കോഴിക്കോട്: എൻഐടിയിലെ ജീവനക്കാരിയെന്ന് പറഞ്ഞ് കൂടത്തായിയിലെ ജോളി എത്രയോ വർഷങ്ങളാണ് സ്വന്തം നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ചത്. രാവിലെ കൂടത്തായിയിൽ നിന്ന് ഇറങ്ങുന്ന ജോളി, എൻഐടി സ്റ്റോപ്പിൽ ബസ് ഇറങ്ങി കാമ്പസിലേക്ക് കയറിപ്പോവും. എൻഐടി കാന്റീനിലും മറ്റുമൊക്കെയായി ഇവരെ കാണാം. തൊട്ടടുത്ത ഒരു ബ്യൂട്ടിപാർലറിൽ ആണ് ഇവർ സമയം ചെലവിട്ടിരുന്നത്. എന്നിട്ട് സ്വന്തം ഭർത്താവിനോട് വരെ പറഞ്ഞിരുന്നത്, എൻഐടിയിൽ ജോലി ആണെന്നായിരുന്നു. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള കൂടത്തായി ജോളി ഒരു നാടിനെ മുഴുവൻ വർഷങ്ങളായി കബളിപ്പിക്കയായിരുന്നു. അവസാനം സീരിയൽ കില്ലിങ്ങിൽ അകത്തായപ്പോൾ മാത്രമാണ് അവർ ഇവിടുത്തെ ജോലിക്കാരിയല്ല എന്ന് മനസ്സിലായത്.

ഈ സംഭവം നാണക്കേട് ആയതോടെ കോഴിക്കോട് എൻഐടിയും ഐഎഎമ്മിലും അടക്കം പരിശോധനകൾ കർശനമാക്കുകയും, ഐഡന്റിറ്റി കാർഡും ടാഗും നിർബദ്ധമാക്കുകയും ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലും ഇതോടൊപ്പം പരിശോധന കർശനമാക്കിയതായി വാർത്ത ഉണ്ടായിരുന്നു. നേരത്തെ, ഗൈനക്കോളജിസ്റ്റ് എന്ന വ്യാജ്യനേ ഒരാൾ സ്ത്രീകളുടെ യോനിയിൽവരെ കൈയിട്ട് പരിശോധിച്ചതിന് പിടിയിൽ ആയിരുന്നു. പക്ഷേ ഇത്തരം വ്യാജന്മ്മാർ പിടിയിലായിട്ടും മെഡിക്കൽ കോളജ് അധികൃതർ സുരക്ഷാ വിഷയത്തിൽ യാതൊന്നും ശ്രദ്ധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്, മെഡിക്കൽ കോളെജിലെ ഒന്നാം വർഷ ക്ലാസിൽ അഡ്‌മിഷൻ കിട്ടാത്ത ഒരു 19കാരി നാല് ദിവസം ക്ലാസിലിരുന്ന സംഭവം. അതിൽ ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്.

അഭിമാനം രക്ഷിക്കാനെന്ന് പൊലീസ്

പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയ കൊടുവള്ളി സ്വദേശിനിയായ 19 കാരിയാണ് ആരോരുമറിയാതെ ഒന്നാം വർഷ എംബിബിഎസ് ക്ലാസിൽ ഇരുന്നതെന്നത്. ഇതിൽ പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. ഈ പെൺകുട്ടി എൻട്രൻസ് റാങ്ക് ലിസ്റ്റിൽ നോക്കിയപ്പോൾ തനിക്ക് ഉയർന്ന റാങ്കുണ്ടെന്നും അഡ്‌മിഷൻ കിട്ടുമെന്നും ആണ് മനസ്സിലാക്കിയത്. ഇതനുസരിച്ച് പെൺകുട്ടി ബന്ധുക്കളോട് വിവരം വിളിച്ചുപറഞ്ഞു. പലയിടത്തും സ്വീകരണവും ലഭിച്ചു. പിന്നീട് വിശദമായി വീണ്ടും റാങ്ക് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് തന്റെ റാങ്ക് 10,000 ആണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ നാണക്കേടായി. ഈ ജാള്യത മറയ്ക്കാനാണ് പ്രവേശനം ലഭിച്ചതുപോലെ അഭിനയിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിലെ ഒന്നാം വർഷ എംബിബിഎസ് ക്ലാസിൽ വന്നിരുന്നതെന്ന് പറയുന്നു. ഈ വിശദീകരണം കേട്ട് പൊലീസും ഞെട്ടിയിരിക്കയാണ്.

