കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ആഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അരങ്ങേറിയത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരുന്ന് കുത്തിവെച്ച ഉടൻ മരിച്ചത് ഏവരെയും നടുക്കിയിരുന്നു. തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധു (45)വാണ് ഒക്ടോബർ 27 ന് മരിച്ചത്. ഇത് മരുന്ന് മാറിപ്പോയതുകൊണ്ട് മൂലമാണ് എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മാധ്യമങ്ങളും മരുന്ന് മാറിയതായാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ യഥാർഥത്തിൽ മരുന്ന് മാറിക്കുത്തിവെച്ചിരുന്നില്ല. പെനിസിലിന്റെ റിയാക്ഷനാണ് മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.

ഇത് പൊലീസ് റിപ്പോർട്ടും ശരിവെക്കുന്നു. എന്നാൽ റിയാക്ഷൻ ഉണ്ടായാൽ കൊടുക്കാൻ കഴിയുന്ന മറുമരുന്ന് മെഡിക്കൽ കോളജിൽ സ്റ്റോക്ക് ഉണ്ടായിരുന്നു. തീർത്തും അലക്ഷ്യമായാണ് ആശുപത്രി അധികൃതർ ഈ വിഷയം കൈകാര്യം ചെയ്തതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളേജ് അധികൃതർ മരണകാരണമായേക്കാവുന്ന അശ്രദ്ധയോടെ പ്രവർത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ്, അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശനൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

മറുമരുന്ന് സ്റ്റോക്കില്ല

ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാവുന്ന പെനിസിലിൽ യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ സിന്ധുവിന് നൽകിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. അലർജി ടെസ്റ്റ് നടത്തിയെന്ന് അധികൃതരും, നടത്തിയിട്ടില്ല എന്ന് രോഗിയുടെ ബന്ധുക്കളും പറയുന്നു. നഴ്‌സിങ് പരിശീലനത്തിന് വന്ന വിദ്യാർത്ഥിയാണ് കുത്തിവെപ്പ് നടത്തിയത്. മരുന്ന് സിന്ധുവിന് കുത്തിവെച്ച ശേഷം മൊബൈലിൽ സംസാരിച്ച് ലാഘവത്തോടെ ഇവർ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. ഈ സമയത്ത് രോഗിയെ നിരീക്ഷിക്കാൻ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

രോഗി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ബന്ധുക്കൾ അറിയിച്ചപ്പോൾ അതൊക്കെ ഉണ്ടാകുമെന്ന് ഹെഡ് നഴ്‌സ് നിസ്സാരവത്ക്കരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. റിയാക്ഷൻ ഉണ്ടായപ്പോൾ നൽകേണ്ട മറുമരുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരുന്നില്ലെ. വാർഡിൽ രണ്ട് ഡോക്ടർമാർ ഉണ്ടാകണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. സംഭവം നടന്ന് 20 മിനിറ്റ് കഴിഞ്ഞ് നഴ്സ് വിളിച്ച ശേഷമാണ് ഒരു ഡോക്ടർ എത്തിയത്. പിന്നീട്, മറ്റൊരു ഡോക്ടറെയും വിളിച്ചുവരുത്തിയെങ്കിലും നെഞ്ചിടിപ്പ് പരിശോധിക്കുകയല്ലാതെ മറുമരുന്നോ ഓക്സിജനോ നൽകിയില്ലെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പാർശ്വഫലം കാരണമാണ് രോഗി മരിച്ചതെന്നും അല്ലാതെ മരുന്ന് മാറിയതല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണത്തിലുമുള്ളത്.ഒക്‌റ്റോബർ 26നാണ് സിന്ധവിനെ പനി ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കാഷ്വാലിറ്റിയിൽ കാണിച്ച സിന്ധുവിന്, ശക്തമായ പനിയുള്ളതിനാൽ അഡ്‌മിറ്റ് ചെയ്ത് 12-ാം വാർഡിലേക്ക് മാറ്റുകയായിരുന്നു.

27 -ന് രാവിലെ കുത്തിവയ്‌പ്പ് എടുത്തതിന് ശേഷം പൾസ് റേറ്റ് താഴുകയും പിന്നാലെ മരണം സംഭവിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മരുന്ന് മാറിയതല്ല, പാർശ്വഫലം കാരണമാണ് രോഗി മരിച്ചത് എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണത്തിലും പറയുന്നത്.

