- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടീഷ് ടെലികോമിൽ നിക്ഷേപിച്ച കാർലോസ് സ്ലിം എന്ന ശതകോടീശ്വരന്റെ കഥ
ലണ്ടൻ: ബ്രിട്ടീഷ് ടെലികോമിൽ 400 മില്യൻ പൗണ്ട് നിക്ഷേപിച്ച് 3 ശതമാനം ഓഹരികൾ കൈക്കലാക്കിയ കാർലോസ് സ്ലിങ് എന്ന മെക്സിക്കൻ ശതകോടീശ്വരന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ അവിശ്വസനീയവും ഏറെ കൗതുകകരവുമാണ്. ഉന്നതിയുടെ കൊടുമുടികൾ എന്നതുപോലെ ദുരിതങ്ങളുടെ അഗാധ ഗർത്തങ്ങളിലേക്കും പലതവണ അദ്ദേഹം പതിക്കുകയുണ്ടായി. 1997- ൽ 57 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന് ഒരു ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. അന്ന് ടെക്സാസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓപ്പറേഷൻ ടേബിളിന് മുകളിൽ രക്തസ്രാവം തടയാനാകാതെ കിടന്നപ്പോൾ, ഡോക്ടർമാർ വിധിയെഴുതിയത് മരണമടഞ്ഞു എന്നായിരുന്നു.
പതിമൂന്ന് വർഷങ്ങൾക്കിപ്പുറം കാർലോസ് സ്ലിം അമേരിക്കൻ ബിസിനസ്സ് മാസികയായ ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. 73 ബില്യൻ ഡോളറായിരുന്നു അന്ന് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. ലെബനനിൽ നിന്നും കുടിയേറി പാർത്ത ദമ്പതികളുടെ മകനായി ജനിച്ച കാർലോസിന് പിന്നീട് ടെക് ഭീമന്മാരായ എലൻ മസ്‌കിന്റെയും,. മാർക്ക് സുക്കർബർഗിന്റെയുമൊക്കെ വരവോടെയായിരുന്നു ഫോബ്‌സിന്റെ പട്ടികയിൽ നിന്നും സ്ഥാനം നഷ്ടപ്പെട്ടത്. അതിനിടയിൽ അദ്ദേഹത്തിന്റെ ആസ്തി 93 ബില്യൻ ഡോളറായി വർദ്ധിക്കുകയും ചെയ്തു.
എന്നാൽ, പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നും, അതിന് ജീവിതത്തിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്താൻ കഴിയില്ലെന്നും തന്റെ എൺപത്തിനാലാം വയസ്സിലും അദ്ദേഹം തെളിയിക്കുകയാണ്. മെച്ചപ്പെട്ട അവസരങ്ങൾ നോക്കി നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള തന്റെ സാമർത്ഥ്യം ഈ പ്രായത്തിലും അദ്ദേഹം തെളിയിക്കുകയാണ് ബി ടി യിലെ നിക്ഷേപം വഴി. അലിസൺ കിർക്ക്‌ബി എന്ന പുതിയ ചീഫ് എക്സിക്യൂട്ടീവിനു കീഴിൽ ബി ടി യുടെ ഭാവി ശോഭനമായിരിക്കുമെന്ന് ബിസിനസ്സ് വിശാരദന്മാർ പ്രവചിച്ചിരിക്കുന്ന സന്ദർഭം കൂടിയാണിത്.
ഏതായാലും ലെബനീസ് വംശജനായ, മെക്സിക്കൻ ശതകോടീശ്വരന്റെ നിക്ഷേപം വന്നതോടെ ബി ടി യുടെ ഓഹരി മൂല്യത്തിൽ 4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, ബി ടിയിൽ നിക്ഷേപിച്ച ഒരേയൊരു ശതകോടീശ്വരൻ അല്ല സ്ലിം. ആൾടിസ് ഗ്രൂപ്പിന്റെ നിയന്ത്രണമുള്ള മൊറോക്കൻ സ്വദേശി പാട്രിക് ഡാർഹിയും ഇതിലെ ഒരു ഓഹരിയുടമയാണ്. എന്നാൽ, സ്ലിമ്മിന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത് ടെലികോം മേഖലയെ അടിസ്ഥാനമാക്കിയാണ് എന്നത് അദ്ദേഹത്തിന്റെ നിക്ഷേപത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. അതേസമയം, ഉത്പാദനം, ഊർജ്ജം, റീടെയിൽ, വ്യോമയാനം എന്നീ മേഖലകളിലും സ്ലിമിന് നിക്ഷേപമുണ്ട്.
വ്യാപാരത്തിൽ തനിക്കുള്ള കുശാഗ്ര ബുദ്ധി തന്റെ പിതാവിൽ നിന്നും പാരമ്പര്യമായി പകർന്ന് കിട്ടിയതാണ് എന്നാണ് സ്ലിം പറയുന്നത്. 1902 ൽ ഓട്ടോമാൻ സൈന്യത്തിന്റെ നിർബന്ധിത സൈനിക സേവനത്തിൽ നിന്നും രക്ഷപ്പെടാനായിട്ടായിരുന്നു ജൂലിയൻ സ്ലിം ഹദാദ് മെക്സിക്കോയിലേക്ക് കടന്നത്. അവിടെ ബിസിനസ്സിൽ ഏർപ്പെട്ട അദ്ദേഹം വളരെ ചെറുപ്പകാലം തൊട്ട് തന്നെ തന്റെ മക്കളെ ബിസിനസ്സിൽ ഉൾപ്പെടുത്തിയിരുന്നു. ബേസ്‌ബോൾ കളിക്കാരൻ കൂടിയായ സ്ലിം തന്റെ പതിനൊന്നാം വയസ്സിൽ ആദ്യത്തെ ഗവണ്മെന്റ് ബോണ്ട് വാങ്ങുകയുണ്ടായി. പതിനഞ്ച് വയസ്സായപ്പോൾ ഓഹരി വിപണിയിലേക്കും ഇറങ്ങി.
കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങിയ സ്ലിം പിന്നീട് ഒരു പറ്റം യുവാക്കളുമായി ചേർന്ന് ഓഹരി വിപണിയിൽ സജീവമാകുകയായിരുന്നു. അധികാര തണലിൽ സ്വന്തം സാമ്രാജ്യം വികസിപ്പിച്ച റഷ്യൻ ഒളിഗാർക്കുകളുടെ ഒരു പ്രോട്ടോടൈപ്പാണ് സ്ലിം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.