- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുന്നു, കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന് വൻ ബാധ്യതയെന്ന് സിഎജി റിപ്പോർട്ട്; സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്ന് നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ; കടമെടുക്കൽ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെടുന്ന സർക്കാറിന് തിരിച്ചടിയായി സിഎജി റിപ്പോർട്ടും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സംസ്ഥാന സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കി സിഎജിയുടെ റിപ്പോർട്ട്. കിഫ്ബിയെ വെട്ടിലാക്കി കൊണ്ടാണ് സിഎജിയുടെ റിപ്പോർട്ട്. കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിഫ്ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയ റിപ്പോർട്ട് നിയമസഭയിൽ വച്ചു. 2021- 22 സാമ്പത്തിക വർഷത്തിലെ സിഎജി റിപ്പോർട്ടിലാണ് കിഫ്ബിക്കെതിരെ പരാമർശമുള്ളത്.
കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബജറ്റ് വഴിയുള്ള വരുമാനത്തിൽ നിന്ന് കിഫ്ബി കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ല. പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തു. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. റവന്യൂ വരുമാനം 19.49 ശതമാനം കൂടി. പക്ഷെ റവന്യൂ ചെലവ് കൂടി. റവന്യൂ വരുമാനത്തിന്റെ 19.98 ശതമാനം പലിശ അടയ്ക്കാൻ വിനിയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്. ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. അനർഹർക്ക് ഭൂമി പതിച്ചു നൽകി. വിപണി വില ഈടാക്കിയില്ല. പതിച്ചു നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പോലും ഉപയോഗിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
പാട്ടക്കരാറും പാട്ടത്തുകയും സമയോചിതമായി വർദ്ധിപ്പിക്കാത്തത് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. പാട്ട ഭൂമിയുടെ അനധികൃത വില്പന തടയാൻ നടപടി എടുത്തില്ല. പാട്ടത്തുക നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം നടപ്പാക്കിയില്ല. തലസ്ഥാനത്തെ രണ്ട് ക്ലബ്ബുകൾക്ക് പാട്ടത്തുക ഒഴിവാക്കിയത് 29 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും സി ആൻഡ് എജി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിന് 2024 വരെയുള്ള ആകെ കടബാധ്യത 4.29 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയെ അറിയിച്ചിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
2016ൽ കേരളത്തിന്റെ കടബാധ്യത 1.62 ലക്ഷം കോടി രൂപയായിരുന്നു. ഭരണഘടന അനുച്ഛേദം 293 (3) പ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും അനുവദനീയമായ കടമെടുപ്പ് പരിധി കേരളത്തിനും നൽകിയിട്ടുണ്ട്. ധനകാര്യ കമീഷൻ ശിപാർശ പ്രകാരമുള്ള കടമെടുപ്പിന് കേരളത്തിനും അവകാശമുണ്ട്.
കേരളത്തിന്റെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് കടമെടുപ്പ് പരിധി നിയമവ്യവസ്ഥക്കപ്പുറം വർധിപ്പിക്കാൻ കഴിയില്ലെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. 2023-24 ൽ കേരളത്തിന് അനുവദനീയമായ കടമെടുപ്പ് പരിധി 32,442 കോടി രൂപയാണ്. 1,787.38 കോടി രൂപ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