- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാട്ടിലെ ഐപിഎസ്-ഐഎഎസ് പോര് ഇങ്ങനെ
ചെന്നൈ: തമിഴ്‌നാട് മുൻ സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസും മുൻ ഭാര്യയും തമിഴ്‌നാട് ഊർജവകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേശനും തമ്മിലുള്ള പോര് കടുക്കുന്നു. തന്റെ വീട്ടിൽ അതിക്രമിച്ചുകടന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി രാജേഷ് ദാസിന് എതിരെ നൽകിയ പരാചിയിൽ കേളമ്പാക്കം പൊലീസ് കേസെടുത്തു. രാജേഷ് ദാസും മറ്റ് 10 പേരും മെയ് 18 ന് ബീലയുടെ വസതിയിൽ അതിക്രമിച്ച് കടന്നുവെന്നും സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
സുരക്ഷാ ജീവനക്കാനെ രാജേഷ് ദാസും കൂട്ടരും ഭീഷണിപ്പെടുത്തിയതിന് പുറമേ അയാളുടെ ഫോൺ തട്ടിയെടുക്കുകയും, വീട്ടിലെ ശുചിമുറികൾ നിർബന്ധിച്ച് വൃത്തിയാക്കിക്കുകയും ചെയ്തു. നേരത്തെ രാജേഷ് ദാസ് താമസിക്കുന്ന വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം ബീല വെങ്കിടേശൻ വിച്ഛേദിച്ചിരുന്നു. ബില അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് രാജേഷ് രംഗത്തെത്തിയെങ്കിലും വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്നായിരുന്നു അവരുടെ പ്രതികരണം. അനാവശ്യ ചെലവ് ഒഴിവാക്കുന്നതിനാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നും ബീല പറഞ്ഞു.
വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായി തമിഴ്‌നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച രാജേഷ് താമസിക്കുന്ന വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം അനുവദിച്ചിരുന്നില്ല. തുടർന്ന്, തിങ്കളാഴ്ച ഊർജവകുപ്പ് സെക്രട്ടറിയുടെ കത്തുമായെത്തിയാണ് ഉദ്യോഗസ്ഥർ വൈദ്യുതി വിച്ഛേദിച്ചത്.
രേഖാമൂലം തന്റെ അഭിപ്രായം ചോദിക്കാതെ സ്വീകരിച്ച നടപടിക്കെതിരേ രാജേഷ് രംഗത്തെത്തി. താൻ ഇതുവരെ കുടിശ്ശിക വരുത്തിയിട്ടില്ല. ഇത്തരം നടപടിയെ ന്യായീകരിക്കുന്ന കോടതി ഉത്തരവും ഉദ്യോഗസ്ഥരുടെ പക്കലില്ല. ഭൂവുടമ വൈദ്യുതി വിച്ഛദിക്കണമെന്ന് ആവശ്യപ്പെട്ടാൽ പോലും വീട്ടിൽ താമസക്കാരുണ്ടെങ്കിൽ വൈദ്യുതി വകുപ്പിന് ഇത്തരം നടപടിയിലേക്ക് നീങ്ങാനാവില്ലെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ മൂന്ന് മാസമായി വീട് ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് സംഭവത്തിൽ ബീല വെങ്കിടേശന്റെ വാദം. കണക്ഷനും സ്ഥലവും തന്റെ പേരിലാണ്. രാജേഷ് അവിടെ താമസിക്കുന്നുണ്ടെന്ന് തെളിയിക്കാൻ മതിയായ സമയം നൽകിയിരുന്നു. ഈ രേഖകൾ സമർപ്പിക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തതെന്നും ബീല കൂട്ടിച്ചേർത്തു.
ഐ.പി.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസിൽ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് 2023-ൽ വില്ലുപുരം കോടതി വിധിച്ചിരുന്നു. തുടർന്ന്, വിധിക്കെതിരേ ഇയാൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജികൾ തള്ളി. നിലവിൽ, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ രാജേഷിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞിട്ടുണ്ട്.