- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇട്ടിയപ്പാറ ഇരട്ടക്കൊലപാതകത്തിന് ശേഷം ഫിറോസാബാദിൽ ഒന്നാം പ്രതി ഫക്രുദീൻ ഭൂമി വാങ്ങിക്കൂട്ടി; ഇത് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടും സിബിഐ അന്വേഷണം ആ വഴിക്ക് നീണ്ടില്ല; ഇരട്ടക്കൊലപാതകം അഞ്ച് പവനും തുച്ഛമായ തുകയും മോഷ്ടിക്കാൻ മാത്രമോ? ബന്ധുക്കൾ ഉന്നയിക്കുന്നത് സിബിഐ സംഘത്തെ മുൾമുനയിൽ നിറുത്തുന്ന ചോദ്യങ്ങൾ
തിരുവനന്തപുരം: ഇട്ടിയപ്പാറ ഇരട്ടക്കൊലക്കേസിൽ സിബിഐ സംഘം നാളിതുവരെ യാതൊന്നും ചെയ്തില്ലെന്ന ബന്ധുക്കളുടെ വാദം ശരിവയ്ക്കുന്ന തെളിവുകൾ പുറത്ത്. എന്തിനുവേണ്ടിയായിരുന്നു ഇരട്ടക്കൊലപാതകം. ആർക്ക് വേണ്ടിയായിരുന്നു പ്രതികൾ കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. മോഷണം ആയിരുന്നു പ്രതികളുടെ ഉദ്ദേശ്യമെങ്കിൽ വെറും അഞ്ച് പവനും തുച്ഛമായ തുകയും മാത്രം പ്രതികൾ മോഷ്ടിച്ച് മടങ്ങിയത് എന്തിന് ... ബന്ധുക്കളുടെ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടെത്താൻ കേസ് ഏറ്റെടുത്ത് അഞ്ച് വർഷത്തിന് ശേഷവും സിബിഐ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം .
2014 ഡിസംബർ 14 നായിരുന്നു നാടിനെ നടുക്കിയ ഇട്ടിയപ്പാറ ഇരട്ടക്കൊലക്കേസ് റാന്നിയിൽ അരങ്ങേറിയത്. തിരുവല്ല ഡിവൈഎസ്‌പി ആയിരുന്ന തമ്പി എസ് ദുർഗാദത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉത്തർ പ്രദേശ് സ്വദേശികളായ മൂന്ന് പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പൊലീസിന്റെ നിഗമനങ്ങളും അഭ്യൂഹങ്ങളും സത്യത്തോട് അടുത്ത് നിൽക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ മകൾ ഡോ ജിക്കി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച റാന്നി സിഐ രാജപ്പൻ റാവുത്തർ ഉൾപ്പെടെയുള്ളവരെ കോടതിയിൽ വിളിച്ചുവരുത്തി വിസ്തരിച്ച ശേഷമാണ് 2017 ഡിസംബറിൽ അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്.
എന്നാൽ ലോക്കൽ പൊലീസിനൊപ്പം പോലും കേസ് അന്വേഷണത്തിൽ മുന്നോട്ട് പോകാനോ കേസിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനോ സിബിഐ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കൊല്ലപ്പെട്ട ജോർജ് ജോൺ (75 ) കുഞ്ഞൂഞ്ഞമ്മ (72) എന്നിവർക്ക് നാട്ടിൽ ശത്രുക്കൾ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക നിഗമനം. പിന്നെ എന്തിനാണ് ഇരുവരെയും ഉത്തർപ്രദേശിൽ നിന്നെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. ഈ ചോദ്യമാണ് ബന്ധുക്കളെ ഇന്നും അലട്ടുന്നത്.
