- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ എഫ്.ഐ.ആർ; പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചെന്നു കാണിച്ചു നടപടി; മകന് ഇപ്പോഴും ഉറങ്ങാനാകുന്നില്ല, അദ്ധ്യാപികയുമായി ഒത്തുതീർപ്പിനില്ലെന്ന് കുട്ടിയുടെ പിതാവും
ന്യൂഡൽഹി: ഉത്തർപ്രദേശിൽ സഹപാഠികളെക്കൊണ്ട് അദ്ധ്യാപിക മുഖത്തടിപ്പിച്ച മുസ്ലിം ബാലന്റെ വ്യക്തിവിവരം പുറത്തുവിട്ട സംഭവത്തിൽ ആൾട്ട് ന്യൂസ് സഹസ്ഥാകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തു. മുസാഫർനഗർ പൊലീസാണ് സുബൈറിനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിഷ്ണുദത്ത് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 74-ാം വകുപ്പ് പ്രകാരമാണ് കേസ്. ഒരു കേസിലെ പ്രതിയോ ഇരയോ ആയ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 24നാണ് മുസ്ലിം യുവാവിനെ തന്റെ സഹപാഠികൾ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിലായിരുന്നു സംഭവം. തൃപ്ത ത്യാഗി എന്ന അദ്ധ്യാപിക വിദ്യാർത്ഥികളോട് മുസ്ലിം ബാലന്റെ മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അദ്ധ്യാപികയായ ത്യാഗിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323,504 എന്ന വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. നോൺ കോഗ്‌നിസബിൾ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നതിനാൽ കോടതിയുടെ ഉത്തരവില്ലാതെ കേസിൽ അന്വേഷണം ആരംഭിക്കാനോ വാറന്റില്ലാതെ ത്യാഗിയെ അറസ്റ്റ് ചെയ്യാനോ പൊലീസിന് സാധിക്കില്ല.
തന്നെ ലക്ഷ്യമിടുന്നതായി സംശയിക്കുന്നുണ്ടെന്നും മറ്റ് പലരും വീഡിയോ പങ്കുവെച്ചിട്ടും തന്നെ മാത്രമാണ് എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുള്ളതെന്നും സുബൈർ പറഞ്ഞിരുന്നതായി സ്‌ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ മേധാവി പ്രിയങ്ക് കനൂനംഗോ ആവശ്യപ്പെട്ട പ്രകാരം വീഡിയോ നീക്കം ചെയ്തിരുന്നുവെന്നും സംഭവത്തിൽ പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സുബൈർ പറയുന്നു.
അതേസമയം രാത്രി ഉറങ്ങാൻ പോലുമാകാത്ത അവസ്ഥിലാണ് യു.പിയിൽ അദ്ധ്യാപിക സഹപാഠികളെകൊണ്ട് മുഖത്തടിപ്പിച്ച മുസ്‌ലിം വിദ്യാർത്ഥി. ഇതോടെ വിദ്യാർത്ഥിയെ സമീപത്തെ മീറത്ത് നഗരത്തിലേക്ക് വൈദ്യപരിശോധനക്കായി കൊണ്ടുപോയെന്ന് മാതാപിതാക്കൾ അറിയിച്ചു. സ്‌കൂളിൽ നേരിട്ട സംഭവത്തെക്കുറിച്ച് നിരന്തരം ചോദിക്കുന്നത് വിദ്യാർത്ഥിയെ അസ്വസ്ഥനാക്കിയെന്നും പിതാവ് പറയുന്നു.
പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ് ഇർഷാദ് പറഞ്ഞു. മകനെ മർദിക്കാൻ നിർദേശിച്ച അദ്ധ്യാപിക തൃപ്ത ത്യാഗിയുമായി ഒത്തുതീർപ്പിനില്ലെന്നും പിതാവ് വ്യക്തമാക്കി. അതേസമയം, കുടുംബം സമ്മതിച്ചാൽ കുട്ടിയെ സർക്കാർ പ്രൈമറി സ്‌കൂളിൽ പ്രവേശിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം ഹോം വർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നും സ്‌കൂളിൽ കുട്ടികളെ നിയന്ത്രിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും സംഭവത്തെ ന്യായീകരിക്കുകയാണ് ഇപ്പോഴും അദ്ധ്യാപിക ചെയ്യുന്നത്. സ്‌കൂൾ ഉടമ കൂടിയായ അദ്ധ്യാപികക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മതവിദ്വേഷം വളർത്തൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ സ്‌കൂൾ താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പൂർത്തിയാകും വരെയാണ് അടച്ചിരിക്കുന്നത്.




