ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐയുടെ സമൻസ്. 300 കോടിരൂപ കോഴ വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലിലാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഏപ്രിൽ 27-നോ 28-നോ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്റെ പേരിലാണ് ചോദ്യംചെയ്യലെന്നാണ് വിവരം. ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐയുടെ നോട്ടീസ്. ഈ മാസം 28ന് സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. റിലയൻസ് ഇൻഷുറൻസ് ആരോപണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. റിലയൻസ് ഇൻഷൂറൻസുമായി ബന്ധപ്പെട്ട് 300 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന് സത്യപാൽ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ രാജ്യസുരക്ഷയും പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട ചില പ്രതികരണങ്ങൾ സത്യപാൽ മാലിക്ക് അടുത്തിടെ ഒരു അഭിമുഖത്തിൽ നടത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെ സമൺസ് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചകൾക്ക് വഴിവെക്കുന്നുണ്ട്.

അതേസമയം അംബാനിയുമായും ആർഎസ്എസ് ബന്ധമുള്ള ഒരു വ്യക്തിയുമായും ബന്ധപ്പെട്ട ഫയലുകളിൽ അനുകൂല തീരുമാനമെടുക്കുന്നതിന് മുന്നൂറ് കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായാണ് മുൻപ് സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തിയത്. എന്നാൽ ഈ കോഴ വാഗ്ദാനം താൻ നിരാകരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിലപാടിനെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

കശ്മീരിൽ ഗവർണറായി ചുമതലയേറ്റ ശേഷം അനുമതിക്കായി രണ്ടു ഫയലുകൾ തന്റെ മുന്നിലെത്തി. ഒന്ന് അംബാനിയുടെ കമ്പനിയുമായി ബന്ധപ്പെട്ട ഫയൽ ആയിരുന്നു. മറ്റൊന്ന് പ്രധാനമന്ത്രിയുടെ അടുത്ത ആളെന്ന് അവകാശപ്പെടുന്ന, മുൻ പിഡിപി-ബിജെപി മന്ത്രിസഭയിൽ അംഗമായിരുന്ന ആളുടേതായിരുന്നു. ഈ രണ്ട് പദ്ധതികളുമായും ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന് വകുപ്പ് സെക്രട്ടറിമാരിൽനിന്ന് മനസ്സിലാക്കി. അതുപ്രകാരം താൻ അനുമതി നിഷേധിക്കുകയും പദ്ധതി റദ്ദാക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാൻ കൂട്ടുനിന്നാൽ ഒരു പദ്ധതിക്ക് 150 കോടി വെച്ച് കിട്ടുമെന്ന് സെക്രട്ടറിമാർ തന്നോടു പറഞ്ഞു. എന്നാൽ, ഞാൻ ഇവിടെ വന്നിട്ടുള്ളത് അഞ്ച് ജോഡി കുർത്ത-പൈജാമയുമായി ആണെന്നും തിരിച്ചുപോകുന്നതും അങ്ങനെതന്നെ ആയിരിക്കുമെന്നും താൻ അവരോട് പറഞ്ഞതായും മാലിക് വ്യക്തമാക്കി.

ഈ അഴിമതി നീക്കങ്ങൾ സംബന്ധിച്ച് താൻ പ്രധാനമന്ത്രി മോദിയെ കണ്ട് വിശദീകരിച്ചതായും മാലിക് പറഞ്ഞു. അഴിമതിക്കായി പ്രധാനമന്ത്രിയുടെ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഗവർണർ സ്ഥാനം രാജിവെക്കാൻ താൻ തയ്യാറാണെന്നും സ്ഥാനത്ത് തുടരുകയാണെങ്കിൽ ഈ ഫയലുകൾക്ക് അനുമതി നൽകില്ലെന്നും പ്രധാനമന്ത്രിയോട് തുറന്ന് പറഞ്ഞു. തന്റെ നിലപാടിനെ മോദി പ്രകീർത്തിക്കുകയും അഴിമതിയോട് ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയും നടത്തേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തെന്നും മാലിക് വ്യക്തമാക്കിയിരുന്നു.