250 വിദ്യാർത്ഥികളാണ് ഓരോ വർഷവും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടുന്നത്. ഇതിൽ ആദ്യ അലോട്ട്മെന്റിൽ 170 പേരാണ് എത്തിയത്. രണ്ടാഴ്ച കഴിഞ്ഞാണ് ബാക്കിയുള്ളവർ പ്രവേശനം നേടിയെത്തിയത്. ഇതിൽ കുറച്ചു പേർ കഴിഞ്ഞ തിങ്കളാഴ്ച അവധി കഴിഞ്ഞ് വൈകിയാണ് ക്ലാസ് മുറിയിലെത്തിയത്. ക്ലാസ് നടക്കുന്ന സമയമായതിനാല് രേഖകൾ പരിശോധിക്കാതെ രജിസ്റ്ററിൽ പേര് ചേർത്തു. പിന്നീടാണ് പട്ടികകൾ പരിശോധിച്ചതും ഒരു കുട്ടി അധികമുള്ളതായി തിരിച്ചറിഞ്ഞതും. സംഭവത്തിൽ മൂന്ന് വകുപ്പ് മേധാവികളോടും ക്ലാസ് കോർഡിനേറ്റർമാരോടും വിശദീകരണം ചോദിച്ചതായി വൈസ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജിത്ത് കുമാർ പറയുന്നുണ്ട്. പക്ഷേ സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

കുട്ടിയെ സഹായിച്ചത് ആര്?

ഇത്രയും സങ്കീർണ്ണമായ അഡ്‌മിഷൻ പ്രോസസ് നടക്കുന്ന ഒരു സ്ഥാപനത്തിൽ മറ്റാരുടെയും സഹായമില്ലാതെ ഒരു കുട്ടി നേരെ വന്ന് കയറിപ്പോയി എന്നത് അടിമുടി ദുരൂഹമാണ്. ഇതിന് കൃത്യമായ ഉത്തരം മേഡിക്കൽ കോളേജ് അധികൃതർ നൽകിയിട്ടില്ല. ഇക്കഴിഞ്ഞ ദിവസം രക്ഷിതാക്കളോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഹാജരായ ഈ കുട്ടിയെ രക്ഷിതാക്കളുടെ ജാമ്യത്തിൽ വിട്ടിരിക്കയാണ്.

മെഡിക്കൽ കോളെജിൽ പ്രവേശനത്തിനുള്ള രീതികൾ ഇത്രയ്ക്കും പഴുതുകൾ ഉള്ളതാണോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ അധികൃതർക്ക് ആവുന്നില്ല. ഇവിടെ അറ്റൻഡൻസ് രജിസ്റ്റർ ചെയ്യാറില്ലേ. അഡ്‌മിഷൻ കിട്ടിയവരുടെ ഫോട്ടോ ഉൾപ്പെടെയുള്ള ഐഡന്റിറ്റി രജിസ്റ്റർ ചെയ്യാൻ സംവിധാനമില്ലേ, തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം.

കോഴിക്കോട് മെഡിക്കൽ കോളജിലെ അഡ്‌മിനിസ്ട്രേഷൻ അടുത്തകാലത്തായി കുത്തഴിഞ്ഞുവെന്ന് പരാതിയുണ്ട്. നേരത്തെ ഇവിടുത്തെ ഒരു സെക്യൂരിറ്റി ജീവനക്കാരനെ പട്ടിയെ തല്ലുന്നതുപോലെ ഡിവൈഎഫ്ഐക്കാർ വളഞ്ഞിട്ട് തല്ലിയിട്ടും പൊലീസ് നടപടി വൈകിയിരുന്നു. അതിനിടെയാണ് പ്രസവം നിർത്താൻ വന്ന വീട്ടമ്മയുടെ വയറ്റിൽ കത്തിവെച്ച് മറന്നുപോയ സംഭവം പുറത്താവുന്നത്. അഞ്ചുവർഷം വേദന അനുഭവിച്ച ആ വീട്ടമ്മയെ സഹായിക്കുന്നതിന് പകരം, അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് ഇപ്പോഴും അധികൃതർ ശ്രമിക്കുന്നത്.