ബെംഗളൂരു: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ നടപടിയെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) രംഗത്ത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് രാജ്യത്ത് നടക്കുക എന്ന പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിസിഐ രംഗത്തുവന്നത്. ഇക്കാര്യത്തില്‍ എംപിമാര്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ നിയമം ഭൂരിപക്ഷ ഭരണം അല്ലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ സിബിസിഐ വ്യക്തമാക്കി. 'ഭൂരിപക്ഷ ഭരണം ആര്‍ട്ടിക്കിള്‍ 14 ഉം ഇന്ത്യയുടെ ഭരണഘടന ഉദ്ദേശിച്ചിട്ടുള്ള എല്ലാ തത്വങ്ങള്‍ക്കും എതിരാണ്. നമ്മുടെ ഭരണഘടനയിലും അതിന്റെ ധാര്‍മ്മികതയിലും വിശ്വാസമില്ലാത്ത ഒരാള്‍ ഒരു ജഡ്ജിയായിരിക്കുക പോയിട്ട്, ഇന്ത്യയിലെ ജുഡീഷ്യറിയുമായി യാതൊരു ബന്ധവും പുലര്‍ത്തുവാന്‍ പോലും പാടില്ല,' പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് യാദവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124, 217 എന്നിവയ്ക്ക് കീഴിലാണെന്നും പാര്‍ലമെന്റിന് ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യാന്‍ കഴിയുമെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, ഇടപെടേണ്ടത് പ്രതിപക്ഷത്തിന്റെ പ്രാഥമിക കടമയാണെന്നും സിബിസിഐ ഓര്‍മിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍, ഈ ഗുരുതരമായ സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരാജയപ്പെട്ടതായി ഞങ്ങള്‍ കാണുന്നു. ജസ്റ്റിസ് യാദവിനെ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ചില എംപിമാര്‍ ആവശ്യപ്പട്ടത് പ്രതീക്ഷയുടെ തിളക്കം ആണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഹൈക്കോടതിയുടെ ലൈബ്രറി ഹാളില്‍ വെച്ച് നടന്ന വിഎച്ച്പി പരിപാടിയിലായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിദ്വേഷ പ്രസംഗം നടത്തിയത്. 'നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചാണ്. ഒരു കുടുംബമായാലും ഒരു സമൂഹമായാലും. ഭൂരിപക്ഷത്തിന്റെ ക്ഷേമത്തിനും സന്തോഷത്തിനും പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ മാത്രമേ സ്വീകരിക്കൂ,'' മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ട് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ തീവ്ര വലതുപക്ഷ ഹിന്ദുത്വ ശാഖയായ വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയില്‍ ജസ്റ്റിസ് യാദവ് പറഞ്ഞു.