മരുന്ന് മാറിയിട്ടിലെന്ന് യാഥാർഥ്യം

എന്നാൽ നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയത്തപോലെ മരുന്ന് മാറിയിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്. ബെൻസൈൽ പെനിസിലിനും ക്രിസ്റ്റലൈൻ പെൻസിലിനും ഒന്നാണ്. ഇത് മനസ്സിലാക്കാതെ മരുന്ന് മാറിയെന്നാണ് ആദ്യഘട്ടത്തിൽ മാധ്യമങ്ങൾ എഴുതിയത്.

പെനിസിലിയ ക്രൈസോഫേജം എന്ന പൂപ്പലിനെ വളർത്തി ഉണ്ടാക്കുന്ന പ്രകൃതിദത്തമായ പെൻസിലിനാണ് ബെൻസയിൽ പെൻസിലിൻ. ഇത് പെൻസിലിൻ ജി എന്നും അറിയപ്പെടുന്നു. പൂപ്പലിനെ വളർത്തുന്ന കൾച്ചർ മീഡിയയിലേക്ക് ഫിനയിൽ അസറ്റിക് ആസിഡ് ചേർക്കുമ്പോഴാണ് ഈ പെൻസിലിൻ കിട്ടുന്നത്. ഇങ്ങനെ ഉണ്ടാക്കിയെടുക്കുമ്പോൾ അത്ര സ്റ്റേബിൾ അല്ലാത്ത ഒരു ആസിഡ് ആയാണ് പെൻസിലിൻ ഉണ്ടാകുന്നത്. അതിന്റെ സോഡിയം അല്ലെങ്കിൽ പൊട്ടാസ്യം സോൾട്ട് അതായത് ഉപ്പു പോലെയുള്ള പരൽ രൂപ ആക്കി എടുക്കുമ്പോൾ അതിന് സ്ഥിരത കൂടും. ഉണക്കിയെടുത്തു പൊടിയാക്കി സൂക്ഷിക്കാൻ പറ്റും. ഈ മരുന്നിനെ ശാസ്ത്രീയമായി വിളിക്കേണ്ടത് ബെൻസയിൽ പെൻസിലിൻ എന്നാണെങ്കിലും ക്രിസ്റ്റൽ അഥവാ പരൽ രൂപത്തിലുള്ള ഇതിനെ ക്രിസ്റ്റലൈൻ പെൻസിലിൻ എന്നും വിളിക്കുന്നുണ്ട്. അതായത് രണ്ടും ഒന്നു തന്നെ.

ഇനി ഒരു പെൻസിലിനിൽ നിന്ന് മറ്റൊരു പെൻസിലിനിലേക്ക് മാറിയാലും രോഗിക്ക് ഒരു ദോഷവും ഉണ്ടാകറില്ല. പക്ഷേ പെൻസിലിൻ ആളുകളിൽ മാരകമായ അലർജി അപൂർവമായെങ്കിലും ഉണ്ടാക്കാറുണ്ട് എന്നത് ഒരു വസ്തുതയാണ്. പെൻസിലിൻ സ്വീകരിക്കുന്ന 50,000 ത്തിൽ ഒരാൾക്ക് മാരകമായ അലർജി ഉണ്ടാകാം. ഓരോ വർഷവും പെൻസിലിൻ അലർജി മൂലം 500നും ആയിരത്തിനും ഇടയിൽ ആളുകൾ ലോകമെമ്പാടും മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. അനാഫൈലാക്സിസ് അഥവാ ഗുരുതരമായ അലർജി ആണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്.

പക്ഷേ അലർജി തടയാൻ കഴിയുന്ന പ്രതിമരുന്ന് സമയത്തിന് കൊടുത്തിരുന്നെങ്കിൽ ഈ സ്ത്രീയൂടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. മാത്രമല്ല പെനിസിലൻ കൊടുത്തശേഷം രോഗിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നഴ്സ് സുക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്. ഈ സമയത്ത് മൊബൈലിൽ നോക്കിയിരിക്കുക എന്ന ഗുരതരമ അലംഭാവമാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത്നിന്ന് ഉണ്ടായത്. നേരത്തെ പേവിഷ ബാധയുടെ കാര്യത്തിലും, കൃത്യമായ പരിശീലനം കിട്ടാത്തവർ കുത്തിവെപ്പ് എടുക്കുന്നത് പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ആരോഗ്യമേഖലയിൽ കേരളം നമ്പർ വൺ ആണെന്ന തള്ളുകൾ വെറും പൊള്ളയാണെന്നാണ് ഈ സംഭവങ്ങളും തെളിയിക്കുന്നത്.