- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരമൃത്യു വരിച്ച മകന്റെ കീര്‍ത്തിചക്രയടക്കം മരുമകള്‍ സ്മൃതി കൊണ്ടുപോയി; ഒന്നു തൊടാന്‍പോലും കഴിഞ്ഞില്ല; തുറന്നുപറഞ്ഞ് അന്‍ഷുമാന്റെ മാതാപിതാക്കള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം സിയാച്ചിനില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിന്റെ മാതാപിതാക്കള്‍ മരുമകള്‍ സ്മൃതിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. മകന് മരണാനന്തര ബഹുമതിയായി ലഭിച്ച കീര്‍ത്തി ചക്ര പുരസ്‌കാരമടക്കം മരുമകള്‍ സ്മൃതി കൊണ്ടുപോയെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഫോട്ടോ ആല്‍ബം, വസ്ത്രങ്ങള്‍ തുടങ്ങി മകന്റെ ഓര്‍മ്മയുള്ള എല്ലാ വസ്തുക്കളും സ്മൃതി പഞ്ചാബിലെ ഗുരുദാസ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് അന്‍ഷുമാന്റെ പിതാവ് രവി പ്രതാപ് സിംഗും മാതാവ് മഞ്ജു സിംഗും പറയുന്നത്.
തന്റെ മകന് ലഭിച്ച കീര്‍ത്തിചക്ര പുരസ്‌കാരത്തില്‍ ഒന്ന് തൊടാന്‍പോലും കഴിഞ്ഞില്ലെന്ന് അന്‍ഷുമാന്‍ സിങ്ങിന്റെ അമ്മ മഞ്ജു പറഞ്ഞു. ജൂലായ് അഞ്ചിന് രാഷ്ട്രപതി ഭവനില്‍നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സ്മൃതിക്കൊപ്പം പങ്കെടുത്തു. അതിനിടെ, കരസേനാ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരം ഫോട്ടോ എടുക്കുന്നതിനിടയില്‍ പുരസ്‌കാരത്തില്‍ ഒന്ന് തൊട്ടു. എന്നാല്‍, അതിനുശേഷം പുരസ്‌കാരം സ്മൃതി തന്റെ കൈയ്യില്‍നിന്ന് എടുത്തുവെന്നു മഞ്ജു പറഞ്ഞു.
തന്റെ മകന്റെ ഔദ്യോഗിക വിലാസം ലഖ്‌നൗവില്‍നിന്ന് ഗുര്‍ദാസ്പുരിലേക്ക് സ്മൃതി മാറ്റിയതായി അന്‍ഷുമാന്‍ സിങ്ങിന്റെ പിതാവ് രവി പ്രതാപ് സിങ് ആരോപിച്ചു. മകനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്മൃതിയിലേക്ക് മാത്രം എത്തിച്ചേരണമെന്നുള്ള ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
വീരമൃത്യു വരിച്ച ജവാന്റെ ഭാര്യക്കൊപ്പം മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന സഹായ തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന വിധത്തില്‍ ചട്ടങ്ങള്‍ ഭേദഗതിചെയ്യണം. സൈനികബഹുമതികളുടെ ഒരു പകര്‍പ്പ് ഭാര്യക്കൊപ്പം മാതാപിതാക്കള്‍ക്കും നല്‍കണം. അതുവഴി, തന്റെ മകന്റെ ഓര്‍മകള്‍ തങ്ങളോടൊപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും രവി പ്രതാപ് സിങ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സിയാച്ചിനിലുണ്ടായ വന്‍ തീപിടിത്തത്തിനിടെ ആളുകളെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ആര്‍മി മെഡിക്കല്‍ കോര്‍പ്‌സിലെ ക്യാപ്റ്റനായിരുന്ന അന്‍ഷുമാന്‍ സിംഗ് വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി കേന്ദ്ര സര്‍ക്കാര്‍ അന്‍ഷുമാന് കീര്‍ത്തിചക്ര പ്രഖ്യാപിക്കുകയായിരുന്നു. ഭാര്യ സ്മൃതിയും അമ്മ മഞ്ജു സിംഗും ചേര്‍ന്ന് ജൂലൈ 5 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് കീര്‍ത്തിചക്ര ഏറ്റുവാങ്ങിയത്.
പിന്നീട് ലഖ്‌നൗവില്‍ നിന്ന് ഗുരുദാസ്പൂരിലേക്ക് മാറിയ സ്മൃതി, മകന്റെ പുരസ്‌കാരങ്ങളടക്കമുള്ള എല്ലാ വസ്തുക്കളും കൊണ്ടുപോയെന്നാണ് അന്‍ഷുമാന്റെ പിതാവ് രവി പ്രതാപ് സിംഗ് ആരോപിച്ചത്. മകന് ലഭിച്ച കീര്‍ത്തിചക്രയില്‍ തൊടാന്‍ പോലും പറ്റിയില്ലെന്നും അദ്ദേഹം വിവരിച്ചു. കീര്‍ത്തി ചക്ര പോലെ സൈനികള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളുടെ പകര്‍പ്പ് ഭാര്യക്കൊപ്പം മാതാപിതാക്കള്‍ക്ക് കൂടി നല്‍കുന്ന നിലയില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മക്കളുടെ ഓര്‍മ്മകള്‍ മാതാപിതാക്കള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യം ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2023 ഫെബ്രുവരിയിലായിരുന്നു അന്‍ഷുമാനും സ്മൃതിയും വിവാഹിതരായത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. മാസങ്ങള്‍ക്കിപ്പുറം ജൂലൈയില്‍ അന്‍ഷുമാന്‍ വീരമ്യുതി വരിച്ചതോടെ സ്മൃതി വിധവയായി. നോയിഡയില്‍ താമസിച്ചിരുന്ന സ്മതി, അന്‍ഷുമാന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സ്വന്തം നാടായ ഗുര്‍ദാസ്പൂറിലേക്ക് മടങ്ങി. ഈ സമയത്താണ് മകന്റെ കീര്‍ത്തിചക്രയടക്കമുള്ള എല്ലാ ഓര്‍മ്മകളും കൊണ്ടുപോയതെന്നാണ് രവി പ്രതാപ് സിംഗ് പറയുന്നത്.
2023 ജൂലായ് 19-ന് സിയാച്ചിന്‍ മഞ്ഞുമലയില്‍ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റല്‍ മെഡിക്കല്‍ ഓഫീസര്‍ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22-ന് എല്ലാ ഔദ്യോഗികബഹുമതികളോടെയും ഉത്തര്‍പ്രദേശിലെ ഭഗല്‍പുരില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.