തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിൽ ഉണ്ടായ സംഘർഷത്തിൽ എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് യുഡിഎഫ് എംഎൽഎമാർക്കും രണ്ട് എൽഡിഎഫ് എംഎൽഎമാർക്കുമെതിരായാണ് കേസെടുത്തിരിക്കുന്നത്. വനിതാ വച്ച് ആൻഡ് വാർഡ് നൽകിയ പരാതിയിൽ അനൂപ് ജേക്കബ് , ബഷീർ, ഉമ തോമസ്, കെ കെ രമ, റോജി എം ജോൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അതേസമയം പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ഭരണപക്ഷ അംഗങ്ങൾക്കും വാച്ച് ആൻഡ് വാർഡിനുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സനീഷ് കുമാർ ജോസഫ് എം എൽ എ യുടെ പരാതിയിൽ ഭരണപക്ഷ എംഎൽഎമാരായ സച്ചിൻദേവ്, എച്ച് സലാം എന്നിവർക്കും ഡെപ്യൂട്ടി ചീഫ് മാർഷൽ ഉൾപ്പടെയുള്ള വാച്ച് ആൻഡ് വാർഡ് അംഗങ്ങൾക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിനുമുന്നിൽവെച്ചുണ്ടായ സംഘർഷത്തിനിടെ സനീഷ് കുമാർ ജോസഫ് എം എൽ എ കുഴഞ്ഞുവീഴുകയും കെ കെ രമ ഉൾപ്പടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനിടെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.

ഈ സംഭവത്തെത്തുടർന്നുള്ള പ്രതിപക്ഷപ്രതിഷേധം ഇന്നും തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയ്ക്ക് പുറത്തുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെ സ്പീക്കർ പറഞ്ഞു. സഭ നടത്തിക്കൊണ്ടുപാകൻ സഹകരിക്കണമെന്ന് ഇന്ന സഭ ചേർന്നയുടൻ സ്പീക്കർ അഭ്യർത്ഥിച്ചു. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് കേരള ചരിത്രത്തിൽ ഉണ്ടാകാത്ത കാര്യമാണെന്നും എ എൻ ഷംസീർ പറഞ്ഞു.

എന്നാൽ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചിട്ടില്ലെന്നും വാച്ച് & വാർഡ് പ്രകോപനമില്ലാതെ ഇല്ലാതെ ഉപദ്രവിക്കുകയും പ്രതിപക്ഷ എം എൽ എ മാരെ ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. റൂൾ 50 ൽ തീരുമാനം എടുക്കണം. ഡെപ്യൂട്ടി ചീഫ് മാർഷലിനും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണം. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കണംയ എങ്കിൽ പൂർണമായി സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചെയറിന്റെ മുഖം മറച്ച് ബാനർ ഉയർത്തുകയും സഭയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തു നൽകുകയും സഭ നടപടികൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് പുറത്തു കൊടുക്കുകയും ചെയ്തത് ശരിയാണോ എന്ന് സ്പീക്കർ ചോദിച്ചു. സമാന്തര സഭ നടത്തിയത് തെറ്റ്. പ്രതിഷേധം, ആകാം അതിന്റെ രീതി ശരിയായില്ല . പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു.

എന്നാൽ പ്രതിപക്ഷ നേതാക്കൾ സംസാരിക്കുമ്പോൾ സഭാ ടിവി മന്ത്രിമാരെ കാണിക്കുന്നുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. സഭാ ടി വി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ മറച്ചുവയ്ക്കുന്നു. സഭാ ടി വി ഏകപക്ഷീയമായി ഭരണപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇതിന് പിന്നാലെ സഭയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. സ്പീക്കർ നീതി പാലിക്കണമെന്ന് മുദ്രാവാക്യം വിളിച്ചു. പ്ലക്കാർഡുമായി ഡയസിന് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. അതിനിടെ ചോദ്യോത്തരവേള തുടരാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെ ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്തു സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.