കൊച്ചി: കേരള കാത്തലിക് ബഷപ്സ് കൗൺസിലിന്റെ പുതിയ അദ്ധ്യക്ഷനായി സിറോ മലങ്കര മേജർ ആർച്ചുബിഷപ്പും തിരുവനന്തപുരം രൂപതാ മെത്രാപൊലീത്തയുമായ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവയെ തിരഞ്ഞെടുത്തു. കെ.സി.ബി.സി. ആസ്ഥാനത്തു ചേർന്ന കൗൺസിലിന്റെ ത്രിദിന ശീതകാല സമ്മേളനത്തിൽ, അധ്യക്ഷ പദവിയിൽ നിന്ന് മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. മാർ പോളി കണ്ണുക്കാടൻ ആണ് വൈസ് പ്രസിഡന്റ്. ഡോ. അലക്‌സ് വടക്കുംതലയെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തിട്ടുണ്ട്.

മൂന്നുവർഷത്തെ ഊഴം സിറോ മലബാർ സഭാധ്യക്ഷൻ പൂർത്തിയാക്കുന്ന മുറയ്ക്കാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് കെസിബിസി അധ്യക്ഷ സ്ഥാനം ബസേലിയോസ് മാർക്ലിമിസിൽ എത്തിച്ചേരുന്നത്. 2014 മുതൽ നാലുവർഷം സി.ബി.സിഐയുടെ അധ്യക്ഷനുമായിരുന്നു. 140 നാൾ നീണ്ടുനിന്ന വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം സമാധാന ദൂതിലൂടെ വിജയകരമായി തീർപ്പാക്കിയ തിളക്കവുമായാണ് ക്ലീമിസ് പിതാവിന്റെ പുതിയ സ്ഥാനാരോഹണം.

വിഴിഞ്ഞം പ്രശ്നത്തിൽ ഉൾപ്പെടെ ക്രൈസ്തവസഭകൾ സർക്കാരിനോടുള്ള തുടർനിലപാട് വ്യക്തമാക്കേണ്ട നിർണായക ഘട്ടത്തിലാണ് കെ സി ബി സി അധ്യക്ഷ പദവി സിറോ മലങ്കര സഭയ്ക്ക് ലഭിച്ചിരിക്കുന്നത്. സമരം താൽക്കാലികമായി അവസാനിച്ചെങ്കിലും, ഇനിയും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. സർക്കാരുമായി തൽക്കാലം സമവായ പാതയിൽ എത്തിയെങ്കിലും, ലത്തീൻ സമുദായാംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള വിഴിഞ്ഞത്ത് പുനരധിവാസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ കെ.സി.ബി.സിക്ക് ഉറച്ച നിലപാട് സ്വീകരിക്കേണ്ടിവരും.

്സംസ്ഥാന സർക്കാരിന്റെ മദ്യനയം മുതൽ തീവ്രസംഘടനകളോടുള്ള മൃദുസമീപനം വരെ സമീപകാലത്ത് കെ.സി.ബി.സിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. സിറോ മലബാർ സഭയിലെ ഏകീകൃത കുർബാന വിവാദത്തിന് രമ്യമായ പരിഹാരവും പുതിയ അധ്യക്ഷന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്.

വിഴിഞ്ഞം പദ്ധതിക്ക് എതിരല്ലെന്ന് ക്ലീമിസ് കാതോലിക്ക ബാവ

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തങ്ങൾ എതിരല്ലെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കുകയാണ് ആവശ്യമെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും സമയബന്ധിതമായ ഇടപെടൽ ഉണ്ടാകണമെന്നും കർദനിനാൾ മാർ ബസേലിയോസ് വ്യക്തമാക്കി.

പരസ്പര സഹകരണത്തോടെ മാത്രമേ ശാശ്വതമായ പരിഹാരം ഉണ്ടാകൂ. ഒത്തുതീർപ്പ് ചർച്ചയിൽ സർക്കാർ രേഖാമൂലം ഉറപ്പുകൾ നൽകിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷണസമിതി പരിശോധിക്കും. സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളിൽ വഴിവിട്ട ഇടപെടൽ നടത്തില്ല. സഭ വികസനത്തിനെതിരായി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. നിൽക്കുകയുമില്ല. തുറമുഖം വരുമ്പോൾ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ആയിരുന്നു സഭയുടെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് ക്ലീമിസ് പിതാവിന്റെ സമാധാന ദൂത്

ഒരുവേള കൈവിട്ടുപോകുമോ എന്ന് സർക്കാർ പോലും ഭയപ്പെട്ട സമരം. പൊലീസ് സ്റ്റേഷൻ ആക്രമണത്തോടെ, ഇരുപക്ഷവും കൂടുതൽ അകലത്തിലായ നേരം. അകലങ്ങളെ അടുപ്പിക്കാൻ, ആരാണ് ആശ്രയം എന്നത് വലിയ ചോദ്യചിഹ്നമായിമുന്നിൽ നിന്നു. ആ സമയത്താണ്, വിഴിഞ്ഞത്തെ സമയവായ നീക്കത്തിന്റെ ഭാഗമായി കാതോലിക്ക ബാവ സമാധാന ദൂതുമായി രംഗത്തിറങ്ങിയത്. ആദ്യം ചീഫ് സെക്രട്ടറിയുമായും, പിന്നീട് മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സമരക്കാരുമായി നിരവധി വട്ടം ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ക്ലീമിസ് പിതാവിന്റെ ഇടപെടൽ നിർണായകമായത്. ഇത് മറുനാടനാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

