- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബിയിലെ 25,874 കോടിയുടെ ബാധ്യത മറച്ചുവെച്ചതിന് വിമർശനം; നികുതിവരുമാന വളർച്ച വലുതല്ലെന്ന് വിലയിരുത്തലും; കേരളത്തിനുള്ള കേന്ദ്രസഹായം കുറഞ്ഞെന്നും സമ്മതിക്കൽ; കേന്ദ്രാവിഷ്കൃത ദ്ധതികൾക്കുള്ള സഹായവും ഗ്രാന്റും കുറവ്; സിഎജി റിപ്പോർട്ട് ഒരേസമയം കേരള സർക്കാറിനെ തല്ലുന്നതും തലോടുന്നതും
തിരുവനന്തപുരം: കിഫ്ബിയുടെ കാര്യത്തിലും നികുതി പിരിവിന്റെ കാര്യത്തിലും സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന സിഎജി റിപ്പോർട്ടാണ് ഇന്നലെ നിയമസഭയിൽ സമർപ്പിക്കപ്പെട്ടത്. കിഫ്ബിയിലെ കടബാധ്യത മറച്ചുവെച്ചുവെന്നതാണ് പ്രധാന വിമർശനം. 25,874 കോടിയുടെ ബാധ്യത മറച്ചുവെച്ചുവെന്നാണ് കണ്ടെത്തൽ. അതേസമയം നികുതി പിരിവ് കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.
2022-'21-ൽ തനതുനികുതി വരുമാനം മുൻവർഷത്തെക്കാൾ 22.41 ശതമാനമാണ് വളർന്നത്. എന്നാൽ, കോവിഡിനുമുമ്പുള്ള 2018-'19 സാമ്പത്തികവർഷവുമായി താരതമ്യംചെയ്യുേമ്പാൾ ഇത് 15 ശതമാനമാണ്. മൊത്തം റവന്യൂവരുമാനത്തിന്റെ ശതമാനം നോക്കിയാൽ 2017-'18-ൽ 56 ശതമാനമായിരുന്നത് 2021-'22ൽ 50 ശതമാനമായി. തനതുവരുമാനത്തിലെ വളർച്ച നേട്ടമായി സർക്കാർ അവകാശപ്പെടുമ്പോഴാണ് സി.എ.ജി.യുടെ ഈ നിരീക്ഷണം.
കുടിശ്ശികസംബന്ധിച്ച് വകുപ്പുകൾ നൽകിയ വിവരങ്ങൾ അപൂർണമാണ്. എന്നിട്ടും 27,592 കോടിയാണ് കുടിശ്ശിക. ഇതിൽ ജി.എസ്.ടി. നിലവിൽ വന്നതിനുമുമ്പുള്ള നികുതിക്കുടിശ്ശിക 13,410.12 കോടിയാണ്. മോട്ടോർ വാഹനവകുപ്പ് 2868.47 കോടിയും വൈദ്യുതിവകുപ്പ് 3118.50 കോടിയും പിരിച്ചെടുക്കാനുണ്ട്. നികുതിവെട്ടിക്കൽ കേസുകൾ തീർപ്പാക്കുന്നതിലും വലിയ കാലതാമസമുണ്ട്. മുദ്രപ്പത്രങ്ങളും രജിസ്ട്രേഷനും വിഭാഗത്തിലും തീർപ്പാകാത്ത കേസുകൾ 1.47 ലക്ഷമാണ്.
കേന്ദ്രസഹായം കുറഞ്ഞു എന്ന സംസ്ഥാന സർക്കാർ വാദങ്ങൾ ശരിവെക്കുന്നതാണ് റിപ്പോർട്ട്. 2021-'22-ൽ കേരളത്തിനുള്ള കേന്ദ്രസഹായം മുൻവർഷത്തെക്കാൾ 3.38 ശതമാനം കുറഞ്ഞതായും സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു. 1051.06 കോടി രൂപയാണ് കുറഞ്ഞത്. ധനകാര്യകമ്മിഷന്റെ സഹായധനം 4122.33 കോടി കൂടിയപ്പോൾ കേന്ദ്രാവിഷ്‌കൃതപദ്ധതികൾക്കുള്ള സഹായത്തിൽ 1340.18 കോടിയും ഗ്രാന്റുകളിൽ 3832.57 കോടിയും കുറവുവന്നു.
2021-'22-ൽ സംസ്ഥാനത്തിന്റെ നികുതിവരുമാനം 68,803 കോടിയായിരുന്നു. ഇതിൽ 24169.8 കോടി രൂപ ചരക്ക്-സേവന നികുതിയിൽനിന്നാണ്. ഇതുകഴിഞ്ഞാൽ ഏറ്റവുംകൂടുതൽ നികുതി നൽകിയിരിക്കുന്നത് മദ്യം വിൽക്കുന്ന ബിവറേജസ് കോർപ്പറേഷനാണ് -12,706.95 കോടി രൂപ. മൊത്തം നികുതിവരുമാനത്തിന്റെ 22 ശതമാനം.
