കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുവയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും.

വ്യാഴാഴ്ച രാവിലെയാണ് കൈവിരലിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ ചെറുവണ്ണൂർ സ്വദേശിയായ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ പൂർത്തിയാക്കി കുട്ടിയെ വാർഡിലേക്ക് മാറ്റിയപ്പോൾ വായിൽ പഞ്ഞി തിരുകിയിരുന്നു. തുടർന്നാണു വീട്ടുകാർ കാര്യം അന്വേഷിച്ചത്. കയ്യിലെ തുണിമാറ്റി നോക്കിയപ്പോൽ ആറാം വിരൽ അതുപോലെയുണ്ടായിരുന്നു. വിരലിനാണ് ശസ്ത്രക്രിയ വേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു നഴ്‌സിന്റെ പ്രതികരണം. വളരെ നിസ്സാരമായാണ് ആശുപത്രി അധികൃതർ സംഭവം എടുത്തതെന്നും വീട്ടുകാർ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അധികൃതരിൽനിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നു കുടുംബം വ്യക്തമാക്കി. അതിനിനിടെ ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടർ. ഇക്കാര്യം വ്യക്തമാക്കി സൂപ്രണ്ടിന് ഡോക്ടർ നോട്ട് എഴുതി. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർ സൂപ്രണ്ടിന് എഴുതി നൽകി.

നാല് വയസ്സുകാരിയുടെ ആറാം വിരൽ മുറിച്ചുമാറ്റുന്നതിന് നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയയ്ക്ക് പകരം കുഞ്ഞിന്റെ നാക്കിനാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിക്ക് ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തോടും ഡോക്ടർ മാപ്പു പറഞ്ഞിട്ടുണ്ട്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.