സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമായ എക്സ്മുസ്ലീം നേതാവും സ്വതന്ത്രചിന്തകനുമായ സി എം ലിയാക്കത്ത്അലിയുടെ യുട്യൂബ് ചാനല്‍ പൂട്ടിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ കേസ്. സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് മോഡറേഷനും ഫ്രീ സ്പീച്ചും സംബന്ധിച്ച് നിര്‍ണ്ണായകമായ കേസാവുകയാണ് ഇതെന്ന്, ഇന്ത്യന്‍ എക്പ്രസ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോപ്പിറൈറ്റ് സ്ട്രൈക്കുകള്‍ കാരണം തന്റെ യുട്യൂബ് ചാനല്‍ പൂട്ടിയതിനെതിരെ ലിയാക്കത്ത് സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എ എ കേന്ദ്ര സര്‍ക്കാരിനും ഗൂഗിളും നോട്ടീസ് അയച്ചു.

ഡിജിറ്റല്‍ യുഗത്തില്‍ ഉയര്‍ന്നുവരുന്ന ഒരു വലിയ പ്രശ്നമാണ് കേസ് പ്രതിനിധാനം ചെയ്യുന്നതെന്ന്, ഇന്ത്യന്‍ എക്സ്പ്രസ് നിരീക്ഷിക്കുന്നു. വിമര്‍ശനത്തെ നിശബ്ദമാക്കാന്‍ പകര്‍പ്പവകാശ അവകാശവാദങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച നിര്‍ണ്ണായക കേസാവും ഇത്.

വിദ്വേഷഭാഷകര്‍ക്കെതിരെ വിമര്‍ശനം

ഇസ്ലാം മതം ഉപേക്ഷിച്ച വ്യക്തികളെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച 'എക്സ്-മുസ്ലിംസ് ഓഫ് കേരള' എന്ന സംഘടനയുടെ പ്രസിഡന്റാണ് ലിയാക്കത്തലി. കടുത്ത മത വിമര്‍ശകനായ അദ്ദേഹത്തിന്റെ 'ലിയാക്കത്തലി സിഎം' എന്ന യൂട്യൂബ് ചാനലാണ് പൂട്ടപ്പെട്ടത്. ഇതിന് ഏകദേശം 1.6 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ടായിരുന്നു. കൂടാതെ 5.58 കോടിയിലധികം കാഴ്ചക്കാരുമുണ്ട്. ശാസ്ത്രീയമായ കാഴ്ചപ്പാടും യുകതിചിന്തയും വളര്‍ത്തിയെടുക്കാനുള്ള ഭരണഘടനാപരമായ ദൗത്യമാണ് താന്‍ ചെയ്യുന്നത് എന്നാണ് ലിയാക്കത്തിന്റെ വാദം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51-എ(എച്ച്) ഇതിന് തനിക്ക് അനുമതി തരുന്നു എന്ന് ലിയാക്കത്ത് പറയുന്നു.

2025 ഡിസംബര്‍ അവസാനം ലിയാക്കത്തലി 'മുര്‍ത്തദ്' എന്ന പുതിയ സംവാദ പരമ്പര പ്രഖ്യാപിച്ചതോടെയാണ് വിവാദം കൊഴുത്തത്. ലിയാക്കത്തിന്റെ വിമര്‍ശനം താങ്ങാനാവാതിരുന്ന മതവാദികളാണ് പണി കൊടുത്തത്. എം എം അക്ബര്‍ തൊട്ട് അബ്ദുള്ള ബാസില്‍വരെയുള്ള വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ വിദ്വേഷഭാഷണങ്ങളാണ് ലിയാഖത്ത് പൊളിച്ചടുക്കിയ വീഡിയോകളില്‍ എറെയും. ഇവര്‍ പറയുന്ന ഭാഗം സപ്രേഷണം ചെയ്തതിനുശേഷം, അതിനെ ഡീബങ്ക് ചെയ്യുക എന്ന രീതിയായിരുന്നു, ലിയാക്കത്തിന്റെത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് കോപ്പി റൈറ്റ് സ്ട്രൈക്ക് വന്നത്.

