്ചയവും നിലവിൽ ഉള്ളപ്പോഴാണ് സ്വകാര്യ ഹോട്ടലിലെ മന്ത്രിസഭ യോഗം. സാമ്പത്തിക ധൂർത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നവകേരള സദസിന്റെ ഭാഗമായി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നത് വേഗത്തിലാക്കുന്നതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും ബ്രഹ്‌മഗിരിയിലുണ്ടായ തീപിടിത്തം അണച്ച വളൻഡിയർമാരെ അഭിനന്ദിക്കാനും ആദ്യ യോഗത്തിൽ മന്ത്രിസഭ തീരുമാനിച്ചു.

ഇതിനിടെ സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ മന്ത്രി സഭ യോഗം സ്വകാര്യ ഹോട്ടലിൽ ചേർന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് രംഗത്തെത്തി. മന്ത്രി സഭ യോഗം സ്വകാര്യ ഹോട്ടലിൽ ചേർന്നതിനെ തുടർന്ന് നവകേരള സദസ്സുമായി ബന്ധപ്പെട്ട മറ്റൊരു വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.

തുടർച്ചയായി അഞ്ചാഴ്ച, അഞ്ച് ജില്ലകളിലായി, ഇത്തരത്തിൽ യോഗങ്ങൾ ചേരും. തലശ്ശേരി (നവംബർ 22), മലപ്പുറത്തെ വള്ളിക്കുന്ന് (നവംബർ 28), തൃശൂർ (ഡിസംബർ 6), പീരുമേട് (ഡിസംബർ 12), കൊല്ലം (ഡിസംബർ 20) എന്നിവിടങ്ങളിലാണ് മന്ത്രിസഭാ യോഗം. ഇടത് സർക്കാരിന്റെ ഏഴു വർഷത്തെ നേട്ടങ്ങൾ അടിവരയിടുന്നതിനും, പരാതി പരിഹാരത്തിനുമായി സർക്കാർ ആവിഷ്‌കരിച്ച നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിൽ പര്യടനം നടത്തുന്ന സാഹചര്യത്തിലാണ് ഈ വേദികളിൽ മന്ത്രിസഭകൾ നടക്കുക.

ക്യാബിനറ്റ് മീറ്റിംഗുകൾ അതിന്റെ നിയുക്ത സ്ഥലത്തിനും പുറത്ത് നടത്തുന്ന ആശയം പുതിയതല്ലെങ്കിലും, സംസ്ഥാന തലസ്ഥാനത്തിന് പുറത്ത് തുടർച്ചയായി അഞ്ച് മന്ത്രിസഭാ യോഗങ്ങൾ നടക്കുന്നത് ഇതാദ്യമാണ്. കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത്, സംസ്ഥാന മന്ത്രിസഭ ഓൺലൈൻ മോദിൽ നടന്നിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷവും സാധാരണ നില പുനഃസ്ഥാപിക്കുന്നതുവരെ ഈ രീതി തുടർന്നു വന്നു.

2014 ജനുവരിയിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുൻ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ യോഗത്തിൽ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് പങ്കെടുത്തിരുന്നു.