കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ പരിപാടി തടസ്സപ്പെടുത്തി വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമമെന്ന് ആരോപണം. ശുചിത്വ മിഷന്റെ പരിപാടി തടഞ്ഞതിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ കാസര്‍ഗോഡ് പോലീസ് കേസെടുത്തു. ഉളിയത്തടുക്കയിലെ മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

ജുമുഅ നിസ്‌ക്കാര സമയത്ത് പരിപാടി സംഘടിപ്പിക്കുന്നത് എന്തിനാണെന്ന് ചോദ്യം ചെയ്താണ് സ്ത്രീകള്‍ അടക്കം ഒരു കൂട്ടം ആളുകള്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ ശുചിത്വ മിഷന്‍ പരിപാടിയാണെന്ന് സംഘാടകര്‍ അറിയിച്ചെങ്കിലും, പ്രതികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

ജില്ലാ ഭരണകൂടത്തിന്റെ 'ഹരിത സന്ദേശ യാത്ര'യുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബാണ് തടസ്സപ്പെടുത്തിയത്. വള്ളിയാഴ്ച ഉളിയത്തടുക്ക ടൗണില്‍ വച്ചാണ് കുടുംബശ്രീയുടെ ഫ്‌ലാഷ് മോബ് അവതരണം ഒരു സംഘം ആളുകള്‍ തടഞ്ഞത്. ജുമുഅ നിസ്‌കാര സമയത്ത് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ അതിക്രമം നടത്തിയത്.പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം, എസ്ഡിപിഐ പ്രവര്‍ത്തകരാണ് സ്ത്രീകള്‍ക്ക് നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പാഞ്ഞടുക്കുകയും ചെയ്തത്. ലഹരി, അടിപിടി കേസുകളില്‍ പ്രതികളായവരും ഈ പ്രശ്നമുണ്ടാക്കിയ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് കാസര്‍കോട് പോലീസ് അറിയിച്ചു.

സംഭവത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ്, സമൂഹത്തില്‍ ലഹള ഉണ്ടാക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിച്ചെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

ജില്ലാ ശുചിത്വ മിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ഈ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടങ്ങള്‍ ഉറപ്പാക്കുക എന്നതായിരുന്നു 'ഹരിത സന്ദേശ യാത്ര'യുടെ പ്രധാന ലക്ഷ്യം.ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ കലക്ടറേറ്റ് പരിസരത്ത് ഫ്‌ലാഗ് ഓഫ് ചെയ്ത ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും കോളേജുകളിലും കുടുംബശ്രീയുടെ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.