അതിനാൽ, സംസ്ഥാന നികുതിവരുമാനത്തിന്റെ ഏറ്റവുംവലിയ ഒറ്റസ്രോതസ്സായി സി.എ.ജി. വിശേഷിപ്പിക്കുന്നത് ബിവറേജസ് കോർപ്പറേഷനെയാണ്. നികുതി, നികുതിയേതര വരുമാനത്തിന്റെ വലിയൊരുഭാഗം പെട്രോളിയം, മദ്യം, ലോട്ടറി തുടങ്ങിയവയിൽനിന്നാണ് ശേഖരിക്കുന്നതെന്നും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.
കിഫ്ബിക്ക് രൂക്ഷ വിമർശനം
കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത വായ്പകൾ ബജറ്റിനു പുറത്തുള്ള വായ്പകളാണെന്ന് സിഎജി റിപ്പോർട്ടിൽ ആവർത്തിച്ചു. മുമ്പ് നിയമസഭ തള്ളിയ ഈ നിരീക്ഷണങ്ങൾ വീണ്ടും ഉൾപ്പെടുത്തിയത് അംഗീകരിക്കുന്നില്ലെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിയോജനക്കുറിപ്പും അനുബന്ധമായി വെച്ചു. 2019ൽ സർക്കാരും സി.എ.ജിയും തമ്മിൽ ആരംഭിച്ച തർക്കം എസ്. സുനിൽരാജ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി മടങ്ങിയെത്തിയതോടെ വീണ്ടും രൂക്ഷമാകുകയാണ്. 2019-ലെ റിപ്പോർട്ടിൽ സുനിൽരാജ് ഇതേ നിരീക്ഷണം ഉൾപ്പെടുത്തിയെങ്കിലും നിയമസഭ തള്ളിയിരുന്നു.
ബജറ്റിന് പുറത്തുള്ള വായ്പകൾ സർക്കാരിന്റെ കടബാധ്യതകൾ കൂട്ടുന്നതായും സി.എ.ജി. നിരീക്ഷിച്ചു. 2021-22ൽ കിഫ്ബി 7762.78 കോടിയുടെ വായ്പയെടുത്തു. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തിനാലും സർക്കാർ എല്ലാവർഷവും ബജറ്റിലൂടെ കടബാധ്യതകൾ തീർക്കുന്നതിനാലും സർക്കാരിന് ഈ കടമെടുപ്പിൽ ബാധ്യതയില്ലെന്ന വാദം സ്വീകാര്യമല്ല.
ക്ഷേമപെൻഷൻ നൽകുന്നതിനായി രൂപവത്കരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് 6550 കോടിയുടെ വായ്പയെടുത്തു. 2022 മാർച്ചുവരെ കമ്പനി തിരിച്ചടയ്‌ക്കേണ്ട വായ്പ 11,206.49 കോടിയാണ്. കരാറുകാരുടെ കെട്ടിക്കിടക്കുന്ന ബില്ലുകൾ ഡിസ്‌ക്കൗണ്ടിങ് സമ്പ്രദായത്തിലൂടെ നൽകുന്നതിന് ബാങ്കുകളിൽനിന്നെടുത്ത 1601.72 കോടിയുടെ വായ്പയും ബജറ്റിനു പുറത്തുള്ള കടമെടുപ്പായാണ് സി.എ.ജി. കണക്കാക്കുന്നത്. ഈ നിരീക്ഷണം ബാങ്ക് വായ്പകളിലൂടെ കരാറുകാരുടെ കുടിശ്ശിക നൽകുന്നതിനെ ബാധിക്കും.
ഇങ്ങനെ സംസ്ഥാനം 25,874.39 കോടിയുടെ ബാധ്യതകൾ മറച്ചുവെച്ചെന്നാണ് സി.എ.ജി.യുടെ ആരോപണം. ഇത് നിയമസഭയുടെ മേൽനോട്ടത്തിൽ വെള്ളം ചേർക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സുപ്രധാന സാമ്പത്തിക സ്രോതസ്സിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കുന്നുവെന്നും സി.എ.ജി. ചൂണ്ടിക്കാട്ടുന്നു.
കിഫ്ബിയുടെ കടമെടുപ്പുകൾ സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയല്ലെന്ന് വിയോജനക്കുറിപ്പിൽ മന്ത്രി വ്യക്തമാക്കി. 60 ലക്ഷം പേർക്ക് പെൻഷൻ നൽകാനാണ് ക്ഷേമപെൻഷൻ കമ്പനി കടമെടുത്തത്. ഭൂരിഭാഗവും അതത് വർഷം തിരിച്ചടയ്ക്കുന്നു. ഇങ്ങനെ പെൻഷൻ നൽകുന്നതുകൊണ്ടാണ് സംസ്ഥാനത്തെ ദാരിദ്ര്യം ഒരു ശതമാനത്തിൽ താഴെ, രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരിക്കുന്നത്.
മറുനാടന് ഡെസ്ക്