- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിൽ പാലം തകർന്നതിന് പിന്നാലെ വിവാദവും ; ഞങ്ങളുടെ അനുമതിയില്ലാതെയാണ് പാലം തുറന്നതെന്ന് മോർബി മുനിസിപ്പൽ ഓഫീസർ ; അപകടത്തിൽ പെട്ടത് നവീകരണം പൂർത്തിയാക്കി അഞ്ച് ദിവസം മുൻപ് മാത്രം തുറന്നുകൊടുത്ത പാലം ; അപകടത്തിൽ മരണസംഖ്യ 100 കടന്നു ; നദിയിൽ തിരച്ചിൽ അവസാനഘട്ടത്തിൽ ; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിലുണ്ടായ കേബിൾ പാലം അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതിനോടകം 100 ലേറെ പേർ മരിച്ചതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജ വ്യക്തമാക്കി. അപകടം സംഭവിച്ച മച്ചു നദിക്കരയിൽ എത്തിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. മച്ചു നദിയിൽ വീണവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്.
നവീകരണം പൂർത്തീകരിച്ച് അഞ്ച് ദിവസം മുൻപ് മാത്രം തുറന്ന് കൊടുത്ത പാലമാണ് തകർന്നുവീണത്.പാലത്തിൽ പരിധിക്കപ്പുറം ജനങ്ങൾ നിന്നത് അപകടത്തിന് കാരണമായെന്ന് സൂചന.പാലം തകർന്നതിന് പിന്നാലെ പാലം തുറന്നുകൊടുത്തതിനെപ്പറ്റിയും വിവാദങ്ങൾ ഉയരുന്നുണ്ട്.തങ്ങളുടെ അനുമതിയില്ലാതെയാണ് പാലം തുറന്നതെന്ന് മോർബി മുനിസിപ്പൽ ഓഫീസർ പറയുന്നു. ഔദ്യോഗിക അനുമതിയില്ലാതെയാണ് പുതുതായി നവീകരിച്ച കേബിൾ പാലം തുറന്നതെന്ന് മുനിസിപ്പൽ ചീഫ് ഓഫീസർ സന്ദീപ് സിങ് ജാല കുറ്റപ്പെടുത്തി.ഒക്ടോബർ 26 ന് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
അപകടത്തിൽ മരിച്ചരുടെ മരിച്ചരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്വർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നാണ് ഗുജറാത്ത് സർക്കാരിന്റെ പ്രഖ്യാപനം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് 6.40ഓടെയായിരുന്നു അപകടം നടന്നതെന്നും മന്ത്രി ബ്രിജേഷ് മെർജ പ്രതികരിച്ചു. മോർബി ജില്ലയിലെ മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലമായിരുന്നു തകർന്ന് വീണത്.അപകടസമയത്ത് പാലത്തിൽ നൂറുക്കണക്കിന് ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പാലത്തിൽ 400 പേർ നിന്നിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം വ്യോമസേന വിമാനത്തിൽ എത്തി.
വഡോദര എയർപോർട്ടിൽ നിന്ന് രാജ്കോട്ട് എയർപോർട്ടിലേക്ക് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി യാത്ര തിരിച്ചതായി എൻഡിആർഎഫ് ഡിഐജി മൊഹ്സെൻ ഷാഹിദി അറിയിച്ചു. നേവിയിലെ 50 പേരും വ്യോമസേനയിൽ നിന്ന് 30 പേരും ഏഴ് അഗ്‌നിശമനസേനാ സംഘവും മോർബിയിലെത്തിയിട്ടുണ്ട്.ജാമ്നാനഗറിലുള്ള നേവൽ സ്റ്റേഷനിൽ നിന്ന് 40 പേരുടെ പ്രത്യേക സംഘത്തെയും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. മറൈൻ കമാൻഡോസ്, നീന്തൽ വിദഗ്ദ്ധർ എന്നിവരടങ്ങിയ സംഘമാണ് എത്തിയിട്ടുള്ളത്. അപകടത്തെ തുടർന്ന് രാജ്‌കോട്ട് സിവിൽ ആശുപത്രിയിൽ പ്രത്യേക ഐസോലേഷൻ വാർഡ് ആരംഭിച്ചു.
ദീപാവലി അവധിക്കും മറ്റുമായി നാട്ടിലെത്തിയ നിരവധിയാളുകൾ അപകടത്തിൽപ്പെട്ടുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. വിനോദസഞ്ചാരികൾ നിരന്തരമായി എത്തുന്ന സ്ഥലം കൂടിയാണിത്. പാലത്തിൽ പരിധിയിൽ അപ്പുറം ജനങ്ങൾ കയറിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. പാലം തകർന്ന് വീണപ്പോൾ ആളുകൾ മീതെയ്ക്ക് മീതെ വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