- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവത്തിന് മഹത്വവും മനുഷ്യർക്ക് സമാധാനവും ഇല്ലാത്ത നാടായി കേരളം മാറുന്നു; സർക്കാരിന്റെ വികലമായ നയങ്ങൾ ദുരിതം സമ്മാനിക്കുന്നു; ജനക്ഷേമം നോക്കാതെയുള്ള സർക്കാർ നടപടികൾ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം കത്തോലിക്കാ സഭ
തൃശൂർ: ബഫർസോൺ അടക്കമുള്ള വിഷയങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ സംസ്ഥാന സർക്കാറിനെതിരെ കടുത്ത വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം കത്തോലിക്ക സഭ. ഈ സർക്കാർ ജനക്ഷേമം അല്ലെന്ന വിമർശനം ഉയർത്തി കൊണ്ടാണ് കത്തോലിക്കാ സഭ രംഗത്തുവന്നത്. ദൈവത്തിന് മഹത്വവും മനുഷ്യർക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് മുഖപത്രം വിമർശിക്കുന്നു.
'കത്തോലിക്കാസഭ'യുടെ പുതുവർഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സർക്കാരിനെ കടന്നാക്രമിച്ചുള്ള വിമർശനം. സമാധാനമാണ് സർക്കാർ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം. വിഴിഞ്ഞവും ബഫർസോണും പിൻ വാതിൽ നിയമനവും അടക്കമുള്ള വിഷയങ്ങൾ നിരത്തിയാണ് സർക്കാരിനെതിരെയുള്ള വിമർശനം. സർക്കാരിന്റേത് ജനക്ഷേമമുഖമല്ലെന്നാണ് തുടർച്ചയായുള്ള വികലമായ നയങ്ങളിൽ നിന്നും വ്യക്തമാകുന്നതെന്ന് ലേഖനം ആരോപിക്കുന്നു.
'സർക്കാരിന്റെ വികലമായ നയങ്ങൾ ദുരിതം സമ്മാനിക്കുന്നു. ജനക്ഷേമം നോക്കാതെയുള്ള സർക്കാർ നടപടികൾ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികൾ ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു. മൂന്ന് കോടി ജനങ്ങൾ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകൾ കണ്ട് തീരുമാനമെടുക്കുന്നവർക്ക് മനസിലാകില്ല. അവർ ഭൂമയിലിറങ്ങി നടക്കണം, കർഷകർ വിയർപ്പൊഴുക്കുന്ന കൃഷി സ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം.
ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കിൽ നവകേരളം യാഥാർഥ്യമാകുമോ അതോ തൊഴിലാളി വർഗ സർവാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. ബഫർസോൺ വിഷയത്തിൽ വിവിധ അതിരൂപതകൾ സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു.
അതേസമയം കരുതൽ മേഖലയുമായി ബന്ധപ്പെട്ട് പരാതികൾ സമർപ്പിക്കാനുള്ള സമയം ശനിയാഴ്ച അവസാനിക്കാനിരിക്കെ സമയബന്ധിതമായി ഫീൽഡ് സർവേ പൂർത്തിയാക്കാനാകുമോ എന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കേസുകൾ 11ന് പരിഗണിക്കാനിരിക്കെ, ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഫീൽഡ് സർവേയടക്കം നടപടികൾ പൂർത്തിയാക്കാനുണ്ട്. 11ന് കേസ് പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ച വിവരം മുഴുവനും സുപ്രീംകോടതിക്ക് കൈമാറുമോ എന്നും വ്യക്തമല്ല.
എന്നാൽ, 11ന് കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പരിഗണന പട്ടികയിൽ വന്നിട്ടില്ല. അന്ന് പരിഗണിച്ചില്ലെങ്കിൽ കൂടുതൽ വ്യക്തത കൊണ്ടുവരാൻ കേരളത്തിന് സമയം ലഭിക്കുമെന്ന പ്രതീക്ഷയും വനംവകുപ്പിനുണ്ട്.അതേസമയം തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ തുടങ്ങിയ ഹെൽപ് ഡെസ്‌ക് വഴി വെള്ളിയാഴ്ചവരെ ലഭിച്ചത് 60000 ത്തോളം പരാതികളാണ്. പരാതികൾ നൽകാനുള്ള സമയം ഇനി ദീർഘിപ്പിക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.
പരാതികളിൽ ഏറിയപങ്കും നേരിട്ട് പരിഹരിക്കാൻ കഴിയാത്തവയാണെന്ന് വനം വകുപ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരുതൽ മേഖല സംബന്ധിച്ച് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിൽനിന്ന് വിട്ടുപോയ നിർമ്മിതികൾ സംബന്ധിച്ച് ലഭിച്ച പരാതികളിലാണ് തീർപ്പുണ്ടാക്കിയിട്ടുള്ളത്. ഉപഗ്രഹ സർവേയിൽ കണ്ടെത്തിയതിന്റെ മൂന്നു മടങ്ങിലേറെ നിർമ്മിതികൾ കരുതൽ മേഖലയിൽ ഉള്ളതായാണ് തുടർപരിശോധനകളിൽ വ്യക്തമായത്.
ഇത്തരത്തിൽ കണ്ടെത്തിയിട്ടുള്ള നിർമ്മിതികളുടെ വിവരങ്ങൾ വനംവകുപ്പിന്റെ ഭൂപടത്തിൽ കൂട്ടിച്ചേർക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. എന്നാൽ, നേരിട്ടുള്ള സ്ഥലപരിശോധന ഇന്ന് പൂർത്തിയാക്കാനുള്ള സാധ്യതയും കുറവാണ്. ഇടുക്കിപോലുള്ള ജില്ലകളിൽ ഫീൽഡ് സർവേ 65 ശതമാനം മാത്രമാണ് പൂർത്തിയായത്.
മറുനാടന് മലയാളി ബ്യൂറോ