- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികൾക്ക് നടുവിലേക്ക് ടോക്കൺ വലിച്ചെറിയുന്ന ദുശ്ശീലം; ടോക്കൺ എടുക്കാൻ പ്രയാസപ്പെടുന്ന സ്ത്രീകൾ അടക്കമുള്ള രോഗികളെ കണ്ട് ഊറിച്ചിരിക്കും; ഏറ്റവുമൊടുവിൽ കൈക്കുഞ്ഞുമായി എത്തിയ യുവതിയെ തള്ളി വീഴ്ത്തി ഒപി പൂട്ടി; തലശേരിയിൽ ശിശുരോഗ വിദഗ്ധന് എതിരെ കേസ്
തലശേരി: തലശേരിയിൽ സ്ത്രീകളടക്കമുള്ള രോഗികളോട് അപമര്യാദയായി പെരുമാറുന്ന ഡോക്ടർ ഒടുവിൽ പൊലിസ് കേസിൽ കുടുങ്ങി. കുറെക്കാലമായി തുടരുന്ന മനോവൈകൃതം ഡോക്ടർ കൈക്കുഞ്ഞുമായി ചികിത്സ തേടി എത്തിയ യുവതിക്കു നേരെയും എടുക്കുകായിരുന്നു. നല്ല ഡോക്ടറാണെങ്കിലും ഇയാളുടെ സ്വഭാവ വൈകൃതം കൊണ്ടു പൊറുതിമുട്ടിയിരിക്കുകയായിരുന്നു കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും.
കഴിഞ്ഞ ദിവസം, കുഞ്ഞിന് സുഖമില്ലാത്തതിനെ തുടർന്ന് എത്തിയ യുവതിയെ ഇയാൾ അപമാനിക്കുകയും തള്ളി വീഴ്‌ത്തുകയും ചെയ്തു. ഈ സംഭവത്തിലാണ് തലശേരി സഹകരണ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ടൗൺ പൊലീസ് കേസെടുത്തത്.
തിരുവങ്ങാട് കീഴന്തിമുക്കിലെ ഡോ. ദേവാനന്ദിനെതിരേയാണ് 354-ാം വകുപ്പ് പ്രകാരം കേസ്. ചൊവ്വാഴ്ച വൈകുന്നേരം കുഞ്ഞിന് ചികിത്സ തേടി എത്തിയതായിരുന്നു യുവതി. എല്ലാ രോഗികളും പോയ ശേഷമാണ് യുവതിക്ക് കുഞ്ഞുമായി ഡോക്ടറുടെ വീട്ടിലെ ഒ.പിയി ൽ കയറാൻ അനുമതി ലഭിച്ചത്.
യുവതിയോടൊപ്പം യുവതിയുടെ മാതാവ് കൂടി ഒ.പി യിലേക്ക് കയറാൻ ശ്രമിച്ചതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്. ക്ഷുഭിതനായ ഡോക്ടർ യുവതിയെ തള്ളി വീഴ്‌ത്തിയശേഷം ഒ.പി അടച്ച് സ്ഥലം വിടുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ള യുവതിക്ക് വീഴ്ചയിൽ പരിക്കേൽക്കുകയും തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇതേ തുടർന്നാണ് ഇവർ സ്റ്റേഷനിലെത്തി പരാതി നൽകിയത്. രോഗികൾക്ക് നടുവിലേക്ക് ടോക്കൺ ഒന്നിച്ചെറിയുന്ന ശീലവും ഈ ഡോക്ടർക്കുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർ അതിസാഹസികമായി നിലത്തു വീഴുന്ന ടോക്കൺ പെറുക്കി എടുക്കുന്നതും ഇവിടുത്തെ കാഴ്ചയാണെന്ന് സഹകരണാശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർ പരാതിപ്പെടുന്നുണ്ട്. മനുഷ്യരെന്ന പരിഗണനപോലും നൽകാതെയാണ് ഡോക്ടർ സന്ദർശകരോട് പെരുമാറുന്നതെന്ന പരാതിയും ശക്തമമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്