കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തുറന്ന പോരിനിറങ്ങി കത്തോലിക്ക സഭ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ഈ വിഷയം സജീവമായി ചര്‍ച്ചയാകുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതിനിടെ വിമോചന സമരം ആവര്‍ത്തിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രിമാര്‍ ബിഷപ്പുമാരെ അവഹേളിച്ചാല്‍ തെരുവില്‍ മറുപടി പറയും. വിമോചന സമരം ജനാധിപത്യ സമരം ആയിരുന്നുവെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫസര്‍ രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അല്മായ സംഘടനയാണ് കത്തോലിക്ക കോണ്‍ഗ്രസ്.

മുന്‍ കാലങ്ങളിലേതിന് സമാനമായി ഇടതുപക്ഷ സര്‍ക്കാരിനെതിരെ രംഗത്തുവരികയാണ് കത്തോലിക്ക സഭ. സര്‍ക്കാരുകള്‍ക്കെതിരെ സഭ നടത്തിയ സമരങ്ങളെല്ലാം തന്നെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളുടെ പേരിലായിരുന്നു. ഇത്തവണയും വിഷയത്തിന് മാറ്റമില്ല. ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തുറന്ന പോരിനിറങ്ങി കത്തോലിക്ക സഭ രംഗത്തുവന്നിട്ടുള്ളത്. ഭിന്നശേഷി അധ്യാപക നിയമന വിഷയത്തില്‍ സര്‍ക്കാര്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്നാണ് സഭയുടെ ഔദ്യോഗിക സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് ആരോപിക്കുന്നത്. സര്‍ക്കാരിന്റെ കഴിവുകേട് മറക്കാന്‍ ക്രൈസ്തവ സമുദായ നേതൃത്വത്തിന്റെ മേല്‍ കുതിര കേറേണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു.

വേണ്ടി വന്നാല്‍ രണ്ടാം വിമോചന സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി ഭിന്നശേഷി ഒഴിവ് വിവരം സര്‍ക്കാരിന് നല്‍കിയിട്ടും സര്‍ക്കാര്‍ നിയമനം നടത്താതെ ഒളിച്ചുകളിക്കുകയാണ്. ഭിന്നശേഷി ഒഴിവ് സംബന്ധിയായ കണക്ക് സര്‍ക്കാര്‍ പുറത്ത് വിടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ തുടക്കം മാത്രമാണ് അവകാശ സംരക്ഷണ യാത്രയെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

അതേസമയം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ കോടതി വിധികള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, വിഷയത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഇക്കാര്യത്തില്‍ ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരല്ലെന്നും, എല്ലാ വിഭാഗം ജനങ്ങളുടെയും ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മാനേജ്മെന്റുകള്‍ അവരുടെ കടമകള്‍ നിറവേറ്റണ്ടതുണ്ട്.

വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഇക്കാര്യം പരിശോധിക്കണം. കഴിഞ്ഞ നാലു വര്‍ഷമായി നിയമ പോരാട്ടത്തില്‍ ഏതെങ്കിലും തരത്തില്‍ ഈ വിമര്‍ശനം ഉന്നയിക്കുന്ന മാനേജ്മെന്റുകള്‍ തയ്യാറായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും ലഭിച്ച നിവേദനം ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.