കേസ് അന്വേഷത്തിൽ ആദ്യഘട്ടം മുതൽ വീഴ്ചകൾ സംഭവിച്ചിരുന്നു. എന്നാൽ കേസ് ഏറ്റെടുത്ത സിബിഐ സംഘം മൂന്ന് തവണ കൃത്യം നടന്ന വീട് പരിശോധിച്ചതല്ലാതെ ഒരടി പോലും മുന്നോട്ട് പോയില്ല. പകരം കേസിലെ മൂന്നാം പ്രതി സമീർ അലിക്ക് കേസുമായി ബന്ധമൊന്നുമില്ലെന്ന് വരുത്തി തീർത്ത് അയാളെ കുറ്റവിമുക്തനാക്കുകയാണ് സിബിഐ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടാം പ്രതി ഇല്യാസ് അലിക്കും കൃത്യത്തിൽ പങ്കില്ലെന്നാണ് സിബിഐ കണ്ടെത്തലെന്നും അഭ്യൂഹമുണ്ട്. ഒന്നാം പ്രതി ഫക്രുദീനെ ജാമ്യത്തിൽ പോകാൻ വഴിയൊരുക്കിയതും സിബിഐ സംഘത്തിന്റെ വീഴ്ചയായി ചൂണ്ടിക്കാട്ടുകയാണ് ബന്ധുക്കൾ .
ജോർജ് ജോൺ കൊല്ലപ്പെടുന്നതിന് മൂന്ന് വർഷം മുമ്പാണ് ഫക്രുദീൻ റാന്നിയിൽ ജോർജ് ജോണിന്റെ വാടക കെട്ടിടത്തിൽ ജോലി നോക്കിയതും താമസിച്ചതും. ദീർഘ കാലത്തെ ഇടവേളയ്ക്ക് ശേഷം ഫക്രുദീൻ റാന്നിയിലെത്തുന്നത് ജോർജ് ജോൺ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. ഇക്കാര്യം കേരള സൈബർ സെല്ലാണ് സ്ഥിരീകരിച്ചത്. ഫക്രൂദീനാണ് ജോർജ് ജോണിന്റ വീട്ടിലെ ലാൻഡ് ഫോണിലേക്ക് അവസാനം വിളിച്ച വ്യക്തി എന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലാണ് അന്വേഷണം ഫക്രുദീനിലേക്ക് തിരിച്ച് വിടാൻ കേരള പൊലീസിനെ പ്രേരിപ്പിച്ചത്.
അറസ്റ്റിലായ ഫക്രുദീൻ നൽകിയ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നുവെന്ന് സിബിഐ സംഘവും സമ്മതിക്കുന്നുണ്ട്. എന്നാൽ ഫക്രുദീന്റെ ഒരു മൊഴി ഏറ്റവും സുപ്രധാനമായിരുന്നു . വൃദ്ധദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ചവരെ തടയാൻ ശ്രമിക്കുന്നതിനിടെ തന്നെ അക്രമികൾ പിടിച്ച് തള്ളി എന്നായിരുന്നു ആ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇല്യാസിനെയും സമീറിനെയും പൊലീസ് അറസ്റ്റ് ചെയ്തത് .എന്നാൽ സമീറിന് കേസിൽ പങ്കൊന്നുമില്ലെന്ന് അയാളുടെ ഭാര്യയും ബന്ധുക്കളും ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നു. ഇല്യാസിനെയും സമീറിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ലെന്നും വാദം ഉയർന്നിരുന്നു.
