കണ്ണൂര്‍: 'വിരമിക്കല്‍ യോഗത്തില്‍, YZ ജില്ലാ പഞ്ചായത്തിലെ മുന്‍ പ്രസിഡന്റായ പി എന്ന രാഷ്ട്രീയ നേതാവ് കൈക്കൂലി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് എക്‌സ് എന്ന എഡിഎം ആത്മഹത്യ ചെയ്തു. പി പരസ്യമായി കൈക്കൂലി ആരോപണം ഉന്നയിച്ചതോടെ, എക്‌സിന്റെ ആരോപണത്തിലേക്ക് നയിച്ചു എന്നാണ് ആരോപണം. ഈ ആരോപണങ്ങളില്‍ പി തെളിവൊന്നും ഹാജരാക്കിയില്ല. ആത്മഹത്യാ പ്രേരണയ്ക്ക് പി ക്ക് എതിരെ കേസെടുത്തു. പി യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 24 ന് കോടതി വിധി പറയും.' 'ഈ കേസിലെ മനുഷ്യാവകാശ ആശങ്കകള്‍ വിശദമാക്കി മനുഷ്യാവകാശ പരിപ്രേക്ഷ്യത്തില്‍ കേസ് തീരുമാനിക്കുക'. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഗസ്റ്റ് അദ്ധ്യാപകന്‍ ചോദ്യം ഉള്‍പ്പെടുത്തിയത് വിവാദമായി. അധ്യാപകനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കാസര്‍കോട് മഞ്ചേശ്വരം ലോ കോളജിലെ താല്‍ക്കാലിക അധ്യാപകനായ ഷെറിന്‍ സി. എബ്രഹാമിന് എതിരെയാണ് നടപടി. എസ്എഫ്‌ഐയുടെ പരാതിയിലാണ് കണ്ണൂര്‍ സര്‍വകലാശാല നടപടി സ്വീകരിച്ചത്.




ത്രിവത്സര എല്‍എല്‍ബി മൂന്നാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്. ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നു ഷെറിന്റെ വിശദീകരണം. ഷെറിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റേഴ്‌സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 28ന് നടന്ന 'ഓപ്ഷണല്‍ 3 ഹ്യൂമന്‍ റൈറ്‌സ് ലോ ആന്‍ഡ് പ്രാക്ടീസ്' ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം പ്രത്യക്ഷപ്പെട്ടത്. പരീക്ഷയ്ക്കിടെ ഒരു വിദ്യാര്‍ത്ഥി എണീറ്റ് നിന്ന് ചോദ്യപേപ്പറിലേത് പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആയിട്ടുള്ള ചോദ്യങ്ങളാണെന്ന് പറഞ്ഞു. പി പി ദിവ്യയെ തനിക്ക് നേരിട്ടറിയാമെന്നും അതുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരമെഴുതാന്‍ താന്‍ തയ്യാറല്ലെന്നും വിദ്യാര്‍ത്ഥി അറിയിച്ചു. എന്നാല്‍ പാര്‍ട്ട് ബി യിലെ ആദ്യ ചോദ്യമായ അട്ടപ്പാടി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം എഴുതിയാല്‍ മതിയെന്ന് അധ്യാപകന്‍ മറുപടി പറഞ്ഞു. അതിന് ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും കോളേജ് അധികൃതര്‍ വിഷയത്തില്‍ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് ഷെറിന്‍ സി എബ്രഹാം വ്യക്തമാക്കുന്നു.

ചോദ്യപേപ്പറില്‍ എഡിഎമ്മിന്റെ പേരോ പിപി ദിവ്യയുടെ പേരോ ചേര്‍ത്തില്ലായെന്നാണ് അധ്യാപകന്റെ വിശദീകരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന് മാത്രമാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടതെന്നും അധ്യാപകന്‍ പറഞ്ഞു. എന്നാല്‍, ചോദ്യം എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടതാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാകും. ഏതായാലും ഇടത് സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ അദ്ധ്യാപകന് ജോലി നഷ്ടമായിരിക്കുകയാണ്.