പാരിസ്: ലോകത്തിന്റെ പല കോണുകളിൽ നിന്നും കത്തോലിക്ക വൈദികർക്കെതിരെയും സഭക്കെതിരെയും പീഡന പരാതികൾ ഉയർന്നിട്ടുണ്ട്. പല രാജ്യങ്ങളിലും സഭ, ആരോപണ വിധേയരെ സഹായിക്കുന്നതായിട്ടും പരാതികൾ ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ഫ്രാൻസിലെ ഉന്നതനായ ഒരു കർദ്ദിനാൾ പീഡനാരോപണത്തെ തുടർന്ന് പുറത്തു പോവുകയാണ്. 35 വർഷങ്ങൾക്ക് മുൻപ് ഒരു 14 കാരിയെ പീഡിപ്പിച്ചു എന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു കർദ്ദിനാൾക്ക് രാജിവെച്ച് ഒഴിയേണ്ടി വന്നത്.

കഴിഞ്ഞ വർഷം പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ ഫ്രഞ്ച് കത്തോലിക്ക സഭയിൽ നിരവധി പീഡനങ്ങൾ നടന്നതായി വെളിപ്പെട്ടിരുന്നു. അതിൽ ഒന്നായിരുന്നു 78 കാരനായ ജീൻ പിയറി റിക്കാർഡ് എന്ന കർദ്ദിനാളിന്റെത്. മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുൻപ് താൻ ഒരു പുരോഹിതയായിരുന്നപ്പോൾ ഒരു 14 കാരിയെ ദുരുപയോഗം ചെയ്തതായി തന്റെ കുറ്റസമ്മതത്തിൽ പറയുന്നുണ്ട്.ആ വ്യക്തിക്ക് തന്റെ പ്രവർത്തികൾ തീരാ ദുഃഖം നൽകി എന്നും അതിൽ സമ്മതിക്കുന്നു.

2019 വരെ തെക്കൻ ഫ്രാൻസിലെ ബോർഡോക്സിലെ ആർച്ച് ബിഷപ്പ് ആയിരുന്നു റിക്കാർഡ് പിന്നീട് ആ സ്ഥാനത്തു നിന്നും മാറി തന്റെ സ്വന്തം രൂപതയായ ഡിഗ്‌നെസ് ലെ ബേയ്ൻസിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആർച്ച് ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡണ്ട് ആർച്ച് ബിഷപ്പ്എറിക് ഡി മൗലിൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1980 ൽ മാഴ്സീല്ലെ അതിരൂപതയിൽ പുരോഹിതനായിരിക്കവെ ആണ് ഇയാൾ ലൈംഗികമായി പെൺകുട്ടിയെ ദുരുപയോഗം ചെയ്തത്.

കത്തോലിക്ക സഭയിലെ ലൈംഗിക പീഡന വിവരങ്ങൾ പുറത്തായതോടെ സഭയും സർക്കാരും പ്രത്യേകം പ്രത്യേകമായി നടത്തിയ അന്വേഷണങ്ങളിൽ ഇതുവരെ ആറ് ബിഷപ്പുമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ ഉൾപ്പടെ 11 ബിഷപ്പുമാർക്കെതിരെയാണ് ആരോപണങ്ങൾ പ്രധാനമായും ഉയർന്നിട്ടുള്ളത്. എന്നാൽ, തന്റെ ഇരയോട് താൻ സംസാരിച്ച് ക്ഷമാപണം നടത്തിയതായി റിക്കാർഡ് പറഞ്ഞു. എന്നാണ് ഇരയുമായി സംസാരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

സഭ നിയമിച്ച ബോർഡിന്റെ അന്വേഷണത്തിൽ ഏകദേശം 3,30,000 കുട്ടികൾ കഴിഞ്ഞ 70 വർഷങ്ങൾക്കിടയിൽ വൈദികരുടെയും സഭയുമായി ബന്ധപ്പെട്ട മറ്റ് ഉന്നത വ്യക്തികളുടെയും പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ഇതിൽ 2,16,000 പേരെ പീഡിപ്പിച്ചത് പുരോഹിതന്മാരാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.