ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിലേക്കും അന്വേഷണം നീളുന്നു.കെജ്രിവാളിനെ ചോദ്യം ചെയ്യാനായി സിബിഐ നോട്ടീസ് നൽകി.  വിവാദമദ്യനയമാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജയിലിലാക്കിയത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് കെജ്രിവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുമുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിക്കുന്നത് സമീപചരിത്രത്തിൽ ഇതാദ്യമാണ്.

സ്വകാര്യ റീട്ടെയ്ൽ കച്ചവടക്കാർക്ക് അമിത ലാഭമുണ്ടാക്കാൻ കഴിയുന്ന, സർക്കാർ നിയന്ത്രണം പാടേ ഇല്ലാതാക്കുന്ന, മദ്യനയമാണ് വിവാദത്തിലായതും,സിബിഐ അന്വേഷണത്തിലേക്ക് നീണ്ടതും. നയം നടപ്പാക്കാൻ ആം ആദ്മി പാർട്ടി ഉന്നതർ കോടികൾ കോഴ വാങ്ങിയെന്നും ഈ തുക കഴിഞ്ഞ വർഷം പാർട്ടിയുടെ ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയെന്നുമാണ് സിബിഐ ആരോപിക്കുന്നത്.

തങ്ങൾക്ക് പുതിയ തെളിവുകൾ കിട്ടിയെന്നും അതനുസരിച്ചാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതെന്നും സിബിഐ കേന്ദ്രങ്ങൾ പറയുന്നു. അതേസമയം, ഇതെല്ലാം ബിജെപിയുടെ രാഷ്ട്രീയ പകവീട്ടലാണെന്നാണ് എഎപി ആരോപിക്കുന്നത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണ് സമൺസിന് പിന്നിലെന്ന് പാർട്ടി ആരോപിക്കുന്നു.

ഇത്തരം തന്ത്രങ്ങളിലൂടെയൊന്നും കെജ്രിവാളിനെ വിരട്ടാൻ ആവില്ലെന്നും, അഴിമതിയുടെയും കള്ളപ്പണത്തിന്റെയും വിഷയം തുടർന്നും ഉന്നയിക്കുമെന്നും എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

ഫെബ്രുവരി 26 നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡിയും സിസോദിയയെ അറസ്റ്റ് ചെയ്തു. ഏപ്രിൽ 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അദ്ദേഹം. ഡൽഹി കോടതി 12 നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അരവിന്ദ് കെജ്രിവാളിന്റെ വലംകൈയായ സിസോദിയയെ അറസ്റ്റു അറസ്റ്റു ചെയ്തതിലൂടെ ആം ആദ്മിയെ ഭയപ്പെടുത്തി മെരുക്കാം എന്ന തന്ത്രമാണ് കേന്ദ്രം പയറ്റുന്നത് എന്ന് വ്യക്തമാണ്. പഞ്ചാബിൽ അടുത്തിടെ സർക്കാർ രൂപീകരിച്ചത് ബിജെപിക്ക് കനത്ത അടിയായി. അടുത്തതായി ഹരിയാനയെയും ആം ആദ്മി ലക്ഷ്യം വെക്കുന്നു. ലെഫ്. ഗവർണർമാരെ വെച്ച് ഡൽഹിയിൽ ആം ആദ്മി സർക്കാരിനെയും മുഖ്യമന്ത്രിയും പാർട്ടിതലവനുമായ അരവിന്ദ് കെജ് രിവാളിനെയും പൂട്ടാൻ പലതവണ ബിജെപിയും മോദിയും ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഏറ്റവുമൊടുവിൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്തതിരിച്ചടിയാണ് നേരിട്ടത്.

