ന്യൂഡല്‍ഹി : ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കാനുളള സുരക്ഷാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് എതിരെ തുര്‍ക്കി കേന്ദ്രമായുള്ള സെലെബി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ, പാക്കിസ്ഥാനെ തുര്‍ക്കി പിന്തുണച്ചതിന് പിന്നാലെയാണ് സെലബിക്ക് എതിരെ നടപടി വന്നത്. രാജ്യത്തെ 9 വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, കാര്‍ഗോ സേവനങ്ങള്‍ നല്‍കി വരുന്ന കമ്പനിക്ക് സുരക്ഷാനുമതി നിഷേധിച്ചത് ദേശീയ സുരക്ഷയുടെ പേരിലാണ്.

വിമാനത്താവളങ്ങളിലെ സേവനങ്ങള്‍ക്കുള്ള കരാര്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി എന്നാരോപിച്ചാണ് സെലെബി ഹര്‍ജി നല്‍കിയിരിക്കുന്നത്. കൊച്ചിയുള്‍പ്പെടെ 9 വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവനത്തില്‍ നിനാണ് സെലിബിയെ നീക്കിയത്. മുന്‍കൂട്ടി അറിയിക്കാതെയാണ് വിലക്കെന്നും മൂവായിരത്തിലധികം പേരുടെ തൊഴിലിനെ ബാധിക്കുന്നതാണ് നടപടിയെന്നും കമ്പനി പറയുന്നു.

നേരത്തെ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗന്റെ മകളുടെ കമ്പനിയാണ് എന്ന പ്രചാരണം സെലെബി നിഷേധിച്ചിരുന്നു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കാര്‍ഗോ മാനേജ്മെന്റ് അടക്കമുള്ള ജോലികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. വിമാനത്താവളങ്ങളിലെ ഉയര്‍ന്ന സുരക്ഷാ മേഖലകളായ എയര്‍സൈഡ് സോണുകളില്‍ കമ്പനിയുടെ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ വിമാനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര വിമാനങ്ങളില്‍ കാര്‍ഗോ ലോജിസ്റ്റിക്‌സും യാത്രക്കാരുടെ ബാഗേജും സെലെബി ജീവനക്കാര്‍ കൈകാര്യം ചെയ്തിരുന്നു.

സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനിടെ, പാക്കിസ്ഥാനെ തുര്‍ക്കി പലവിധത്തില്‍ പിന്തുണയ്ക്കുകയും, സഹായിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സെലബിക്കെതിരെ നടപടി വന്നത്. ഇത് തുര്‍ക്കി സ്ഥാപനത്തിന് എതിരെയുള്ള ഇന്ത്യയുടെ ആദ്യ നടപടിയാണിത്. തുര്‍ക്കി വിനോദ സഞ്ചാര കേന്ദ്രങ്ങളും, ഉത്പന്നങ്ങളും ബഹിഷ്‌കരിക്കാനുള്ള വിപുലമായ പ്രചാരണം ഒരുഭാഗത്ത് നടക്കുന്നതിടെയാണ് കേന്ദ്രസര്‍ക്കാര്‍ തലത്തിലെ ആക്ഷന്‍.

ഇന്ത്യയിലെ 9 സുപ്രധാന വിമാനത്താവളങ്ങളിലെ സേവനങ്ങളാണ് സെലെബി ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഇന്ത്യ ചെയ്യുന്നത്. ഡല്‍ഹി വിമാനത്താവളവും സെലബിയുമായുള്ള ബന്ധം വിച്ഛേദിച്ചു. അതേസമയം, തങ്ങള്‍ വ്യോമയാന സേവന രംഗത്ത് 65 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ആഗോള കമ്പനിയാണെന്ന് സെലബി ഏവിയേഷന്‍ മറുപടിയില്‍ ഓര്‍മ്മിപ്പിച്ചു. മൂന്നുഭൂഖണ്ഡങ്ങളിലും ആറുരാജ്യങ്ങളിലും ഗ്രൗണ്ട് ഹാന്‍ഡ്ലിങ്, കാര്‍ഗോ സേവനങ്ങള്‍ ചെയ്തുവരുന്നു. സെലെബിയുടെ ഇന്ത്യയിലെ ബിസിനസ് ഒരു ഇന്ത്യന്‍ സംരംഭമാണ്. നയിക്കുന്നതും പരിപാലിക്കുന്നതും ഇന്ത്യന്‍ പ്രൊഫഷണലുകളാണ്. തങ്ങള്‍ ഏതുമാനദണ്ഡപ്രകാരവും തുര്‍ക്കി സ്ഥാപനം അല്ലെന്നും ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട സുതാര്യവും പക്ഷപാതരഹിതവും രാഷ്ട്രീയ ചായ്വുകള്‍ ഇല്ലാത്തതുമായ കോര്‍പറേറ്റ് ഭരണസമ്പ്രദായം പിന്തുടരുന്ന കമ്പനിയാണെന്നും സെലെബി അവകാശപ്പെട്ടു.

തുര്‍ക്കി-പാക്കിസ്ഥാന്‍ ബന്ധം

അസര്‍ബൈജാനൊപ്പം തുര്‍ക്കിയും പാക്കിസ്ഥാനുമായി വാണിജ്യം, ബാങ്കിങ്, ടൂറിസം രംഗങ്ങളില്‍ അടുത്ത ബന്ധമുണ്ട്. ഈ മൂന്നുരാജ്യങ്ങളുടെയും സൈന്യം പരസ്പരം ആശ്രയിച്ചു കഴിയുന്നു. പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തവിടുപൊടിയാക്കിയ ശേഷവും തുര്‍ക്കി പരസ്യമായി പിന്തുണച്ചത് പാക്കിസ്ഥാനെയാണ്. തുര്‍ക്കി നിര്‍മ്മിത അസിസ്ഗാര്‍ഡ് സോങ്ഗാര്‍, ബെയ്കാഖ്തര്‍ ടിബി2 , ആളില്ലാ പോര്‍ വിമാനം എന്നിവയാണ് മെയ് 8 ന് രാത്രി പാക് സേന ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമാക്കിയുള്ള ഡ്രോണ്‍ ആക്രമണത്തില്‍ തൊടുത്തുവിട്ടത്. ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പ് തുര്‍ക്കി യുദ്ധ കപ്പല്‍ കറാച്ചി തുറമുഖത്ത് എത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ ശേഷം തുര്‍ക്കി വ്യോമസേനയുടെ സി-130 കറാച്ചിയില്‍ ലാന്‍ഡ് ചെയ്തിരുന്നു.

ജെ എന്‍ യു അടക്കം ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകള്‍ തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. ഇതിനു പുറമേയാണ് തുര്‍ക്കി ഉത്പന്ന ബഹിഷ്‌കരണം പുരോഗമിക്കുന്നത്.

പാക്കിസ്ഥാന് പൂര്‍ണ പിന്തുണയുമായി ഉര്‍ദുഗാന്‍

ബഹിഷ്‌കരണമൊക്കെ ഒരുഭാഗത്ത് നടക്കുമ്പോഴും തുര്‍ക്കി പ്രസിഡന്റ് രസപ് തയ്യിപ് ഉര്‍ദുഗാന് കുലുക്കമില്ല. ഭാവിയിലും നല്ല കാലത്തും മോശം കാലത്തും തുര്‍ക്കി സോദര രാഷ്ട്രമായ പാക്കിസ്ഥാന് ഒപ്പം നില്‍ക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനുള്ള സന്ദേശത്തില്‍ ഉര്‍ദുഗാന്‍ പറയുന്നത്.