വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത പോപ്പ് ആകുമെന്ന് കണക്കാക്കപ്പെടുന്നവരുടെ പട്ടികയില്‍ ഒമ്പത് പേരാണുള്ളത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഈ പട്ടകിയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഒരു കര്‍ദ്ദിനാള്‍ തന്നെ രംഗത്തെത്തി എന്നതാണ്. പത്രസമ്മേളനം വിളിച്ചാണ് തന്നെ ഒഴിവാക്കണം എന്ന കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ സഭയിലെ അതിശക്തനായ കര്‍ദ്ദിനാള്‍ വിന്‍സന്റ് നിക്കോള്‍സാണ് തന്നെ മാര്‍പ്പാപ്പ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്നാവശ്യപ്പെട്ടത്. തനിക്ക് 79 വയസ് കഴിഞ്ഞതായും അത് കൊണ്ട് തന്നെ പ്രായാധിക്യം കാരണം തന്നെ മാര്‍പ്പാപ്പ പദവിയിലേക്ക് പരിഗണിക്കരുത് എന്നുമാണ് നിക്കോള്‍സ് വിശദീകരിക്കുന്നത്. പത്രസമ്മേളനത്തില്‍ അദ്ദേഹത്തിനോടൊപ്പം പങ്കെടുത്ത മറ്റൊരു കര്‍ദ്ദിനാളായ തിമോത്ത് റാറ്റ്ക്ലിഫും മാര്‍പ്പാപ്പയാകാനുള്ള മല്‍സരത്തില്‍ നിന്നും താനും പിന്‍മാറുകയാണെന്ന് സൂചന നല്‍കി.

തന്നെ ഈ പദവിയിലേക്ക് പരിഗണിക്കാന്‍ പരിശുദ്ധാത്മാവ് തയ്യാറാകുമെന്ന് കരുതുന്നില്ല എന്നാണ് റാറ്റ്ക്ലിഫും വെളിപ്പെടുത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകാന്‍ സാങ്കേതികമായി എല്ലാ യോഗ്യതകളും ഉള്ള മൂന്ന് ബ്രിട്ടീഷ് കര്‍ദ്ദിനാള്‍മാരില്‍ ഉള്‍പ്പെട്ടവരാണ് ഈ രണ്ട് പേരും. ലിവര്‍പൂളില്‍ ജനിച്ച കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് 2009 മുതല്‍ വെസ്റ്റ്മിന്‍സ്റ്ററിലെ ആര്‍ച്ച് ബിഷപ്പും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ സഭയുടെ തലവനുമാണ്. 2014 ല്‍ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ ആയി നിയമിച്ചു.

55 വര്‍ഷം മുമ്പാണ് അദ്ദേഹം വൈദികനാകുന്നത്. 25 വര്‍ഷം മുമ്പാണ് കര്‍്ദിനാള്‍ നിക്കോള്‍സ് ബര്‍മിങ്ഹാമിലെ ആര്‍ച്ച ബിഷപ്പ് ആകുന്നത്. 2014 ല്‍ ആരംഭിച്ച ലോകമെമ്പാടുമുള്ള കത്തോലിക്കാ ബിഷപ്പുമാരുടെയും പോലീസ് മേധാവികളുടെയും കൂട്ടായ്മയായ സാന്താ മാര്‍ട്ട ഗ്രൂപ്പിന്റെ പ്രസിഡന്റ് എന്ന സുപ്രധാന പദവിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ നിയോഗിച്ചിരുന്നു. 2016 ല്‍ കര്‍ദ്ദിനാള്‍ നിക്കോള്‍സ്, കൗണ്‍സില്‍ ഓഫ് യൂറോപ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സസിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സാമൂഹ്യ വിഷയങ്ങളിലും രാഷ്ട്രീയപരമായ കാര്യങ്ങളിലും എല്ലാം തന്നെ സ്വന്തമായി ശക്തമായ നിലപാടുകള്‍ ഉള്ള അത് പരസ്യമായി പ്രകടിപ്പിച്ചിരുന്ന ആത്മീയ നേതാവ് കൂടിയാണ് കര്‍ദ്ദിനാള്‍ നിക്കോള്‍സ്. അഞ്ച് വര്‍ഷം മുമ്പ് കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട

സംഭവം മറച്ചു വെച്ചു എന്നാരോപിച്ച് ഒരു വിഭാഗം നിക്കോള്‍സിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. നിക്കോള്‍സ് രാജി വെയ്ക്കാന്‍ തയ്യാറായി എങ്കിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അക്കാര്യം സമ്മതിച്ചില്ല. 1154 മുതല്‍ 1159 വരെ മാത്രം മാര്‍പ്പാപ്പയായിരുന്ന അഡ്രിയാന്‍ നാലാമന്‍ മാത്രമാണ് ബ്രിട്ടീഷുകാരനായ ഏക മാര്‍പ്പാപ്പ.