കാതോലിക്ക ബാവയുമായും ലത്തീൻ അതീരൂപത ആർച്ച ബിഷപ്പ് ഡോക്ടർ തോമസ് ജെ നെറ്റോയുമായും ചീഫ് സെക്രട്ടറി വി.പി ജോയി ചർച്ച നടത്തിയപ്പോഴും പദ്ധതിയുടെ പണി നിർത്തി വെയ്ക്കില്ലെന്ന നിലപാട് സർക്കാർ ആവർത്തിച്ചു. എന്നിരുന്നാലും മറ്റ് കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ധാരണയിലെത്തിയിരുന്നു. ചൊവ്വാഴ്ച സമരത്തിന് തീർപ്പാകുമെന്ന് നേരത്തെ തന്നെ ധാരണ ഉരുത്തിരിഞ്ഞിരുന്നു.

തുറമുഖ നിർമ്മാണവുമായി അദാനിക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നതിനൊപ്പം തന്നെ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിലും പരിഹാരം കൊണ്ടുവരാൻ കളമൊരുങ്ങി. ഇത് സംബന്ധിച്ച സമവായ ഫോർമുലകൾ വന്നു. കർദിനാൾ മാർ ക്ലീമീസ് ബാവയുടെ നേതൃത്വത്തിൽ സമാധാനദൗത്യ സംഘമാണ് പ്രശ്‌ന പരിഹാരത്തിനുള്ള മാർഗ്ഗങ്ങളിലേക്ക് എത്തിയത്. ഇതിൽ പ്രധാനമായും മാർ ക്ലീമീസ് മുന്നോട്ടുവെച്ച നിർദ്ദേശമാണ് എല്ലാവർക്കും സ്വീകാര്യമായി മാറിയത്.

വിഴിഞ്ഞത്തെ സമരക്കാർ പ്രധാനമായും ഉന്നയിച്ചത് ഏഴ് ആവശ്യങ്ങളായിരുന്നു. ഇതിൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യവും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സമ്മതം മൂളാൻ സർക്കാർ തയ്യാറായില്ല. മാത്രമല്ല, തുറമുഖ നിർമ്മാണത്തിലെ പാരിസ്ഥിതികാഘാതം പഠിക്കാനുള്ള സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിലും സർക്കാർ നിലപാട് വ്യക്തമാക്കിയില്ല. ഇതിനിടെയാണ് നിർണായകമായ നിർദ്ദേശം ക്ലീമീസ് മുന്നോട്ടു വെച്ചത്.

സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന വാഗ്ദാനം സമയബന്ധിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒരു മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കണമെന്നാണ് ക്ലീമീസ് മുന്നോട്ടുവെച്ച നിർദ്ദേശം. ചീഫ് സെക്രട്ടറിയും പോർട്ട് സെക്രട്ടറിയും അടക്കമുള്ളവർ ഉൾപ്പെടുന്ന മോണിറ്ററിങ് കമ്മറ്റിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളും വേണമെന്നും ക്ലീമീസ് നിർദ്ദേശം മുന്നോട്ടു വെച്ചു. ഈ ആവശ്യം സർക്കാർ അംഗീകരിക്കാൻ തയ്യാറായി.

പദ്ധതിപ്രദേശത്തിന്റെ സംരക്ഷണത്തിനു കേന്ദ്രസേന വേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെ സമരസമിതിക്കു നേതൃത്വം നൽകുന്ന ലത്തീൻ സഭയും അയഞ്ഞിരുന്നു. തുറമുഖനിർമ്മാണം സ്ഥിരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കുന്ന സർക്കുലർ പള്ളികളിൽ വായിച്ചു. സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രിയാണ് മന്ത്രിസഭാ ഉപസമിതിയോടു നിർദ്ദേശിച്ചത്. ഇതനുസരിച്ചാണ് ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയും മോൺ. യൂജിൻ എച്ച്.പെരേരയും പട്ടം ബിഷപ് ഹൗസിലെത്തി കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തിയത്.

ക്ലീമീസ് ബാവയുടെ നിർദ്ദേശങ്ങളിൽ സർക്കാറും ലത്തീൻ സഭയും സമ്മതം മൂളിയതോടെ തീരദേശത്ത് സമാധാനത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞത്. സർക്കാറിന്റെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന ഉറപ്പാണ് സമരക്കാർക്ക് വേണ്ടിയിരുന്നത്. മോണിറ്ററിങ് സമിതിയെന്ന ആശയത്തിന് സർക്കാരും പിന്തുണച്ചതോടെ വിഴിഞ്ഞത്ത് വീണ്ടും സമാധാനം പുലരുകയാണ്.