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഫയലാണ് മാലിക് പരാമർശിച്ചത്. സർക്കാരുമായി ചേർന്നുള്ള ഈ പദ്ധതിയിൽ ചില അഴിമതികൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഈ പദ്ധതി റദ്ദാക്കിയിരുന്നു. തുടർന്ന് ഈ കരാർ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

അതേസമയം 2019ൽ പുൽവാമയിലുണ്ടായ ആക്രമണത്തിനു മുന്നോടിയായി സിആർപിഎഫിന് എന്തുകൊണ്ട് വിമാനം നൽകിയില്ലെന്ന ചോദ്യവുമായി കോൺഗ്രസ് എത്തുമ്പോൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ബിജെപിയും സർക്കാരും പ്രതികരിച്ചിരുന്നില്ല. ഭീകരാക്രമണ ഭീഷണി നിലനിൽക്കെ എന്തുകൊണ്ട് റോഡ് വഴിയുള്ള സഞ്ചാരത്തിന് സിആർപിഎഫ് ജവാന്മാരെ നിർബന്ധിതരാക്കിയെന്നും കോൺഗ്രസ് ചോദിച്ചു. 40 ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണത്തിന്റെ റിപ്പോർട്ട് കേന്ദ്രം പുറത്തുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെടുകയുണ്ടായി. സത്യപാൽ മാലികിന്റെ വിശ്വാസ്യത ചർച്ചയാക്കാനാണ് ബിജെപി നീക്കം. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സിബിഐ നീക്കമെന്ന് നിരീക്ഷണങ്ങളുമുണ്ട്.

പുൽവാമ ഭീകരാക്രമണത്തിൽ ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വം വളരെ വലുതാണെന്ന് സത്യപാൽ മാലിക് ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അത് ആരോടും പറയാതെ മറച്ചുപിടിക്കണമെന്നാണ് മോദി ആവശ്യപ്പെട്ടതെന്നും മാലിക് വ്യക്തമാക്കുന്നു.

ജവാന്മാരെ കൊണ്ടുപോകാൻ വിമാനം ആവശ്യപ്പെട്ട സിആർപിഎഫ് അധികൃതരുടെ അപേക്ഷ നിഷ്‌കരുണം ആഭ്യന്തര വകുപ്പ് നിരസിച്ചു. തുടർന്നാണ് വാഹനത്തിൽ അവർ ലക്ഷ്യസ്ഥാനത്തേയ്ക്ക് നീങ്ങിയത്. സുരക്ഷയിലും മറ്റ് നടപടിക്രമങ്ങളിലും സംഭവിച്ച പാളിച്ച സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു താൻ സമർപ്പിച്ചു. ഏതാനും നാൾ കഴിഞ്ഞ് മോദിയെ സന്ദർശിച്ചപ്പോൾ വിഷയത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രി നേരിട്ട് അഭ്യർത്ഥിച്ചതായി മാലിക് വെളിപ്പെടുത്തി. ദേശീയ സൂരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇക്കാര്യം ആവശ്യപ്പെട്ടു. ഇരുവരുടെയും ആവശ്യം തന്നെ കൂടുതൽ ചിന്തിപ്പിച്ചതായും പാക്കിസ്ഥാന്റെ മേൽ കുറ്റം ചുമത്തി തെരഞ്ഞെടുപ്പ് വിജയിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് തിരിച്ചറിയാൻ കഴിഞ്ഞതായും മാലിക് പറഞ്ഞു.

300 കിലോ ആർഡിഎക്സ് പാക്കിസ്ഥാനിൽ നിന്ന് കൊണ്ടു വന്ന് സുരക്ഷിതമായി ഒളിപ്പിക്കാൻ ഭീകരർക്ക് എങ്ങനെ സാധിച്ചുവെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും മാലിക് കൂട്ടിച്ചേർത്തിരുന്നു. ഇതാണ് കോൺഗ്രസും പ്രതിപക്ഷവും ആരോപണങ്ങളായി ഉയർത്തുന്നത്. ഗവർണ്ണർ പദവിയിൽ ഇരിക്കുമ്പോൾ തന്നെ ബിജെപിയെ വെട്ടിലാക്കുന്ന പലതും സത്യപാൽ മാലിക് പറഞ്ഞിട്ടുണ്ട്.