കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കറിന് സിബിഐ നോട്ടീസ്. വ്യാഴാഴ്ച രാവിലെ 10.30ന് സിബിഐ ഓഫീസിലെത്താനാണ് നിർദ്ദേശം. ലൈഫ് മിഷൻ കേസിൽ ആദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതി പ്രകാരം വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കിന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം.

യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്റെ പൂർണ അറിവോടെയായിരുന്നു എന്നാണ് സ്വപ്ന സിബിഐയോട് പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം സ്വപ്ന സുരേഷ് സിബിഐയുടെ മുന്നിൽ ഹാജരായിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരാണ് ലൈഫ് മിഷൻ അഴിമതി കേസിലെ പ്രതികൾ. സാമ്പത്തികഇടപാടിന്റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് നിർദ്ദേശം. കഴിഞ്ഞദിവസം കസ്റ്റംസ് നൽകിയ കുറ്റപത്രത്തിൽ സ്വപ്ന സുരേഷിന്റെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കരന് ലഭിച്ച കമ്മീഷൻ തുകയാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയുടെ അക്കൗണ്ടിൽ നിന്ന് പിടിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ കേസിൽ ശിവങ്കറിനുള്ള കോഴയായിരുന്നുവെന്നാണ് കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഈ കുറ്റപത്രത്തെ ആസ്പദമാക്കിയായിരിക്കും ചോദ്യം ചെയ്യൽ.

കേസിൽ ലൈഫ് മിഷൻ സിഇഒ ആയിരുന്ന യു.വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നുവെങ്കിലും കേസ് തുടരട്ടെയന്ന നിലപാടിലായിരുന്നു സുപ്രീംകോടതിയുടേത്. കേസിൽ ശിവശങ്കറിനെ ആറാം പ്രതിയാക്കിയാണ് കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചത്. 18.50 കോടി രൂപയാണ് ലൈഫ് മിഷൻ പദ്ധതിക്കായി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിട നിർമ്മാണത്തിന് വിനിയോഗിച്ചപ്പോൾ ബാക്കി തുക കൈക്കൂലിയായി വിതരണം ചെയ്തുവെന്നാണ് കേസ്.