വിചാരണയ്ക്ക് ശേഷം കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ സാധാരണ ഗതിയിൽ പ്രതിപ്പട്ടികയിലുള്ളവരെ കുറ്റവിമുക്തരാക്കുന്നതും ശിക്ഷയിൽ നിന്ന് ഒഴിവാക്കി വെറുതെ വിടുന്നതും.എന്നാൽ ഇട്ടിയപ്പാറ ഇരട്ടക്കൊലക്കേസിൽ സിബിഐ സംഘമാണ് സമീറിനെ കുറ്റവാളിയല്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ആദ്യം ജാമ്യം എടുത്ത് ഒളിവിൽ പോയ ഫക്രുദീനെ സിബിഐ സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ അന്വേഷണം മന്ദഗതിയിലായതോടെ ഫക്രുദീൻ വീണ്ടും ജാമ്യം നേടി മുങ്ങി. ഇയാൾ സ്വന്തം നാടായ ഫിറോസാബാദിൽ ഭൂമി വാങ്ങിക്കൂട്ടിയത് ഇട്ടിയപ്പാറ ഇരട്ടക്കൊലപാതകത്തിന് ശേഷമാണെന്നും ആരോപണമുണ്ട്. ഇത് തെളിയിക്കുന്ന വിവരങ്ങൾ സിബിഐക്ക് ലഭിച്ചെങ്കിലും ആ വഴിക്ക് അന്വേഷണം നീണ്ടില്ല. ഒരു പക്ഷെ ആ വഴിക്ക് അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കിൽ ഇരട്ടക്കൊലക്കേസിൽ ഇപ്പോഴും കാണാമറയത്തുള്ള സൂത്രധാരനെ കണ്ടെത്താൻ സിബിഐക്ക് കഴിയുമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
തുച്ഛമായ പണവും സ്വർണവും കൈക്കലാക്കാൻ യുപി യിൽ നിന്ന് തോക്കും വെടിയുണ്ടകളുമായി റാന്നിയിലെത്തി ഇരട്ടക്കൊലപാതകം നടത്താൻ മാത്രം വ്യക്തി വൈരാഗ്യം പ്രതികൾക്ക് വൃദ്ധദമ്പതികളോട് ഉണ്ടായിരുന്നില്ലെന്ന് പകൽ പോലെ വ്യക്തമായിട്ടും ആ വഴിക്കും സിബിഐ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
സിബിഐ സംഘത്തെ മുൾമുനയിൽ നിറുത്തുന്ന ചോദ്യങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്
ഫക്രുദീനും സംഘവും കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്തിനുവേണ്ടിയായിരുന്നു? പണത്തിനോ സ്വർണത്തിനോ വേണ്ടിയായിരുന്നെങ്കിൽ പ്രത്യക്ഷത്തിൽ കണ്ട സ്വർണവും പണവുമല്ലാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും അവർ അപഹരിക്കാത്ത് എന്തു കൊണ്ട്..?
കേസ് ആദ്യം അന്വേഷിച്ച റാന്നി സർക്കിൾ ഇൻസ്പെക്ടർ രാജപ്പൻ റാവുത്തർ തെളിവുകൾ നശിപ്പിക്കാനും തെളിവുകൾ കണ്ടില്ലെന്ന് വരുത്തി തീർക്കാനും ശ്രമിച്ചത് എന്തിന് ?
ലോക്കൽ പൊലീസിൽ സമ്മർദ്ദം ചെലുത്തി കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് ?
പ്രതിപ്പട്ടികയിൽ ഉള്ളവരെ കുറ്റവാളിയല്ലെന്ന് മുദ്രകുത്തി ക്ലീചിറ്റ് നൽകാൻ സിബിഐ തിടുക്കം കാട്ടിയത് ?
രാജ്യം മുഴുവൻ അന്വേഷണ സംഘവും പിടിപാടുമുള്ള സിബിഐ സംഘം കോടതി നിർദ്ദേശം ഉണ്ടായിരുന്നിട്ടും ഫക്രുദീനെ നാളിതുവരെ പിടികൂടാത്തത് എന്തുകൊണ്ട്?
ലഭ്യമായ തെളിവുകളുടെ വിശകലനം പോലും നടത്താൻ സിബിഐ സംഘം തയ്യാറാകാത്തത് എന്തു കൊണ്ട്?
ഇരട്ടക്കൊലപാതകം നടന്നിട്ട് എട്ട് കൊല്ലം പിന്നിടുമ്പൊഴും കൊല്ലപ്പെട്ടവരോടും അവർക്ക് നീതിക്ക് വേണ്ടി അലയുന്ന ബന്ധുക്കളോടും വ്യക്തമായ ഉത്തരം നൽകാൻ സിബിഐ മടിക്കുന്നത് ?
നേരറിയാൻ സിബിഐ വരണമെന്ന് ആശിച്ച ജോർജ് ജോണിന്റെ മകൾ ഡോ ജിക്കിക്ക് പോലും സിബിഐ സംഘം കാട്ടുന്ന അനാസ്ഥയിൽ കടുത്ത നിരാശയാണ് ഇപ്പോഴുള്ളത്.
മറുനാടന് മലയാളി ബ്യൂറോ