കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിനു മുന്നിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം. രാത്രി പത്ത് മണിക്ക് ഹോസ്റ്റൽ അടയ്ക്കുമെന്ന ചട്ടം നിർബന്ധമാക്കിയതിനെത്തുടർന്നാണ് വിദ്യാർത്ഥിനികൾ റോഡിലിറങ്ങി പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയാണ് പെൺകുട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നത്. പത്തു മണിക്ക് ശേഷം വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റലിൽ കയറാൻ സാധ്യമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പ്രാക്ടിക്കൽ ക്ലാസ്സ് ഉൾപ്പെടെയുള്ളവ കഴിഞ്ഞ് എത്തുമ്പോൾ സമയം ഒരുപാട് വൈകാറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. സുരക്ഷാപ്രശ്നങ്ങളാണ് ചൂണ്ടികാണിക്കുന്നതെങ്കിലും സ്ട്രീറ്റ് ലൈറ്റ്, സിസി ടിവി തുടങ്ങിയ സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയന്ത്രണങ്ങൾ ഇല്ലെന്നും പെൺകുട്ടികൾക്ക് മാത്രമാണ് നിയന്ത്രണങ്ങൾ ഉള്ളതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ആൺകുട്ടികൾക്ക് ഇല്ലാത്ത എന്ത് വ്യത്യാസമാണ് പെൺകുട്ടികൾക്ക് ഇവിടെയുള്ളത് വിദ്യാർത്ഥിനികൾ ചോദിക്കുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 9.30 ക്ക് ഹോസ്റ്റലിൽ കയറണമെന്നാണ് നിബന്ധനയെങ്കിലും ആൺകുട്ടികളുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാകാറില്ലെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. നിയമം പാലിക്കുന്നില്ലെങ്കിൽ ഹോസ്റ്റലിൽ നിന്നും ഇറങ്ങാനാണ് ലഭിച്ച വിവരമെന്നും ഇവർ വ്യക്തമാക്കുന്നു. ഇതിന് മുൻപും വിഷയം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സമയക്രമീകരണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചത്. പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനാൽ ഇന്ന് ചർച്ച ചെയ്യാമെന്ന ഉറപ്പിൽ നിലവിൽ വിദ്യാർത്ഥിനികൾ പ്രതിഷേധം അവസാനിപ്പിച്ചു.