ഡൽഹിയിലെ ഏക അധികാര കേന്ദ്രവും നഷ്ടമായതോടെ ആപ്പിന്റെ ശക്തി ബിജെപി ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടായാണ് ആം ആദ്മി പാർട്ടിയുടെ രണ്ടാമനെതിരെ ബിജെപി നീങ്ങുന്നത്. ഇതിന്റെ പരിണത ഫലം എന്താകുമെന്ന് കണ്ടു തന്നെ അറിയണം. ആം ആദ്മിയുടെ ഫ്രീബി പൊളിറ്റിക്സിനെതിരെ കുറച്ചുകാലമായി തന്നെ ബിജെപി രംഗത്തുണ്ട്. ആപ്പിനെ വരുതിയിൽ നിർത്തുക എനന്നതാണ് ഇപ്പോൾ സിബിഐ കേസിലൂടെ ഉണ്ടായിരിക്കുന്ന കാര്യം.

എന്താണ് ഡൽഹിയിലെ മദ്യ നയം മാറ്റം?

മദ്യനയത്തിൽ കാതലായമാറ്റം വരുത്തിയതാണ് ഡൽഹിയിലെ മദ്യനയത്തിലെ കാതലായ വശം. ഇതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയ്ക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് റെയ്ഡിന്റെ തുടക്കം. മദ്യവിൽപ്പന ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ സിസോദിയ അനുവദിച്ചുവെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 1 മുതൽ നയം റദ്ദാക്കുമെന്ന് സിസോദിയ പ്രഖ്യാപനം നടത്തുകയായിരുന്നു. ദേശീയ തലസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനക്കാർക്ക് മാത്രം മദ്യം വിൽക്കാൻ അനുമതി നൽകികൊണ്ടായിരുന്നു സിസോദിയയുടെ പ്രഖ്യാപനം.

സർക്കാർ നേരിട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും മദ്യം വിൽക്കുന്നതെങ്കിൽ ഡൽഹി മദ്യനയത്തിൽ വരുത്തിയ മാറ്റം അവ വിൽക്കുന്നതിനുള്ള അധികാരം സ്വകാര്യബാറുടമകൾക്ക് നൽകിയതാണ്. ഇതിലൂടെ പതിനായിരം കോടിയോളം രൂപയാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിട്ടത്. സർക്കാരിന്റെ പങ്കാളിത്തം കുറച്ച് ഖജനാവിന് നേട്ടമുണ്ടാക്കുകയാണ് മദ്യനയം ലക്ഷ്യമിട്ടത്. സ്വകാര്യവ്യക്തികളെ മദ്യം വിൽക്കാനും ലാഭമുണ്ടാക്കാനും അനുവദിക്കുന്നത് ദേശീയമദ്യനയത്തിന് എതിരാണെന്നാണ് പക്ഷേ കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ കെജ് രിവാളും പാർട്ടിയും പറയുന്നത് തങ്ങൾ സുതാര്യമായാണ് നയം രൂപീകരിച്ചതെന്നാണ്.

സ്വകാര്യ മദ്യ മുതലാളിമാരിൽ നിന്ന് പണം വാങ്ങിയാണ് ഗോവയിൽ ആപ്പ് തെരഞ്ഞെടുപ്പിന് ചെലവഴിച്ചതെന്ന ആരോപണവും ബിജെപി ഉന്നയിക്കുന്നു. തെലുങ്കാന മുഖ്യമന്ത്രിയെയും ബിജെപി ലക്ഷ്യമിട്ടതിന്റെ തെളിവാണ് ഈ കേസിൽതന്നെ അദ്ദേഹത്തിന്റെ മകളുടെ അക്കൗണ്ടന്റിനെയും അറസ്റ്റ് ചെയ്തത്. ദക്ഷിണേന്ത്യൻ മദ്യലോബിയാണ് ഈ നയത്തിന ്പിന്നിലെന്നാണ് കേന്ദ്രം പറയുന്നത്.

മദ്യനയംഇതുവരെയും നടപ്പാക്കിയിട്ടില്ല എന്നതാണ് ഇതിലെ കൗതുകകരമായ കാര്യം. സർക്കാരിനോ വ്യക്തികൾക്കോ ഇതിൽ യാതൊരു നഷ്ടവും ഉണ്ടായിട്ടുമില്ല. അതാണ് കേന്ദ്രത്തിന്റെയും സിബി.ഐയുടെയും വാദത്തെ ദുർബലമാക്കുന്നത്. രാഷ്ട്രീയ പകപോക്കലാണെന്ന് കെജ് രിവാൾ പറയുമ്പോൾ അത് വിശ്വസിക്കാൻ കഴിയുന്നതും കേസിന് കാരണമായ നയത്തിലൂടെ ആർക്കും നഷ്ടമുണ്ടായിട്ടില്ല എന്നതാണ്.

