- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കത്തോലിക്കാ സഭയുടെ നാഥനായി ആരു വരും? പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതല്‍; വോട്ടവകാശം ഉള്ളത് 133 കര്‍ദിനാള്‍മാര്‍ക്ക്; അഞ്ച് ഭൂഖണ്ഡങ്ങളിലായി 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ക്ലേവില്‍
കത്തോലിക്കാ സഭയുടെ നാഥനായി ആരു വരും?
വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാനായി ലോകമെമ്പാമുള്ള കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനില്‍ എത്തിത്തുടങ്ങി. 132 കര്‍ദ്ദിനാള്‍മാരാണ് മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത്. എണ്‍പത് വയസില്‍ താഴെ പ്രായമുള്ള കര്‍ദ്ദിനാള്‍മാര്‍ക്കാണ് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളത്. നാളെയാണ് കോണ്‍ക്ലേവ് ആരംഭിക്കുന്നത്. എന്നാല്‍ പുതിയ പോപ്പിനെ എന്ന് തെരഞ്ഞെടുക്കും എന്ന കാര്യം എപ്പോഴും പ്രവചനങ്ങള്‍ക്ക് അപ്പുറമാണ്.
കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തുന്ന കര്‍ദ്ദിനാള്‍മാര്‍ ഇന്ന് തന്നെ അതിനായി ഒരുക്കിയിട്ടുള്ള സ്ഥലത്തായിരിക്കും താമസിക്കുക. വത്തിക്കാനിലെ സാന്താ മാര്‍ട്ടാ ഗസ്റ്റ്് ഹൗസിലാണ് കര്‍ദ്ദിനാള്‍മാര്‍ താമസിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുള്ളതാണ് ഈ ഗസ്റ്റ്ഹൗസ്. അതേ സമയം എല്ലാ കര്‍ദ്ദിനാള്‍മാര്‍ക്കും കൂടി താമസിക്കാനുള്ള മുറികളുടെ എണ്ണം പൊതുവേ കുറവാണ്. ഇവിടെ സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. ഇന്നലെ വോട്ടവകാശമുള്ള 132 പേര്‍ ഉള്‍പ്പെടെ 170 കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനില്‍ ചേര്‍ന്ന ജനറല്‍ കോണ്‍ഗ്രിഗേഷനില്‍ പങ്കെടുത്തു.
കോണ്‍ക്ലേവിന് മുന്നോടിയായുള്ള ഉന്നതതലയോഗമാണ് ഇത്. അതേ സമയം കോണ്‍ക്ലേവിന്റ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വത്തിക്കാനിലെ നൂറോളം ജീവനക്കാര്‍ ഇന്നലെ പോളിന്‍ ചാപ്പലില്‍ രഹസ്യ സത്യപ്രതിജ്ഞ ചെയ്തു. പോപ്പിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വിവരങ്ങളും പുറത്തുവിടുകയില്ല എന്ന കാര്യമാണ് ഇവര്‍ ഇതിലൂടെ ഉറപ്പ് നല്‍കുന്നത്. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാരും നാളെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഒരു രഹസ്യങ്ങളും പുറത്തുവിടില്ലെന്ന് സത്യം ചെയ്യേണ്ടതുണ്ട്.
കര്‍ദ്ദിനാള്‍മാര്‍ അവരുടെ, മൊബൈല്‍ ഫോണുകള്‍ കോണ്‍ക്ലേവിന് മുമ്പ് തന്നെ വത്തിക്കാന്‍ അധികൃതര്‍ക്ക് കൈമാറണം. പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മൊബൈല്‍ ഫോണുകള്‍ തിരികെ നല്‍കുകയുള്ളൂ. സിസ്റ്റൈന്‍ ചാപ്പലിനും അതിന് ചുറ്റുമുള്ള വീടുകള്‍ക്കും ചുറ്റും ജാമറുകള്‍ സ്ഥാപിക്കും. ഒരു തരത്തിലുമുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവിടെ നടക്കുന്ന ഒരു കാര്യങ്ങളും ചോര്‍ത്തിയെടുക്കാന്‍ ആര്‍ക്കും കഴിയുകയില്ല എന് കാര്യം ഉറപ്പാക്കാനാണ് ഈ നടപടി. വത്തിക്കാനില്‍ പോപ്പിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് നടക്കുന്ന ഒരു കാര്യവും പുറത്തു പോകാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു.
കോണ്‍ക്ലേവിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ചിലത് ഒരു ദിവസം നീണ്ടുനില്‍ക്കും. മറ്റുള്ളത് ചിലപ്പോള്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കും. സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയരുമ്പോഴാണ് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തതായി ലോകം അറിയുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.
പുതിയ മാര്‍പാപ്പ ആരായിരിക്കും എന്നതിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പ് ആയത് പോലെ ഏതെങ്കിലും ഏഷ്യക്കാരനോ ആഫ്രിക്കക്കാരനോ ആ പദവിയിലേക്ക് എത്തുമോ എന്ന് പലരും ചോദിക്കുന്നുണ്ട്.