യൂട്യൂബിന്റെ നയമനുസരിച്ച്, 90 ദിവസത്തിനുള്ളില്‍ ഒരു ചാനലിന് മൂന്ന് കോപ്പിറൈറ്റ് സ്‌ട്രൈക്കുകള്‍ ലഭിച്ചാല്‍, പ്രശ്നമാണ്. ലിയാക്കത്തലിക്ക് എട്ട് സ്‌ട്രൈക്കുകള്‍ ലഭിച്ചു. 2026 ജനുവരി 9 ന് അദ്ദേഹത്തിന്റെ ചാനല്‍ പൂട്ടിപ്പോയി. ജനുവരി 1 മുതല്‍ അദ്ദേഹം തന്റെ ചാനലില്‍ പോസ്റ്റ് ചെയ്തിട്ടില്ല. പക്ഷേ ഇത് എങ്ങനെ കോപ്പിറൈറ്റ് സ്ട്രൈക്ക് ആവുമെന്നാണ് ലിയാകത്തിന്റെ ചോദ്യം. വീഡിയോകളിലെ വിമര്‍ശനാത്മക വിശകലനത്തിനും വ്യാഖ്യാനത്തിനുമാണ് ഉപയോഗിക്കുന്നത്. അവരുടെ കണ്ടന്റ് എടുക്കയല്ല. അതിനാല്‍ ഇത് കോപ്പി റൈറ്റ് പ്രശ്നത്തില്‍ വരില്ല എന്നാണ് ലിയാഖത്തിന്റെ വാദം.

പ്രശ്നം ഫെയര്‍ യൂസിനെചൊല്ലി

ഫെയര്‍ യൂസ് എന്നത് പകര്‍പ്പവകാശ ഉടമയുടെ അനുമതി വാങ്ങാതെ തന്നെ പരിമിതമായ ഉപയോഗം അനുവദിക്കുന്ന ഒരു നിയമപരമായ കാര്യമാണ്. വിമര്‍ശനം, വാര്‍ത്താ റിപ്പോര്‍ട്ടിംഗ്, ഗവേഷണം എന്നിവ ഫെയര്‍ റിപ്പോര്‍ട്ടിങ്ങിന്റെ പരിധിയില്‍ വരും. വീഡിയോകളില്‍ അടങ്ങിയിരിക്കുന്ന 'പ്രതിലോമപരവും, അശാസ്ത്രീയവും, ഭരണഘടനാ വിരുദ്ധവുമായ ആശയങ്ങള്‍ എടുത്തുകാണിക്കാനും' പോയിന്റ്-ബൈ-പോയിന്റ് ഖണ്ഡനം നല്‍കാനും മാത്രമാണ് താന്‍ വീഡിയോകളുടെ ചില ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചതെന്ന് ലിയാക്കത്തലി വാദിക്കുന്നു. വിമര്‍ശിക്കപ്പെടുന്ന ഭാഗങ്ങള്‍ പ്രേക്ഷകരെ കാണിക്കാതെ വിമര്‍ശനം ഉന്നയിക്കുന്നത് അസാധ്യമാണെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍, ഈ കോപ്പിറൈറ്റ് സ്ട്രൈക്ക് നീതികരിക്കാന്‍ കഴിയില്ല എന്നാണ് വാദം.

ഇത്തരംകാര്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫ്രീ സ്പീച്ചിനെ ബാധിക്കയാണെന്നാണ്, ലിയാക്കത്തലിയുടെ വാദം. ഭരണഘടനയ്ക്ക് അനുസൃതമായി സോഷ്യല്‍ മീഡിയയില്‍ സെന്‍സര്‍ഷിപ്പ് കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടു. ഈ കേസ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതോടെ, ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംബന്ധിച്ച് മറ്റൊരു ഗൗരവമായ കേസിനും തുടക്കം കുറിച്ചിരിക്കയാണ്.