പത്തനംതിട്ട: സഹപാഠിയുടെ മൂക്കിടിച്ച് തകർത്തുവെന്ന പരാതിയിൽ മൂന്നു ദിവസത്തിന് ശേഷം കേസെടുക്കാൻ ആറന്മുള പൊലീസ് നിർബന്ധിതരായി. കെഎസ്‌യുവും യൂത്ത് കോൺഗ്രസും ചേർന്ന് നടത്തിയ ഉപരോധ സമരത്തിനൊടുവിൽ കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജ് വിദ്യാർത്ഥി ജെയ്സനെതിരേ ജാമ്യമില്ലാ വകുപ്പിട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. ഉപരോധ സമരവുമായി സ്റ്റേഷനുള്ളിൽ കയറിയ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർക്ക് എതിരേയും കേസുണ്ടാകും.

മൗണ്ട് സിയോൺ ലോകോളജിലെ നാലാം വർഷ എൽ.എൽ.ബി വിദ്യാർത്ഥി ജയ്സൺ ആണ് സ്വന്തം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ആക്രമിച്ചത്. മൂക്കിന്റെ പാലം ഇടിച്ചു തകർക്കുകയും ശരീരത്ത് പിടിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി ആറന്മുള പൊലീസിന് മൊഴി നൽകിയിട്ട് മൂന്നു ദിവസമായി. എന്നാൽ രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് പൊലീസ് കേസെടുക്കാൻ തയാറായില്ല. മൂക്കിന്റെ പാലത്തിന് ഗുരുതരമായ പരുക്കേറ്റ പെൺകുട്ടിയുടെ മാതാവ് ഇൻസ്പെക്ടറെ വിളിച്ച് കരഞ്ഞിട്ടും കേസെടുക്കാനുള്ള നടപടിയുണ്ടായില്ല.

തുടർന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടിയെയും കൂട്ടി ആറന്മുള പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. സ്റ്റേഷനുള്ളിൽ കടന്ന് റൈട്ടറുടെ ക്യാബിന് മുന്നിൽ പ്രവർത്തകർ ഉപരോധസമരം തുടങ്ങിയതോടെ പൊലീസ് വെട്ടിലായി. തുടർന്ന് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ ബേബി, ഷംന ഷബീർ, സിബി മൈലപ്ര, മണ്ഡലം പ്രസിഡന്റ് ഏദൻ, നേതാക്കളായ ആരോൺ ബിജിലി, അബിനു മഴുവഞ്ചേരി, ആൽഫിൻ പുത്തൻകയ്യാലക്കൽ, ജസ്റ്റിൻ ഓമല്ലൂർ, സതീഷ് ആറന്മുള, റിനോയ് ആറന്മുള, ഹരീഷ് ആറന്മുള എന്നിവർ ഉപരോധത്തിന് നേതൃത്വം വഹിച്ചു.

ബുധനാഴ്ച രാവിലെ 11 ന് കോളജ് കാമ്പസിൽ വച്ചാണ് സംഭവം. മൂക്കിന് ഇടിയേറ്റ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിനി കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ ചികിൽസയിലായിരുന്നു. അതിനിടെ മറ്റൊരു വിദ്യാർത്ഥിനിയെ ആക്രമിച്ചുവെന്നൊരു കള്ളപ്പരാതി ഈ വിദ്യാർത്ഥിനിക്കെതിരേ ഉയർന്നിട്ടുണ്ട്. എസ്എഫ്ഐ നേതൃത്വം മുൻകൈയെടുത്താണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

കോളജ് പ്രിൻസിപ്പലായിരുന്ന രാജനെ പുറത്താക്കാൻ വേണ്ടി ഒന്നിച്ച് സമരം ചെയ്തവരാണ് മർദനമേറ്റ വിദ്യാർത്ഥിനിയും എസ്.എഫ്.ഐ നേതാവ് ജയ്സനും. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പ്രിൻസിപ്പാളിനെ നീക്കാൻ എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് കൂടി നിർദ്ദേശം നൽകിയിരുന്നു. ജയസ്ന്റെ പരാതിയിലായിരുന്നു അത്. സമരത്തിന് പോയ വിദ്യാർത്ഥികളുടെ ഹാജർ സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരുന്നു.

ജയ്സനും മർദനമേറ്റ വിദ്യാർത്ഥിനിക്കും പരീക്ഷയെഴുതാനുള്ള ഹാജർ ഉണ്ടായിരുന്നില്ല. പരീക്ഷയെഴുതാനുള്ള ഹാജർ സംഘടിപ്പിക്കാമെന്ന് ജയ്സൺ വാക്കു നൽകിയിരുന്നുവത്രേ. ജയ്സണ് പരീക്ഷ എഴുതാൻ അനുവാദം കിട്ടുകയും വിദ്യാർത്ഥിനിക്ക് ലഭിക്കാതെ വരികയും ചെയ്തു. ഇതിന്റെ പേരിൽ നടന്ന തർക്കത്തിനൊടുവിൽ ജയ്സൺ വിദ്യാർത്ഥിനിയെ ആക്രമിച്ചുവെന്നാണ് പരാതി.