പുതിയ മദ്യ നയം കഴിഞ്ഞ വർഷം നവംബർ 17 മുതലാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടത്. അതനുസരിച്ച് നഗരത്തിലുടനീളമുള്ള 849 വ്യാപാരസ്ഥലങ്ങൾ 32 സോണുകളായി തിരിച്ച് റീട്ടെയിൽ ലൈസൻസ് നൽകി. ഡൽഹിയിൽ പുതിയ മദ്യശാലകൾ തുറക്കില്ലെന്ന് നയത്തിൽ വ്യക്തമാക്കിയിരുന്നു. നഗരത്തിലുടനീളമുള്ള 849 മദ്യവിൽപ്പന കേന്ദ്രങ്ങൾക്കായി സ്വകാര്യ ലേലക്കാർക്ക് റീട്ടെയിൽ ലൈസൻസ് നൽകും. 32 സോണുകളായാണ് നഗരത്തെ തരംതിരിച്ചിരിക്കുന്നത്. ഓരോ സോണിനെയും 8-10 വാർഡുകളായി തിരിച്ചിരിക്കുന്നു. അതിൽ ഏകദേശം 27 വെൻഡുകളാണുള്ളത്. മാർക്കറ്റുകൾ, മാളുകൾ, വാണിജ്യ റോഡുകൾ/ഏരിയകൾ, പ്രാദേശിക ഷോപ്പിങ് കോംപ്ലക്‌സുകൾ എന്നിവിടങ്ങളിൽ സ്റ്റോറുകൾ തുറക്കാനും നയത്തിൽ അനുവാദം നൽകി.

സർക്കാർ നിശ്ചയിച്ച വിലയിൽ മദ്യം വിൽക്കുന്നതിനു പകരം കിഴിവുകൾ നൽകാനും സ്വന്തമായി വില നിശ്ചയിക്കാനും അനുവദിക്കുന്നതു പോലുള്ള നിയമങ്ങളും സർക്കാർ അനുവദിച്ചു. തുടർന്ന് വിൽപ്പനക്കാർ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങി. ഇത് ജനങ്ങളെ ആകർഷിച്ചു. എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എക്‌സൈസ് വകുപ്പ് കുറച്ചുകാലത്തേക്ക് ഡിസ്‌കൗണ്ടുകൾ പിൻവലിച്ചു. ഓഗസ്റ്റ് ഒന്നിന് നയം പിൻവലിക്കുകയും ചെയ്തു.

മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങൾ എന്തെല്ലാം?

ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അനുസരിച്ച്, എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ സിസോദിയ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടെൻഡറുകൾ നൽകിയതിന് ശേഷം മദ്യം വിൽക്കുന്നതിനുള്ള ലൈസൻസിന് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയെന്നാണ് സിസോദിയക്കെതിരായ ആരോപണം.

കോവിഡ് മഹാമാരിയുടെ പേരിൽ ടെൻഡർ ചെയ്ത ലൈസൻസ് ഫീസിൽ എക്‌സൈസ് വകുപ്പ് 144.36 കോടി രൂപ ഇളവ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. എയർപോർട്ട് അധികൃതരിൽ നിന്ന് എൻഒസി നേടാൻ കഴിഞ്ഞില്ലെങ്കിലും, എയർപോർട്ട് സോണിന്റെ ലേലത്തിൽ പങ്കെടുത്തയാൾക്ക് 30 കോടി രൂപ തിരികെ നൽകിയതായി പിടിഐ റിപ്പോർട്ട് പറയുന്നു. ഡൽഹി മദ്യനയം 2010 ലെ നിയമം 48(11)(ബി) ആണ് ഇത് ലംഘിച്ചത്. സിസോദിയയുടെ നിർദ്ദേശപ്രകാരം എക്‌സൈസ് വകുപ്പ്, 2021 നവംബർ 8 ലെ ഉത്തരവിൽ വിദേശ മദ്യത്തിന്റെ നിരക്ക് കണക്കാക്കുന്നതിനുള്ള ഫോർമുല പരിഷ്‌കരിക്കുകയും ബിയറിന് 50 രൂപ വീതം ഇറക്കുമതി പാസ് ഫീസ് ഈടാക്കുന്നത് നീക്കം ചെയ്യുകയും ചെയ്തു.

