കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന സാമ്പത്തിക ക്രമക്കേടും അതിലൂടെ സര്‍വ്വകലാശാലയ്ക്ക് ബാധ്യത വരുത്തിയെന്നുമുള്ള ഹര്‍ജിയില്‍ കാലിക്കറ്റ് വി.സി എം.കെ ജയരാജിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കാലാവധി പൂര്‍ത്തിയാക്കി ഇന്ന് വിരമിക്കാനിരിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നോട്ടീസ്. സിന്‍ഡിക്കേറ്റ് അംഗമായ റഷീദ് അഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ഉത്തരക്കടലാസുകള്‍ അടുക്കി സൂക്ഷിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ഓട്ടമാറ്റിക് സ്റ്റോറേജ് ആന്‍ഡ് റിട്രീവല്‍ സിസ്റ്റം (എഎസ്ആര്‍എസ്) വാങ്ങിയതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നും ക്രമക്കേടിന് നേതൃത്വം കൊടുത്തതു വഴി വിസി പ്രതിഫലം കൈപ്പറ്റി എന്നുമാരോപിച്ചാണ് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം ഡോ.റഷീദ് അഹമ്മദ് പി. ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സര്‍വകലാശാല, വിസി തുടങ്ങിയ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു.

പുനര്‍ മൂല്യനിര്‍ണ്ണയതിനുള്ള ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്നതിനായി ഓട്ടോമേറ്റഡ് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനം എടുത്തിരിന്നു. എന്നാല്‍ ഇതു സര്‍വകലാശാലയ്ക് ഗുണകരം അല്ല എന്നും, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും യൂണിവേഴ്‌സിറ്റിയിലെ ഫിനാന്‍സ് ഓഫീസര്‍ നോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ നോട്ട് മറികടന്നു കൊണ്ട് സര്‍വകലാശാല ഈ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. 9 കോടി രൂപയാണ് ആദ്യത്തെ എസ്റ്റിമേറ്റ് ആയി തീരുമാനിച്ചിരുന്നത് ഇതുതന്നെ അധികമാണെന്നും ചിലവ് ഇതില്‍ നിന്നും ഒരുപാട് അധികമാകും എന്നും ഫിനാന്‍സ് വിഭാഗം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

ഫയല്‍ നോട്ടില്‍ പറഞ്ഞതുപോലെ തന്നെ 9 കോടിയില്‍ ആരംഭിച്ച പദ്ധതി തീരുമ്പോള്‍ ഏകദേശം 26 കോടി രൂപയോളം ആയി. ബജറ്റില്‍ പറഞ്ഞിരുന്ന തുകയുടെ മുകളിലേക്ക് ചിലവ് അധികരിച്ചിട്ടും ഈ പറഞ്ഞ തുക മുഴുവന്‍ കരാറുകാര്‍ക്ക് നല്‍കുകയാണ് വൈസ് ചാന്‍സിലര്‍ ചെയ്തത്. സര്‍വകലാശാല ചട്ടപ്രകാരം സര്‍ക്കാര്‍ ഫിനാന്‍സ് സെക്രട്ടറി ഉള്‍ക്കൊള്ളുന്ന സ്റ്റാറ്റിയൂട്ടറി ഫിനാന്‍സ് കമ്മിറ്റിയുടെ അനുമതി വാങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ഈ നടപടി പിന്നീട് സിന്‍ഡിക്കേറ്റ് സാധൂകരിക്കുകയായിരുന്നു. നിയമവിരുദ്ധമായി വന്‍ തുകകള്‍ അനുവദിച്ചത് വഴി സര്‍വകലാശാലയ്ക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാവുകയും അതില്‍ നിന്നും എം.കെ ജയരാജ് അവിഹിത സ്വത്തു സമ്പാദനം നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ 2023 നവംബറില്‍ ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. 2024 ജൂലൈ 11ന് വിസി സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. ചാന്‍സലറില്‍ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വിസി വിരമിക്കുന്നതിനു മുന്‍പ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എഎസ്ആര്‍എസ് വാങ്ങാന്‍ സര്‍വകലാശാല തീരുമാനിച്ചത് വൈസ് ചാലന്‍സലറുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ ഉപകാരമുള്ളതാണോ എന്നു പോലും പരിശോധിക്കാതെയും ഒരുവിധത്തിലും നീതീകരിക്കാന്‍ പറ്റാത്ത വില കൊടുത്തുമാണ് എഎസ്ആര്‍എസ് വാങ്ങാന്‍ തീരുമാനിച്ചത്. സര്‍വകലാശാലയുടെ ആവശ്യത്തിന് ഉതകുന്നതല്ല ഇതെന്നും അനുവദിക്കപ്പെട്ട തുകയിലും കൂടുതലാണെന്നും ഫിനാന്‍സ് ഓഫീസറും വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇക്കാര്യം സ്റ്റാറ്റിയൂട്ടറി ഫിനാന്‍സ് കമ്മിറ്റി മുമ്പാകെ വയ്ക്കുമെന്നും ഫിനാന്‍സ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.

