കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും കേസെടുത്ത് പൊലീസ്. മുന്‍ ഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് ഈ മാസം ഏഴിന് കടവന്ത്ര പൊലീസ് കേസ് എടുത്തത്. ഇരുവരും തമ്മിലുള്ള വിവാഹമോചന കരാറില്‍ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് പരാതി.

ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിര്‍മിച്ചെന്നും ആരോപണമുണ്ട്. ഉടമ്പടി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക അടച്ചില്ലെന്നും പരാതിയുണ്ട്. വ്യാജ രേഖകള്‍ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും അമൃതയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ നേരത്തെ പൊലീസ് ബാലയെ അറസ്റ്റ് ചെയ്തിരുന്നു.കോടതി രേഖയില്‍ കാണിച്ച കൃത്രിമത്തിന്റെ പേരില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.

കോടതിയില്‍ സമര്‍പ്പിച്ച വിവാഹ മോചന കരാറിന്റെ അഞ്ചാം പേജില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പേജില്‍ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങളാണുള്ളത്. ഇതില്‍ അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയില്‍ പറയുന്നു. ബാല മകള്‍ക്കുള്ള ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് തിരിമറി കാണിച്ചെന്നും അമൃത സുരേഷ് പറഞ്ഞു.

'കഴിഞ്ഞ ഒരു കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ചില രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് നോട്ടീസ് വന്നിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഞങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട രേഖകളുണ്ടായിരുന്നു. ആ രേഖകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഒരു പേജില്‍ മുഴുവന്‍ വേറെ കാര്യങ്ങളാണ്.

എന്റെ ഒപ്പ് അടക്കം വ്യജമായി ചേര്‍ത്തിട്ടുണ്ട്. മകള്‍ക്ക് കൊടുത്തിരിക്കുന്ന ഒരു ഇന്‍ഷൂറന്‍സ് പോളിസിയുണ്ട്. മകള്‍ക്ക് പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രം പണം പിന്‍വലിക്കണമെന്നാണ് കരാര്‍. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് ബാങ്കിലേക്ക് വിളിച്ചപ്പോള്‍, ആ ഇന്‍ഷൂറന്‍സ് സറണ്ടര്‍ ചെയ്തിരിക്കുകയാണെന്നും ആ പണം മുഴുവനായി എടുത്തെന്നും മനസിലായി. മകള്‍ക്ക് പ്രായപൂര്‍ത്തിയായതിന് ശേഷം കിട്ടുന്ന കുറച്ചു പൈസയായിരുന്നു അത്. അതും എടുത്തെന്ന് പറയുമ്പോള്‍ വിഷമമുള്ള കാര്യമാണ്'- അമൃത സുരേഷ് പറഞ്ഞു.