ഇപ്പോൾ റദ്ദാക്കിയ നയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച എഫ്ഐആറിൽ 15 പേരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സിസോദിയയാണ് പ്രതിപ്പട്ടികയിൽ ഒന്നാമത്. സിസോദിയയും അന്നത്തെ ഡൽഹി എക്‌സൈസ് കമ്മീഷണർ ആരവ ഗോപി കൃഷ്ണയും മറ്റ് രണ്ട് സീനിയർ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും 2021-22 വർഷത്തേക്കുള്ള മദ്യ നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു.

മദ്യനയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവുകളും ക്രമക്കേടുകളും സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് മറുപടി തേടി ജൂലൈ 8ന് ഡൽഹി ചീഫ് സെക്രട്ടറി സിസോദിയക്ക് റിപ്പോർട്ട് അയച്ചു. അതേ ദിവസം തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ലെഫ്റ്റനന്റ് ഗവർണർ സക്സേനയ്ക്കും അദ്ദേഹം റിപ്പോർട്ടിന്റെ പകർപ്പ് അയച്ചിരുന്നു. കൂടാതെ, സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ അദ്ദേഹം വിവരം അറിയിക്കുകയും മദ്യവ്യാപാരത്തിലെ കുത്തകകളെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആം ആദ്മി പാർട്ടിയുടെ ക്ഷേമ നയങ്ങളോടുള്ള ബിജെപിയുടെ ഭയമാണ് ഇപ്പോഴത്തെ നടപടികൾക്ക് പിന്നിലെന്നാണ് ആം ആദ്മി പറുയുന്നത്. എഎപി സർക്കാർ കോടിക്കണക്കിന് രൂപയുടെ മദ്യ കുംഭകോണത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഡൽഹി ബിജെപി ഘടകം ആരോപിച്ചിരുന്നു. എന്നാൽ നടപ്പിലാക്കാത്ത മദ്യ നയം എങ്ങനെ അഴിമതിയാകും എന്ന ചോദ്യത്തിന് ഇനിയും ബിജെപിക്കും ഉഥത്രമില്ല. മദ്യനയം അടക്കമുള്ള വിഷയങ്ങൾ നയപരമായ കാര്യമാണ്. രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യ വൽക്കരിക്കുകയും നോട്ടു നിരോധനവുമെല്ലാം ബിജെപി സർക്കാറിന്റെ നയങ്ങളാണ്. ആപ്പിനെതിരെ വിരൽ ചൂണ്ടൂമ്പോൾ ഈ കേസുകളിൽ ബിജെപിയും പ്രതിക്കൂട്ടിലാകുന്ന അവസ്ഥ വരില്ലെയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇതെല്ലാം തന്ത്രപൂർവ്വം മറക്കുകയാണ് കേന്ദ്ര സർക്കാർ.

ഏതായാലും സിസോദിയയുടെ അറസ്റ്റിലൂടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ പ്രചാരണത്തിനൊരു വിഷയം ബിജെപിക്ക് ലഭിക്കും.മാത്രമല്ല, ആം ആദ്മിയുടെ രണ്ടാമത്തെ വലിയ നേതാവിനെ ദീർഘകാലത്തേക്ക് അകത്തിടാനായാൽ ആ പാർട്ടിയുടെ തന്ത്രങ്ങളുടെ മുനയൊടിക്കാനും ബിജെപിക്കും മോദിക്കും കഴിയും. ഇതാണ് മൊത്തത്തിൽ മദ്യനയക്കേസ്. ഇതിനെ കെജ്രിവാൾ തന്റെ തന്ത്രങ്ങളിലൂടെ അതിജീവിക്കുമോ എന്നാണ് കണ്ടറിയേണ്ടത്