- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തി; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു; വ്ലോഗര്‍ 'മല്ലു ഡോറ' ക്കെതിരെ കേസെടുത്തു
കേസെടുത്തത് കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിത്തിനെതിരെ
കൊച്ചി: രഹസ്യമായി ചിത്രീകരിച്ച കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വ്‌ലോഗര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസ് എടുത്തത്. വിഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്‍ജുന്‍ 'മല്ലു ഡോറ' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്.
വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ച് വിവരം ലഭിച്ചതായി നെടുമ്പാശേരി പൊലീസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആര്‍ക്കെങ്കിലും അനുമതി നല്‍കിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്ന് നെടുമ്പാശേരി പൊലീസ് പറഞ്ഞു. പിന്നീട് പൊലീസ് ഇന്‍സ്റ്റഗ്രാം ഐഡി ട്രാക്ക് ചെയ്യുകയും അര്‍ജുനെ ചോദ്യം ചെയ്യുകയും ചെയ്തു. ആഗസ്റ്റ് 26നാണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഡ്രോണും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
ഡ്രോണുകളുടെ നിരോധിത മേഖലയാണ് കൊച്ചി വിമാനത്താവളം. അനുമതിയില്ലാതെയാണ് ഡ്രോണ്‍ പറത്തിയതെന്ന് അര്‍ജുന്‍ പൊലീസിനോട് സമ്മതിച്ചു. കേസ് എടുത്ത യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളം, കൊച്ചിന്‍ നേവല്‍ ബേസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചി തുറമുഖം, കണ്ടെയ്നര്‍ ടെര്‍മിനല്‍, എല്‍.എന്‍.ജി. ടെര്‍മിനല്‍, ഹൈകോടതി കെട്ടിടം എന്നിവ അതീവ സുരക്ഷമേഖലകളില്‍ പെട്ടതാണ്.