തിരുവനന്തപുരം: കോഴിക്കോട് കേന്ദ്രമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്‌സാണ് നിർവ്വഹണ ഏജൻസി. ഇവർ സമർപ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നൽകി. അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേർക്ക് ഭാവിയിൽ ഇത് വലിയ ആശ്വാസമാകും.

സംസ്ഥാന പൊലീസ് മേധാവിയുടെ സേവനകാലാവധി ദീർഘിപ്പിച്ചു

സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹേബിന്റെ സേവനകാലാവധി ദീർഘിപ്പിച്ചു. അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതൽ രണ്ട് വർഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂൺ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.

മാനേജിങ്ങ് ഡയറക്ടർമാർ

വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ മനേജിങ്ങ് ഡയറക്ടർമാരെ നിയമിച്ചു.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് - വി. കുട്ടപ്പൻ പിള്ള

കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ് - എം.കെ. ശശികുമാർ

സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - കെ സുനിൽ ജോൺ

ദി കേരള സിറാമിക്‌സ് ലിമിറ്റഡ് - എസ് ശ്യാമള

കെൽട്രോൺ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് - കൃഷ്ണകുമാർ കൃഷ്ണവിലാസ് ഗോപിനാഥൻ നായർ

കെൽട്രോൺ ഇലക്ട്രോ സിറാമിക്‌സ് ലിമിറ്റഡിൽ എംഡിയായി ഇ കെ ജേക്കബ് തരകനെയും നിയമിച്ചു.

നിയമനാംഗീകാരം

സർക്കാർ ഉത്തരവ് പ്രകാരം അനുവദിച്ച എച്ച്എസ്എസ്ടി ജൂനിയർ ഇംഗ്ലീഷ് തസ്തികകൾ, അദ്ധ്യാപകരെ നിയമിച്ച 2018 മുതൽ അപ്‌ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു.

തൃശ്ശൂർ കുട്ടനല്ലൂർ സെന്റ് ആഗസ്റ്റിൻ എച്ച്.എസ്.എസ്, കോട്ടയം വല്ലകം സെന്റ് മേരീസ് എച്ച്.എസ്.എസ്., തിരുവനന്തപുരം പനവൂർ പി.എച്ച്.എം.കെ.എം വി & എച്ച്.എസ്.എസ്., പാലക്കാട് പുതുനഗരം മുസ്ലിം എച്ച്.എസ്.എസ്., ആലപ്പുഴ വലമംഗലം എസ്.സി.എസ് എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിൽ നിയമന തീയതിയായ 2018 മുതൽ എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷ് അദ്ധ്യാപകരായി പരിഗണിച്ച് അംഗീകാരം നൽകും.

അഡീഷണൽ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ

ഗ്രേഷ്യസ് കുര്യാക്കോസിനെ ഹൈക്കോടതിയിൽ അഡീഷണൽ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വർഷകാലയളവിലേക്ക് നിയമിക്കും. കൊച്ചി കലൂർ സ്വദേശിയാണ്.

ശമ്പള പരിഷ്‌ക്കരണം

കോഴിക്കോട് കേരള സോപ്പ്‌സിലെ ജീവനക്കാരുടെ ഒൻപതാമത്തെയും പത്താമത്തെയും ശമ്പള പരിഷ്‌ക്കരണങ്ങൾ നടപ്പിലാക്കും.

ടെണ്ടർ അംഗീകരിച്ചു

എടത്തല, കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകളിലേക്കുള്ള ജലജീവൻ മിഷൻ (ജെജെഎം) ജലവിതരണ പദ്ധതിക്ക് വിതരണ സംവിധാനവും ചൂർണിക്കര പഞ്ചായത്തിന് എഫ്എച്ച്ടിസിയും നൽകുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കുള്ള ടെണ്ടർ അംഗീകരിക്കാൻ കേരള വാട്ടർ അഥോറിറ്റിക്ക് അനുമതി നൽകി.

അമൃത് 2.0 പ്രകാരം എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലേക്ക് പുതിയ റൈഡർ ലൈൻ സ്ഥാപിക്കുന്നതിനും നിലവിലുള്ള ജലവിതരണ പദ്ധതി വർദ്ധിപ്പിച്ചോ പുനഃക്രമീകരിച്ചോ കൊണ്ട് എൗിരശേീിമഹ ഒീൗലെവീഹറ ഠമു ഇീിിലരശേീി (എഒഠഇ) നൽകുന്നതിനുള്ള പ്രവൃത്തി നടത്തുന്നതിന് ലഭിച്ച ടെണ്ടർ അനുവദിക്കാൻ കേരള വാട്ടർ അഥോറിറ്റിക്ക് അനുമതി നൽകി.