26 കോടി രൂപമുടക്കി പണിത ഈ സിസ്റ്റം ഇപ്പോള്‍ പൂര്‍ണമായും വര്‍ക്ക് ചെയ്യാതിരിക്കുകയും അതുവഴി 26 കോടി രൂപ മൊത്തത്തില്‍ നഷ്ടമാകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. മുഴുവന്‍ ഓട്ടോമാറ്റിക് ആകും എന്നുപറഞ്ഞു നടപ്പാക്കിയ പദ്ധതി ഇപ്പോള്‍ 15ലധികം യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരെ മുഴുവന്‍ സമയം നിയമച്ചാണ് നടപ്പിലാക്കുന്നത്. ഈ നടപടികള്‍ക്കെതിരെ സിന്‍ഡിക്കേറ്റ് അംഗമായ റഷീദ് അഹമ്മദ് 2023 നവംബറില്‍ ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഗവര്‍ണറുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തതിനാലാണ് അദ്ദേഹം ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എഎസ്ആര്‍എസ് വാങ്ങുന്നതിനും അതിന്റെ അറ്റകുറ്റപ്പണികള്‍ അടക്കമുള്ളവയ്ക്കും വലിയ ചെലവ് വരുന്നതാണെന്നും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ വലിയ പരിശീലനം ആവശ്യമാണെന്നതും സര്‍വകലാശാലയ്ക്ക് അത്യാവശ്യപ്പെട്ട ഒന്നല്ല ഇതെന്നതും അടക്കമുള്ള കാര്യങ്ങള്‍ ഫിനാന്‍സ് ഓഫിസര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം സിന്‍ഡിക്കറ്റ് അംഗമെന്ന നിലയില്‍ താനും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വൈസ് ചാന്‍സിലറും സിന്‍ഡിക്കറ്റിലെ ഒരു വിഭാഗമാളുകളും ഇത് വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു.

മാത്രമല്ല, ഈ സംവിധാനം സ്ഥാപിക്കേണ്ടത് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറുടെ മേല്‍നോട്ടത്തിലായിരിക്കണമെങ്കിലും ഇത് പൂര്‍ണമായി അവഗണിച്ചു. ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറെ സാങ്കേതിക കമ്മിറ്റിയില്‍ പോലും വിസിയും സിന്‍ഡിക്കറ്റും ഉള്‍പ്പെടുത്തിയില്ല. 10 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ പ്രാരംഭ ചെലവ്് കണക്കാക്കിയിരുന്നത്. ഇത്രയും ഫണ്ട് സര്‍വകലാശാല അനുവദിക്കാത്തതിനാല്‍ ധനകാര്യ കമ്മിറ്റിയുടെ അനുമതിയില്ലാതെ വിസി നേരിട്ട് ബാക്കി തുക കൂടി അനുവദിച്ചു. 10 കോടി രൂപ കണക്കാക്കി തുടങ്ങിയ സംവിധാനം ഒടുവില്‍ പൂര്‍ത്തിയാക്കിയത് 26 കോടി രൂപയ്ക്കാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി വാങ്ങാതെ എല്ലാം വി.സിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപ്പാക്കിയത്. സര്‍വകലാശാല കംപ്യൂട്ടര്‍ സെന്ററിലെ ഒരു അസി. പ്രഫസറായിരുന്നു എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചത്. ഫണ്ട് അനുവദിക്കപ്പെട്ടതും ഇയാളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു.

ഇത്രയും തുക മുടക്കിയ സിഇഎഎം എന്ന് പിന്നീട് പേരുമാറ്റിയ എഎസ്ആര്‍എസ് സംവിധാനം ശരിയായ രീതിയില്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഉത്തരപ്പേപ്പറുകളും മറ്റും ഇപ്പോഴും അടുക്കി വയ്ക്കുന്നത് ജീവനക്കാര്‍ തന്നെയാണ്. 15 ജീവനക്കാരാണ് ഇതിനു വേണ്ടി മാത്രം നിയോഗിക്കപ്പെട്ടിട്ടുള്ളത്. കോടിക്കണക്കിന് രൂപ മുടക്കിയിട്ടും അതെല്ലാം വെറുതെയായിപ്പോയെന്നും ഹര്‍ജിയില്‍ പറയുന്നു. വിസിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയുടെ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇത്തരത്തില്‍ പണം അനുവദിച്ചതിന് വി.സിക്ക് പാരിതോഷികങ്ങള്‍ ലഭിച്ചതായും ഹര്‍ജിയില്‍ അവകാശപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.

സര്‍വകലാശാലയുടെ 12-ാമത് വി.സി.യായാണ് 2020 ജൂലായ് 13-ന് അദ്ദേഹം ചുമതലയേറ്റത്. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു മുന്‍പ് കൊച്ചിന്‍ ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര പഠനവിഭാഗം തലവനായും പ്രൊഫസറായുമൊക്കെ പ്രവര്‍ത്തിച്ചു. അമേരിക്കയിലെ ഒറിഗോണ്‍ സ്റ്റേറ്റ് സര്‍വകലാശാല, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍, തിരുവനന്തപുരം റീജണല്‍ റിസര്‍ച്ച് ലബോറട്ടറി, അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും അദ്ദേഹത്തിന്റെ കാലത്തുണ്ടായി. ചാന്‍സലറുമായുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും ഒതുങ്ങിയിട്ടില്ല. ഈവര്‍ഷം മാര്‍ച്ച് ഏഴിനാണ് യു.ജി.സി. ചട്ടലംഘനത്തിലൂടെയാണ് നിയമനം നടന്നതെന്നുകാണിച്ച് അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള ചാന്‍സലറുടെ ഉത്തരവ് വരുന്നത്. എന്നാല്‍ ഹൈക്കോടതി അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചു. 2022-ല്‍ സര്‍വകലാശാലാ വകുപ്പുകളിലേക്കുള്ള സ്ഥിരാധ്യാപകരുടെ നിയമനത്തില്‍ സംവരണം പാലിക്കപ്പെട്ടില്ല എന്ന വിവാദവും ഏറെ ചര്‍ച്ചാവിഷയമായി.