മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ മൂന്നാം സെമസ്റ്റര്‍ മലയാള പാഠ്യപദ്ധതിയില്‍ റാപ്പര്‍ വേടന്റെയും ഗായിക ഗൗരിലക്ഷ്മിയുടെ രചനകളും ഉള്‍പ്പെടുത്താമെന്ന് പഠനബോര്‍ഡ് തീരുമാനിച്ചു. മുന്‍വിധിപ്രകാരം ഇവ നീക്കം ചെയ്യണമെന്ന് ശുപാര്‍ശ ചെയ്ത ഡോ. എം.എം. ബഷീറിന്റെ റിപ്പോര്‍ട്ട് ബോര്‍ഡ് തള്ളി. പുതിയ തലമുറക്ക് പരിചിതമായ കലാരൂപങ്ങളെ പരിചയപ്പെടുത്താനുള്ള ഭാഗമാണ് വേടന്റെയും ഗൗരിലക്ഷ്മിയുടെയും രചനകള്‍ ഉള്‍പ്പെടുത്തിയത് എന്നും ബോര്‍ഡ് വിശദീകരിച്ചു. സിലബസില്‍ എം.എം. ബഷീറിന്റെ സൂചിപ്പിച്ച അക്ഷരത്തെറ്റുകളും അവ്യക്തതകളും സാരമായ പ്രശ്‌നമല്ലെന്നും, മലയാളം വിദ്യാര്‍ഥികള്‍ക്ക് കൈവരാനുള്ളത് തന്നെയാണ് ഉള്ളതെന്നും കണ്ടെത്തി.

പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആറ്റക്കഥകളും ദൃശ്യാവിഷ്‌കാരങ്ങളും ആവശ്യമായ രീതിയിലാണ് ഉള്ളത്, അതിനാല്‍ അവ നീക്കം ചെയ്യേണ്ടതില്ലെന്നും ബോര്‍ഡ് നിരീക്ഷിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സമകാലിക സാഹിത്യവും സംഗീതവും പരിചയപ്പെടാനായുള്ള അവസരം പാഠ്യപദ്ധതിയില്‍ നല്‍കുന്നതായാണ് പഠനബോര്‍ഡിന്റെ നിലപാട്. അജിത ഹരേ മാധവയുടെ എട്ടുവരിയുള്ള ആട്ടക്കഥ ഭാഗവും അതിന്റെ ദൃശ്യാവിഷ്‌കാരവും കഠിനമാണെന്ന് പറയുന്നത് യുക്തിസഹമല്ലെന്നും ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിരീക്ഷിച്ചു. വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടവും, ഗൗരി ലക്ഷ്മിയുടെ അജിത ഹരേ മാധവയും പഠിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് എംഎം ബഷീര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ടാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ പ്രതികരണം.

വൈസ് ചാന്‍സലര്‍ നിയോഗിച്ചതനുസരിച്ച് വിഷയം പരിശോധിച്ച മുന്‍ മലയാളവിഭാഗം മേധാവി ഡോ. എം.എം. ബഷീര്‍, വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിട'വും ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും പാഠ്യപദ്ധതിയില്‍നിന്ന് നീക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ആ ശുപാര്‍ശ തള്ളിയാണ് പഠനബോര്‍ഡ് തീരുമാനമെടുത്തത്. പാഠപുസ്തകത്തില്‍ വേടന്റെയും ഗൗരിയുടെയും രചനകള്‍ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് അഞ്ച് പരാതികള്‍ സര്‍വകലാശാലയ്ക്ക് കിട്ടിയിരുന്നു. തുടര്‍ന്നാണ് വിസി വിദഗ്ധസമിതിയെ നിയോഗിച്ചത്.

മൈക്കിള്‍ ജാക്‌സന്റെ They Dont Care About Us എന്ന ഗാനവും വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന ഗാനവുമാണ് താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വേടന്റേത്, സംഗീതത്തിന് പ്രാധാന്യമില്ലാത്ത വായ്ത്താരി മാത്രമാണെന്ന വാദം ഉയര്‍ത്തിയാണ് ഡോ. എം.എം. ബഷീര്‍ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തത്. എന്നാല്‍ ഇത് വസ്തുതാപരമായി ശരിയല്ലെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് വ്യക്തമാക്കുന്നു. ഗൗരി ലക്ഷ്മിയുടെ അജിതാ ഹരേ എന്ന ഗാനത്തെക്കുറിച്ച് വിദഗ്ധ സമിതി തെറ്റായ രീതിയിലാണ് വിലയിരുത്തിയതെന്നും ബോര്‍ഡ് ഓഫ് സ്റ്റഡീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൗരിലക്ഷ്മിയുടെ ദൃശ്യാവിഷ്‌ക്കാരത്തിന് ഭക്തിഭാവമില്ലെന്ന് പരാതിപ്പെട്ടിരുന്നു. എം.എം. ബഷീര്‍ ഇതിനെ അംഗീകരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സിലബസിലെ ഉള്ളടക്കം നിശ്ചയിക്കുന്നത് ഭക്തിഭാവം പരിശോധിച്ചിട്ടല്ലെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് പറയുന്നു.