കോഴിക്കോട്: കുറഞ്ഞ ചെലവിൽ വ്യാവസായികാടിസ്ഥാനത്തിൽ പെൻസിലിൻ നിർമ്മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സർവകലാശാലാ അദ്ധ്യാപകന് പേറ്റന്റ്. സർവകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പിലെ അസോ. പ്രൊഫ. ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

പാഴാകുന്ന പഴങ്ങളിൽ നിന്ന് പെൻസിലിൻ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളർത്തുന്നതാണ് സാങ്കേതിക വിദ്യ. സോളിഡ് സ്റ്റേറ്റ് ഫെർമന്റേഷൻ പ്രക്രിയയിലൂടെ ജൈവമാലിന്യം മാധ്യമമാക്കിയാണ് പെൻസിലിൻ ഉത്പാദിപ്പിക്കാനാവുക. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങൾ കുഴമ്പു പരുവത്തിലാക്കി അതിൽ തവിട്, ഉമിക്കരി എന്നിവ കലർത്തി ലായനിയാക്കുന്നു. ഇതിലാണ് പെൻസിലിയം പൂപ്പലിനെ വളർത്തുക.

ഒരാഴ്ച കഴിഞ്ഞ് പൂർണ വളർച്ചയെത്തിയ പൂപ്പലിൽ നിന്ന് പെൻസിലിൻ തന്മാത്ര വേർതിരിച്ചെടുക്കാനാകും. നിലവിൽ പെൻസിലിൻ നിർമ്മാണത്തിന് ചെലവ് വളരെ കൂടുതലാണ്. ബയോ റിയാക്ടറുകളിൽ സബ്‌മെർജഡ് ഫെർമന്റേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. ഗ്ലൂക്കോസ്, ലാക്ടോസ് തുടങ്ങിയ വിലകൂടിയ അസംസ്‌കൃത വസ്തുക്കളും വേണം. ഇതിനുള്ള ബയോറിയാക്ടറുകൾക്ക് കൂടുതൽ ചെലവുണ്ട്.

പുതിയ സാങ്കേതിക വിദ്യ തേടി മരുന്നുനിർമ്മാണ കമ്പനികൾ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സി. ഗോപിനാഥൻ പറഞ്ഞു. കൊതുകു നശീകരണത്തിനായി 'ബാസിലസ് തുറുഞ്ചിയൻസ് ഇസ്രായിലിയൻസ് ' എന്ന ബാക്ടീരിയ ഉപയോഗിച്ച് ചെറിയ ചെലവിൽ ജൈവ കീടനാശിനി നിർമ്മിക്കുന്ന സാങ്കേതിക വിദ്യക്ക് 2017-ൽ ഡോ. ഗോപിനാഥിന് പേറ്റന്റ് ലഭിച്ചിരുന്നു.