- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യന്‍ കാറുകള്‍ വിദേശത്തേക്ക് അയക്കും; നികുതി നേട്ടമുണ്ടാക്കിയ ശേഷം തിരികെ കൊണ്ടുവരും! 'റിവേഴ്സ് സ്മഗ്ലിങ്' വഴി കൊള്ളയടിക്കുന്നത് കോടികള്‍; തട്ടിപ്പിന്റെ ഞെട്ടിക്കുന്ന 'ഭൂട്ടാന്‍ കള്ളക്കളി' പുറത്ത്; ഓപ്പറേഷന്‍ നുംഖൂറില്‍ കുടുങ്ങി വമ്പന്‍ സ്രാവുകള്‍

കൊച്ചി: സാധാരണ കള്ളക്കടത്തുകാരെപ്പോലെ വിദേശത്ത് നിന്ന് സാധനങ്ങള്‍ ഇങ്ങോട്ട് കടത്തുകയല്ല, പകരം ഇവിടെ നിര്‍മ്മിക്കുന്ന ലക്ഷ്വറി കാറുകള്‍ വിദേശത്തേക്ക് കയറ്റി അയച്ച് സര്‍ക്കാരിനെ പറ്റിച്ച് നികുതി വെട്ടിക്കുന്ന പുതിയ 'ഐറ്റം' പുറത്ത്. 'റിവേഴ്സ് സ്മഗ്ലിങ്' (Reverse Smuggling) എന്ന് കസ്റ്റംസ് വിളിക്കുന്ന ഈ ഹൈടെക് തട്ടിപ്പിലൂടെ ഭാരത സര്‍ക്കാരിന് നഷ്ടപ്പെടുന്നത് കോടിക്കണക്കിന് രൂപയുടെ നികുതിപ്പണമാണ്. കൊച്ചി-ജെയ്ഗാവ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകള്‍ നടത്തിയ 'ഓപ്പറേഷന്‍ നുംഖൂര്‍' (Operation Numkhor) എന്ന മിന്നല്‍ പരിശോധനയിലാണ് ഈ വമ്പന്‍ റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുന്ന പ്രീമിയം കാറുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ജിഎസ്ടിയിലും താരിഫിലും സര്‍ക്കാര്‍ വലിയ ഇളവുകള്‍ നല്‍കാറുണ്ട്. ഇത് ഏകദേശം 28 മുതല്‍ 35 ശതമാനം വരെ വരും. ഈ ആനുകൂല്യം തട്ടിയെടുക്കാനാണ് റാക്കറ്റുകളുടെ ആദ്യ നീക്കം. 20 ലക്ഷം രൂപ വിലയുള്ള ഒരു കാര്‍ വിദേശത്തേക്ക് അയക്കുമ്പോള്‍ മാത്രം 6 മുതല്‍ 7 ലക്ഷം രൂപ വരെ സര്‍ക്കാരില്‍ നിന്ന് നികുതി ഇളവായി റാക്കറ്റിന്റെ പോക്കറ്റിലെത്തും. ഇത് കേവലം തുടക്കം മാത്രമാണ്.
വിദേശത്ത് വിറ്റഴിക്കുന്ന ഈ കാറുകള്‍ നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ റാക്കറ്റ് അവിടെ നിന്ന് തുച്ഛമായ വിലയ്ക്ക് തിരികെ വാങ്ങും. പിന്നീട് ഇവ ആക്രി എന്ന വ്യാജേന കടല്‍ കടത്തി വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കും. ഇങ്ങനെ കൊണ്ടുവരുന്ന ഭാഗങ്ങള്‍ റീ-അസംബിള്‍ ചെയ്ത് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വന്‍ വിലയ്ക്ക് വിറ്റഴിക്കുകയാണ് ഇവരുടെ രീതി. അതായത്, ഒരേ കാര്‍ ഉപയോഗിച്ച് രണ്ട് വട്ടം നികുതിയും വെട്ടിക്കും, വലിയ ലാഭത്തിന് വില്‍ക്കുകയും ചെയ്യും.
തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാന്‍ കാറുകളുടെ ഷാസി നമ്പറും എന്‍ജിന്‍ നമ്പറും മാറ്റുന്നതാണ് ഇവരുടെ അടുത്ത വിദ്യ. എന്നാല്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ നിര്‍മ്മാണ കമ്പനികളുടെ രേഖയിലുള്ള നമ്പറും വണ്ടിയിലെ നമ്പറും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി.
കസ്റ്റംസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നടത്തിയ പ്രാഥമിക പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 15,849 വാഹനങ്ങളില്‍ ഇത്തരത്തിലുള്ള പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അസം, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജ രജിസ്ട്രേഷന്‍ സംഘടിപ്പിക്കുകയാണ് ഇവരുടെ പ്രധാന വിദ്യ.
ഭൂട്ടാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് നടക്കുന്ന ഈ തട്ടിപ്പിന്റെ വേരുകള്‍ തേടി കസ്റ്റംസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. നികുതിപ്പണം വെട്ടിച്ചു ജീവിക്കുന്ന ഈ റാക്കറ്റുകളെ കുടുക്കാന്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.


