ഒട്ടാവ: ലോറൻസ് ബിഷ്ണോയ് സംഘം ഇന്ത്യൻ സർക്കാരിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ക്രിമിനൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അക്രമങ്ങൾ നടത്തുന്നതായും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിൻ്റെ (ആർസിഎംപി) റിപ്പോർട്ട്. കാനഡയിലെ കുറ്റകൃത്യങ്ങളിൽ ബിഷ്ണോയ് സംഘത്തിൻ്റെ സ്വാധീനം വർധിക്കുന്നതിനെക്കുറിച്ചുള്ള രഹസ്യ നിരീക്ഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ആർസിഎംപിയുടെ മൂന്നുപേജുള്ള റിപ്പോർട്ടിൽ, ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് ആറു തവണയാണ് പരാമർശിക്കുന്നത്. ഇന്ത്യയിലെ ജയിലിലിരുന്ന് ലോറൻസ് ബിഷ്ണോയ് തൻ്റെ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്ന ബിഷ്ണോയ് ഗ്രൂപ്പ് തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആക്രമണം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തട്ടിക്കൊണ്ടുപോകൽ, ലഹരിമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പുകൾ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ബിഷ്ണോയ് സംഘം ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം കാനഡയിൽ ഇവർ അക്രമ പ്രവർത്തനങ്ങൾ ശക്തമാക്കുകയും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപകമാക്കുകയും ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ ഖലിസ്ഥാൻ ഭീകരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിൽ വലിയ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇന്ത്യ ഈ ആരോപണം നിഷേധിക്കുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദശാബ്ദങ്ങളായി ഇന്ത്യ നൽകിയ മുന്നറിയിപ്പുകളിൽ കാനഡ നടപടിയെടുത്തിട്ടില്ലെന്ന് ഇന്ത്യ ആരോപിക്കുമ്പോഴും, സംഘടിത കുറ്റകൃത്യങ്ങളുടെ പേരിൽ കാനഡ ഇന്ത്യയെ കുറ്റപ്പെടുത്തുന്നുണ്ട്.