ബാംഗ്ലൂര്‍: ലോകത്തെ ഏറ്റവും മികച്ച നഗരമായി ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിനെ തെരഞ്ഞെടുത്തു. ടൈംഔട്ട് നടത്തിയ സര്‍വ്വേയിലാണ് ഈ നഗരത്തെ ലോകത്തെ ഏറ്റവും മികച്ച നഗരമായി തെരഞ്ഞെടുത്തത്. നഗരത്തിന്റെ സൗന്ദര്യം, ചരിത്ര സ്ഥലങ്ങള്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് കേപ്ടൗണിന് ഈ ബഹുമതി ലഭിച്ചിരിക്കുന്നത്. മികച്ച നഗരങ്ങളില്‍ രണ്ടാം സ്ഥാനം ബാങ്കോക്കിനും മൂന്നാം സ്ഥാനം ന്യൂയോര്‍ക്കിനും നാലാം സ്ഥാനം മെല്‍ബണിനും അഞ്ചാം സ്ഥാനം ലണ്ടനുമാണ്.

ലോകത്തെ വിവിധ നഗരങ്ങളില്‍ താമസിക്കുന്ന 18500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ടൈംഔട്ട് മികച്ച നഗരങ്ങളെ തെരഞ്ഞെടുത്തത്. ഭക്ഷണം, രാത്രി ജീവിതം തുടങ്ങി നിരവധി മാനദണ്ഡങ്ങളാണ് സര്‍വ്വേയ്ക്ക് അടിസ്ഥാനമാക്കിയിരുന്നത്. നഗരകാര്യങ്ങളില്‍ വിദഗ്ധരായ 100 പേരുടെ അടുത്ത് നിന്നും ടൈംഔട്ട് അഭിപ്രായങ്ങളും സ്വീകരിച്ചിരുന്നു. ടൈം ഔട്ടിന്റെ ട്രാവല്‍

എഡിറ്ററായ ഗ്രേസ് ബിയേഡിന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ക്ക് ഒരു നഗരത്തെ കുറിച്ച് അഭിപ്രായം അറിയണമെങ്കില്‍ അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം അവിടെയുള്ള നാട്ടുകാരോട് തന്നെ ചോദിക്കുക എന്നതാണ്.

അത് കൊണ്ട് തന്നെ ഇതേ രീതിയാണ് ഈ സര്‍വ്വേയിലും നടപ്പിലാക്കിയത്. കേപ്പ്ടൗണിനെ ലോകത്തെ ഏറ്റവും മികച്ച നഗരമായി തെരഞ്ഞെടുത്ത നാട്ടുകാര്‍ പറഞ്ഞത് ടൈംഔട്ട് മുന്നോട്ട് വെച്ച എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായി പാലിക്കപ്പെടുന്ന നഗരമാണ് തങ്ങളുടേത്

എന്നാണ്. ആഫ്രിക്കന്‍ പെന്‍ഗ്വിനുകളും ലോകോത്തര നിലവാരം പുലര്‍ത്തുന്ന വീഞ്ഞുകളും അതി മനോഹരമായ ബീച്ചുകളും എല്ലാം തന്നെ തങ്ങളുടെ നഗരത്തെ വലിയൊരു വിസ്മയമാക്കി മാറ്റുന്നു എന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

ബാങ്കോക്കില്‍ ആകട്ടെ സാംസ്‌ക്കാരികമായി ഔന്നത്യം പുലര്‍ത്തുന്ന എല്ലാവരോടും വളരെ സൗഹൃദത്തില്‍ പെരുമാറുന്ന ഒരു നഗരം എന്ന ഫീലാണ് ജനങ്ങള്‍ക്കുള്ളത്്. തായ്ലന്‍ഡിന്റെ സവിശേഷമായ സ്വാദിഷ്ടമായ ആഹാര വൈവിധയവും ഈ നഗരത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ന്യൂയോര്‍ക്കിലെ 92 ശതമാനം ജനങ്ങളും തങ്ങളുടെ നഗരം വിസ്മയങ്ങളുടെ ലോകം ആണെന്നാണ് വിശേഷിപ്പിച്ചത്.

നാലാം സ്ഥാനത്തുള്ള മെല്‍ബണിനെ പ്രിയപ്പെട്ടതാക്കുന്നത് അവരുടെ അതീവ രുചികരമായ ഭക്ഷണ വൈവിധ്യം തന്നെയാണ്. അഞ്ചാം സ്ഥാനത്തുള്ള ലണ്ടന്‍ എന്ന പുരാതന നഗരത്തെ ശ്രദ്ധേയമാക്കിയതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. പൗരാണികത നിലനിര്‍ത്തുന്ന പബ്ബുകളും മികച്ച റെസ്റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും എല്ലാം തന്നെ ലണ്ടനെ ഏറ്റവും പ്രിയപ്പെട്ട നഗരമാക്കി മാറ്റിയിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച 50 നഗരങ്ങളുടെ പട്ടികയില്‍ മുംബൈയുടെ സ്ഥാനം 49 ആണ്. ഇന്ത്യയിലെ തന്നെ പ്രമുഖ നഗരമായ ബംഗളൂരു പോലും ഈ പട്ടികയില്‍ നിന്ന് പുറത്താണ്.