മോർബി: ഗുജറാത്തിലെ മോർബിയിൽ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന് നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 91 ആയതായി ദേശീയമാധ്യമങ്ങളിൽ റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അപകടം സംഭവിക്കുമ്പോൾ പാലത്തിൽ 150 ലേറെ പേരുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരം എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി.

ഞായറാഴ്ച വൈകിട്ട് 6.30നാണ് മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്നുവീണത്. തലസ്ഥാന നഗരമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിലാണ് അപകടമുണ്ടായത്. പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർ ഇപ്പോഴും നദിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക.

അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ചരിത്രപ്രാധാന്യമുള്ള പാലമാണ് തകർന്നത്. അറ്റകുറ്റപ്പണിക്കു ശേഷം പാലം ഗുജറാത്തുകാർ പുതുവർഷമായി കണക്കാക്കുന്ന ഒക്ടോബർ 26നാണ് പൊതുജനത്തിനായി തുറന്നുകൊടുത്തത്.

അപകടത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദാംശങ്ങൾ അന്വേഷിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അടിയന്തരമായി രക്ഷാപ്രവർത്തനം നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും നൽകും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ട്വിറ്ററിലൂടെ ധനസഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തനത്തിന് താൻ നേരിട്ടു നേതൃത്വം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരിപാടികളും റദ്ദാക്കി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടസ്ഥലത്തേക്ക് യാത്ര തിരിച്ചുവെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ നേരിട്ടെത്തി ഏകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയെത്തുന്നത്.

അപകടത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സങ്ഗ്വി അറിയിച്ചു. അപകട സമയത്ത് പാലത്തിൽ 150നു മുകളിൽ ആളുകളുണ്ടായിരുന്നതായി അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സർക്കാർ രക്ഷാപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. അപകടം നടന്ന് 15 മിനിറ്റിനുള്ളിൽ അഗ്‌നിരക്ഷാ സേന, ജില്ലാ കലക്ടർ, പൊലീസ് മേധാവി, ഡോക്ടർമാർ, ആംബുലൻസുകൾ തുടങ്ങിയവ സ്ഥലത്തെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

നിരവധിയാളുകളെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ അതിവേഗം ലഭ്യമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും ഹർഷ സംഘവി അറിയിച്ചു.